സീസണിലെ കന്നി സെഞ്ചറിയുമായി അസ്ഹറുദ്ദീൻ; പക്ഷേ ‘ക്യാപ്റ്റൻ’ ഇന്നിങ്സുമായി വത്സൽ ഗോവിന്ദ്; ആലപ്പിയെ തകർത്ത് കൊല്ലം

3 weeks ago 6

മനോരമ ലേഖകൻ

Published: August 25, 2026 06:09 PM IST Updated: August 25, 2026 11:02 PM IST

1 minute Read

കെസിഎലിൽ ഏരീസ് കൊല്ലം സെയിലേഴ്‌സിനെതിരെ സെഞ്ചറി നേടിയ  ആലപ്പി റിപ്പിൾസ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ (KCA)
കെസിഎലിൽ ഏരീസ് കൊല്ലം സെയിലേഴ്‌സിനെതിരെ സെഞ്ചറി നേടിയ ആലപ്പി റിപ്പിൾസ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ (KCA)

തിരുവനന്തപുരം∙ കരുത്തരായ ആലപ്പി റിപ്പിൾസിനെതിരെ മിന്നും വിജയവുമായി ഏരീസ് കൊല്ലം സെയിലേഴ്സ്. മുഹമ്മദ് അസ്ഹറുദ്ദീന്റെ മിന്നൽ സെഞ്ചറിയുടെ മികവിൽ ആലപ്പി ഉയർത്തിയ 187 റൺസെന്ന കൂറ്റൻ ലക്ഷ്യം 14 പന്തുകൾ ബാക്കിനിൽക്കെ കൊല്ലം മറികടന്നു. 93 റൺസുമായി മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ വത്സൽ ഗോവിന്ദിന്റെ തകർപ്പൻ ഇന്നിങ്സാണ് കൊല്ലത്തിന് അനായാസ വിജയം സമ്മാനിച്ചത്. വത്സൽ തന്നെയാണ് പ്ലെയ‍ർ ഓഫ് ദ് മാച്ച്.

ടോസ് നേടിയ കൊല്ലം, ആലപ്പിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എം.ഡി. നിധീഷിന്റെ നേതൃത്വത്തിൽ കൊല്ലത്തിന്റെ ബോളർമാർ കണിശതയോടെ പന്തെറിഞ്ഞപ്പോൾ കരുതലോടുകൂടിയ തുടക്കമായിരുന്നു റിപ്പിൾസിന്റേത്. ആദ്യ രണ്ട് ഓവറിൽ വെറും ഒരു റൺ മാത്രമായിരുന്നു നിധീഷ് വിട്ടുകൊടുത്തത്. പവർപ്ലേ അവസാനിക്കുമ്പോൾ ഒരു വിക്കറ്റിന് 26 റൺസ് എന്ന നിലയിലായിരുന്നു റിപ്പിൾസ്.

എന്നാൽ നിലയുറപ്പിച്ചതോടെ മുഹമ്മദ് അസ്ഹറുദ്ദീനും സച്ചിൻ ബേബിയും ചേർന്ന് ആഞ്ഞടിച്ചു. രണ്ടാം വിക്കറ്റിൽ 101 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. 40 റൺസെടുത്ത സച്ചിൻ ബേബി 15-ാം ഓവറിൽ പുറത്തായി. എന്നാൽ തകർത്തടിച്ച് മുന്നേറിയ അസ്ഹറുദ്ദീൻ 51 പന്തുകളിൽ ആറ് ഫോറും ഏഴ് സിക്സുമടക്കം 100 റൺസുമായി പുറത്താകാതെ നിന്നു. നിധീഷ് എറിഞ്ഞ അവസാന ഓവറിൽ രണ്ട് സിക്സും ഒരു ഫോറും പറത്തിയാണ് അസർ കെസിഎലിലെ തന്റെ കന്നി സെഞ്ചറി പൂർത്തിയാക്കിയത്. സിബിൻ ഗിരീഷ് 14ഉം ടി.കെ.അക്ഷയ് 17ഉം റൺസെടുത്തു. കൊല്ലത്തിനു വേണ്ടി എം.ഡി. നിധീഷും വിജയ് വിശ്വനാഥും എ.ജി. അമലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലത്തിന് തുടക്കത്തിൽ തന്നെ അരുൺ പൗലോസിന്റെ വിക്കറ്റ് നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന അഭിഷേക് നായരും വത്സൽ ഗോവിന്ദും ചേർന്നുള്ള കൂട്ടുകെട്ട് കൊല്ലത്തിന്റെ വിജയത്തിന് അടിത്തറയിട്ടു. വലിയ ലക്ഷ്യത്തിന്റെ സമ്മർദ്ദങ്ങളില്ലാതെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് അനായാസം ഇന്നിങ്സ് മുന്നോട്ടു നീക്കി. 96 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്.

34 പന്തുകളിൽ 52 റൺസെടുത്ത അഭിഷേക്, അജിനാസിന്റെ പന്തിൽ സച്ചിൻ ബേബി ക്യാച്ചെടുത്ത് പുറത്തായി. പകരമെത്തിയ ആനന്ദ് കൃഷ്ണനും (12) ക്യാപ്റ്റന് മികച്ച പിന്തുണ നൽകി. സെഞ്ചറിക്ക് ഏഴ് റൺസ് അകലെ വത്സൽ പുറത്തായെങ്കിലും അതിനോടകം തന്നെ കൊല്ലം വിജയതീരത്ത് എത്തിയിരുന്നു. 53 പന്തിൽ 11 ഫോറും 3 സിക്സും അടക്കം 93 റൺസാണ് വത്സൽ നേടിയത്. 17.4 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊല്ലം ലക്ഷ്യം കണ്ടു. തുടരെ മൂന്ന് ഫോറുകൾ പായിച്ച് അർജുൻ വേണുഗോപാലാണ് ടീമിനെ വിജയത്തിലെത്തിച്ചത്. റിപ്പിൾസിനു വേണ്ടി അജിനാസ് രണ്ട് വിക്കറ്റ് വീഴ്ത്തി.

English Summary:

Aries Kollam Sailors secured a ascendant triumph against Alappuzha Ripples, chasing down a formidable people of 187 runs with 14 balls to spare. Captain Valsal Govind's stellar 93 runs and Mohammed Azharuddeen's unbeaten period were the cornerstones of this awesome win.

Read Entire Article