Published: February 07, 2026 10:10 AM IST
2 minute Read
ഹാരാരെ (സിംബാബ്‌വെ) ∙ പത്താം ക്ലാസ് പരീക്ഷയ്ക്കു ഡിഗ്രി ചോദ്യപ്പേപ്പർ ലഭിച്ച അവസ്ഥയിലായിരുന്നു ഇന്നലെ ഹാരാരെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ഇംഗ്ലിഷ് താരങ്ങൾ. ടൂർണമെന്റിലുടനീളം അപരാജിത കുതിപ്പുനടത്തി ഫൈനലിൽ കടന്ന ഇംഗ്ലണ്ട്, കളിയിലും കടലാസിലും ഇന്ത്യയ്ക്കൊത്ത എതിരാളികളായിരുന്നു. എന്നാൽ വൈഭവ് സൂര്യവംശിയെന്ന ഔട്ട് ഓഫ് സിലബസ് ചോദ്യത്തിനു മുന്നിൽ അന്തംവിട്ടു നിൽക്കാൻ മാത്രമായിരുന്നു അവരുടെ വിധി! ബൗൺസർ എറിഞ്ഞാൽ അപ്പർ കട്ടും പുള്ളും, ഗുഡ് ലെങ്ത്തിൽ എറിഞ്ഞാൽ സ്ലോഗ് സിക്സറുകൾ, ഓഫ് സൈഡിൽ എറിഞ്ഞാൽ കലക്കൻ കട്ട് ഷോട്ടുകൾ, സ്പിന്നർമാർക്കെതിരെ നടന്നും കിടന്നും അടി; തൊട്ടതെല്ലാം പൊന്നാക്കി മാത്രം ശീലമുള്ള വൈഭവിന്റെ കരിയർ ബെസ്റ്റ് ഇന്നിങ്സായിരുന്നു ഇന്നലെ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ കണ്ടത്. ആ കരുത്തിൽ ഇന്ത്യ അടിച്ചുകൂട്ടിയത് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 411 റൺസ്. മറുപടി ബാറ്റിങ്ങിൽ കാലബ് ഫാൽക്കനറുടെ (67 പന്തിൽ 115) ചെറുത്തുനിൽപിന് ഇംഗ്ലണ്ടിനെ 311 റൺസ് വരെ എത്തിക്കാനേ സാധിച്ചുള്ളൂ. സ്കോർ: ഇന്ത്യ 50 ഓവറിൽ 9ന് 411. ഇംഗ്ലണ്ട് 40.2 ഓവറിൽ 311ന് പുറത്ത്. ഇന്ത്യയ്ക്കു 100 റൺസ് വിജയം. ടൂർണമെന്റിലുടനീളം തകർത്തടിച്ച വൈഭവ് തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും പ്ലെയർ ഓഫ് ദ് ടൂർണമെന്റും.
അടിയാഘോഷം
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയ്ക്കു (53) ധൈര്യം നൽകിയത് വൈഭവിന്റെ സാന്നിധ്യമായിരുന്നു. ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ ആരോൺ ജോർജിനെ (9) നഷ്ടപ്പെട്ട ഇന്ത്യയെ മത്സരത്തിലേക്കു തിരികെക്കൊണ്ടുവന്നത് രണ്ടാം വിക്കറ്റിൽ മാത്രെയും വൈഭവും ചേർന്നു നേടിയ 142 റൺസാണ്. പതിവിനു വിപരീതമായി കരുതലോടെ തുടങ്ങിയ വൈഭവ്, നിലയുറപ്പിച്ചതിനു പിന്നാലെയാണ് പവർ ഹിറ്റിങ് തുടങ്ങിയത്. 55 പന്തിൽ സെഞ്ചറി തികച്ച താരം 80 പന്തിൽ അടിച്ചെടുത്തത് 15 വീതം സിക്സും ഫോറുമടക്കം 175 റൺസ്. ബൗണ്ടറികളിലൂടെ മാത്രം 150 റൺസ്! ഒരു ഘട്ടത്തിൽ, അനായാസം 400 റൺസും മനസ്സുവച്ചാൽ 500 റൺസും വരെ നേടാമെന്നു തോന്നിച്ച സമയത്താണ് വൈഭവിന്റെ പുറത്താകൽ. 26–ാം ഓവറിൽ വൈഭവ് മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ 250ൽ എത്തിയിരുന്നു. പിന്നാലെ റൺനിരക്ക് പിടിച്ചുനിർത്തിയ ഇംഗ്ലണ്ട്, തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും വേദാന്ത് ത്രിവേദി (32), വിഹാൻ മൽഹോത്ര (30), അഭിഗ്യാൻ കുണ്ഡു (40), കനിഷ്ക് ചൗഹാൻ (37 നോട്ടൗട്ട്) തുടങ്ങി ഇന്ത്യൻ മധ്യനിര ഒന്നാകെ താളം കണ്ടെത്തിയതോടെ സ്കോർ അനായാസം 400 കടന്നു.
മറുപടി ബാറ്റിങ്ങിൽ എങ്ങനെ തുടങ്ങണമെന്നറിയാതെ കുഴങ്ങിയ ഇംഗ്ലണ്ട്, ആദ്യ 2 ഓവറുകളും മെയ്ഡൻ വഴങ്ങി. ഓപ്പണർ ജോസഫ് മോർസിനെ (17) നഷ്ടമായതോടെ ഇനി രണ്ടും കൽപിച്ച് ആക്രമിക്കാമെന്നതായിരുന്നു ഇംഗ്ലണ്ടിന്റെ തീരുമാനം. ബെൻ ഡോകിൻസ് (66), ബെൻ മയേഴ്സ് (45) എന്നിവർ നൽകിയ തുടക്കം ഇംഗ്ലണ്ടിനു നേരിയ പ്രതീക്ഷ നൽകിയെങ്കിലും ശക്തമായി തിരിച്ചടിച്ച ഇന്ത്യൻ ബോളർമാർ ഇംഗ്ലണ്ടിനെ 7ന് 177 എന്ന സ്കോറിൽ തളച്ചു. 8–ാം വിക്കറ്റിൽ ജയിംസ് മിന്റോയ്ക്കൊപ്പം (28) 92 റൺസ് കൂട്ടിച്ചേർത്ത് കൈലബ് ഫാൽക്കനർ (115) നടത്തിയ അപ്രതീക്ഷിത ചെറുത്തുനിൽപ് ഇന്ത്യയെ അൽപമൊന്നു പ്രതിരോധത്തിലാക്കിയെങ്കിലും മുന്നിലുള്ള റൺമല കടക്കാൻ അതു പോരായിരുന്നു.
English Summary:







English (US) ·