സൂര്യയും അഭിഷേകുമല്ല; ലോകകപ്പിലെ ഇന്ത്യയുടെ കാത്തിരിപ്പ് സഞ്ജു അവസാനിപ്പിക്കും: പിന്തുണച്ച് മുൻ ഇന്ത്യൻ താരം

1 month ago 7

ഓൺലൈൻ ഡെസ്ക്

Published: January 29, 2026 05:03 PM IST

1 minute Read


ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ പുറത്തായ സഞ്ജു സാംസൺ‌ നിരാശയോടെ ഗ്രൗണ്ട് വിടുന്നു.  (PTI Photo/Karma Bhutia)
ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ പുറത്തായ സഞ്ജു സാംസൺ‌ നിരാശയോടെ ഗ്രൗണ്ട് വിടുന്നു. (PTI Photo/Karma Bhutia)

Follow Us

Facebook

WhatsApp

മുംബൈ∙ ട്വന്റി20 ക്രിക്കറ്റിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സഞ്ജു സാംസണിനു പിന്തുണയുമായി മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ട്വന്റി20 ലോകകപ്പിൽ ഒരു സെഞ്ചറിക്കായുള്ള ഇന്ത്യയുടെ 16 വര്‍ഷത്തെ കാത്തിരിപ്പ് സഞ്ജു അവസാനിപ്പിക്കുമെന്ന് സുരേഷ് റെയ്ന പ്രതികരിച്ചു. ട്വന്റി20 ലോകകപ്പിൽ സെഞ്ചറി നേടിയ ഏക ഇന്ത്യൻ താരമാണു സുരേഷ് റെയ്ന, 16 വർഷം മുൻപായിരുന്നു റെയ്നയുടെ സെഞ്ചറി നേട്ടം. ഈ വർഷം സെഞ്ചറിനേട്ടക്കാരുടെ പട്ടികയിൽ സഞ്ജു സാംസണിനും ഇടം ലഭിക്കുമെന്ന് റെയ്ന ഒരു ചർച്ചയ്ക്കിടെ പ്രതികരിച്ചു.

ട്വന്റി20 ലോകകപ്പില്‍ അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണിങ് ബാറ്ററായി കളിക്കുന്ന സഞ്ജുവാണ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ. ലോകകപ്പിൽ ആരായിരിക്കും സെഞ്ചറി നേടുകയെന്ന ചോദ്യം ഉയർന്നപ്പോൾ സഞ്ജുവിന്റെ പേരു പറയാൻ റെയ്നയ്ക്ക് ആലോചിക്കേണ്ടി വന്നില്ല. ‘‘സഞ്ജുവാണ് ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത്. സെഞ്ചറി നേടാനുള്ള മികവ് അദ്ദേഹത്തിനുണ്ട്. ദക്ഷിണാഫ്രിക്കയിൽ രണ്ട് സെഞ്ചറികൾ അദ്ദേഹം നേടിക്കഴിഞ്ഞു. അഭിഷേക് ശർമയും ഇഷാൻ കിഷനും ലോകകപ്പിലുണ്ട്. അവർക്കും സെഞ്ചറി നേടാനുള്ള മികവുണ്ട്. പക്ഷേ ഞാൻ സഞ്ജുവിനെയാണു തിരഞ്ഞെടുക്കുക.’’– റെയ്ന പറഞ്ഞു.

‘‘ഫോം എന്നതു താൽക്കാലികം മാത്രമാണ്. സഞ്ജുവിന് ക്ലാസ് ഉണ്ട്. ഇന്ത്യയ്ക്കു വേണ്ടിയും അല്ലാതെയും അദ്ദേഹം കുറെ വർഷങ്ങളായി സ്കോർ കണ്ടെത്തുന്നു. ട്വന്റി20യിൽ അത്രയേറെ റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. സൂര്യകുമാർ യാദവിനെ നോക്കൂ. ഏകദേശം ഒരു വർഷത്തോളം അദ്ദേഹം മികച്ച സ്കോറുകൾ കണ്ടെത്താൻ ബുദ്ധിമുട്ടി. പക്ഷേ പരിശീലകൻ ഗൗതം ഗംഭീർ അദ്ദേഹത്തെ പിന്തുണച്ചു. അതേ സമീപനമാണ് സഞ്ജുവിന്റെ കാര്യത്തിലും വേണ്ടത്. അവസരം നൽകുന്നതു തുടർന്നാൽ തീര്‍ച്ചയായും അദ്ദേഹം തിളങ്ങും.’’– സുരേഷ് റെയ്ന വ്യക്തമാക്കി.

ന്യൂസീലൻഡിനെതിരായ ആദ്യ നാലു മത്സരങ്ങളിൽനിന്ന് 40 റൺസാണ് സഞ്ജു ആകെ നേടിയത്. തിലക് വർമ പരുക്കു മാറി തിരിച്ചെത്തുമ്പോൾ ഇഷാൻ കിഷനെ അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണിങ് ബാറ്ററാക്കി സഞ്ജുവിനെ പുറത്താക്കണമെന്ന് ആവശ്യമുയർന്നുകഴിഞ്ഞു. എങ്കിലും ലോകകപ്പിലും സഞ്ജു– അഭിഷേക് സഖ്യം തന്നെ ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

English Summary:

Sanju Samson is receiving enactment from erstwhile Indian subordinate Suresh Raina amidst struggles successful T20 cricket. Raina believes Samson has the imaginable to extremity India's 16-year hold for a period successful the T20 World Cup.

Read Entire Article