സെഞ്ചറി നേടി റിട്ടയേർഡ് ഔട്ട്, വീണ്ടും തിരിച്ചെത്തി മലയാളി താരം, അവസാന ഓവറിൽ നാലു സിക്സുകൾ തൂക്കി ഗുർനൂർ!

1 month ago 5

മനോരമ ലേഖകൻ

Published: August 08, 2026 03:00 PM IST Updated: August 08, 2026 08:41 PM IST

2 minute Read

സെഞ്ചറി നേടിയ ദേവ്ദത്ത് പടിക്കലിന്റെ ആഹ്ലാദം. ചിത്രം∙ ബിസിസിഐ
സെഞ്ചറി നേടിയ ദേവ്ദത്ത് പടിക്കലിന്റെ ആഹ്ലാദം. ചിത്രം∙ ബിസിസിഐ

കൊളംബോ∙ ശ്രീലങ്ക ക്രിക്കറ്റ് ഇലവനെതിരായ സന്നാഹ മത്സരത്തില്‍ രണ്ടാം ദിനം കളി നിർത്തിയപ്പോൾ 90 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 357 റൺസെന്ന നിലയില്‍ ഇന്ത്യ. സെഞ്ചറി നേടി റിട്ടയേർഡ് ഔട്ടായ ശേഷം തിരിച്ചെത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കൽ 164 പന്തിൽ 142 റൺസും വാലറ്റത്ത് ഗുർനൂർ ബ്രാർ 18 പന്തിൽ 36 റൺസും എടുത്തു പുറത്താകാതെ നിന്നു. രണ്ടാം ദിനം അവസാന ഓവറില്‍ ശ്രീലങ്കൻ താരം തിലകരത്നെയ്ക്കെതിരെ ഗുർനൂർ ബ്രാർ നാലു സിക്സുകൾ ബൗണ്ടറി കടത്തി. രണ്ടാം ദിനം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഇന്ത്യയ്ക്കായി ബാറ്റിങ്ങിന് ഇറങ്ങിയില്ല.

What you should work next

സെഞ്ചറി നേടിയ ദേവ്ദത്ത് പടിക്കൽ 18 ഫോറുകളാണു ബൗണ്ടറി കടത്തിയത്. രവീന്ദ്ര ജഡേജ (117 പന്തിൽ 63), മാനവ് സുതാർ (90 പന്തിൽ 41), കെ.എൽ. രാഹുൽ (67 പന്തിൽ 40), സരൻഷ് ജെയിൻ (45 പന്തിൽ 22) എന്നിവരാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ. ഇന്നിങ്സിന്റെ രണ്ടാം പന്തില്‍ ഒരു റണ്ണെടുക്കും മുൻപേ ഇന്ത്യയ്ക്ക് ഓപ്പണർ യശസ്വി ജയ്സ്വാളിനെ നഷ്ടമായിരുന്നു. വിശ്വ ഫെർണാണ്ടോയുടെ പന്തിൽ തിലകരത്നെ ക്യാച്ചെടുത്താണ് ജയ്സ്വാളിനെ പുറത്താക്കുന്നത്. പിന്നീട് കെ.എൽ. രാഹുലും ദേവ്ദത്ത് പടിക്കലും ചേർന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു. സ്കോർ 96ൽ നിൽക്കെ രാഹുലിനെ കേഷാര നുവാന്ത ബോൾഡാക്കുകയായിരുന്നു. സ്കോർ 168ൽ നിൽക്കെ പടിക്കലും മടങ്ങി. പിന്നാലെയെത്തിയ ഋഷഭ് പന്ത് (രണ്ട്), ധ്രുവ് ജുറേൽ (ഒന്ന്) എന്നിവരെ രമേഷ് മെൻഡിസ് പുറത്താക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി.

What you should work next

അർധ സെഞ്ചറി നേടിയ രവീന്ദ്ര ജഡേജ റിട്ടയേർഡ് ഔട്ടായാണു ഗ്രൗണ്ട് വിട്ടത്. എന്നാൽ നേരത്തേ റിട്ടേർഡ് ഔട്ടായ ദേവ്ദത്ത് പടിക്കല്‍ വീണ്ടും ബാറ്റിങ്ങിനിറങ്ങിയതും ഗുർനൂർ ബ്രാർ, സരാൻഷ് ജെയിൻ എന്നിവരും പ്രകടനങ്ങളും ഇന്ത്യയെ 300 കടത്തി. ശ്രീലങ്കയ്ക്കായി രമേഷ് മെൻഡിസ്, അസങ്ക മനോജ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ ശ്രീലങ്ക എട്ടു വിക്കറ്റ് നഷ്ടത്തിൽ 363 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ‌ ചെയ്തിരുന്നു.സ്പിന്നർമാർക്കു മികച്ച പിന്തുണ ലഭിക്കുമെന്നും ബാറ്റിങ് ദുഷ്കരമാകുമെന്നും പ്രതീക്ഷിച്ച പിച്ചിൽ 3 ലങ്കൻ താരങ്ങൾ അർധ സെഞ്ചറി നേടി. 2 വിക്കറ്റ് വീതം വീഴ്ത്തിയ കുൽദീപ് യാദവ്, മാനവ് സുതാർ, രവീന്ദ്ര ജഡേജ എന്നിവർ പ്രതീക്ഷ നൽകിയെങ്കിലും ലങ്കൻ ആഭ്യന്തര താരങ്ങളെ പിടിച്ചുകെട്ടാൻ സാധിക്കാതിരുന്നത് ഇന്ത്യൻ ബോളിങ് നിരയുടെ ദൗർബല്യം തുറന്നുകാട്ടി. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക ഇലവനു മിന്നും തുടക്കമാണ് ഓപ്പണർമാരായ നിഷാൻ മധുഷങ്ക (66)– രവിന്ദു രസൻഥ (77) സഖ്യം നൽകിയത്. ഏകദിന ശൈലിയിൽ ബാറ്റു ചെയ്ത ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 124 പന്തിൽ നേടിയത് 110 റൺസ്. പേസർമാരായ പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും നിരാശപ്പെടുത്തിയപ്പോൾ റണ്ണൗട്ടിലൂടെയാണ് ഇന്ത്യ ആദ്യ വിക്കറ്റ് കണ്ടെത്തിയത്. പേസർമാരിൽ ഗുർനൂർ ബ്രാറിനു മാത്രമാണ് വിക്കറ്റ് നേടാൻ സാധിച്ചത്. രണ്ടാം വിക്കറ്റിൽ 61 റൺസും മൂന്നാം വിക്കറ്റിൽ 30 റൺസും നാലാം വിക്കറ്റിൽ 45 റൺസും ചേർത്ത ലങ്കൻ താരങ്ങൾ, ഒരു ഘട്ടത്തിൽ 4ന് 250 എന്ന നിലയിലായിരുന്നു. അർധ സെ‍ഞ്ചറി നേടിയ സൊനാൽ ദിനുഷയാണ് (52) മധ്യനിരയിൽ ലങ്കൻ ബാറ്റിങ്ങിനെ നിയന്ത്രിച്ചത്.

ഇതോടെ, ആദ്യ ദിനം ലങ്ക അനായാസം 400നു മുകളിൽ സ്കോർ ചെയ്യുമെന്നു തോന്നിച്ചെങ്കിലും അവസാന സെഷനിൽ ഇന്ത്യൻ സ്പിന്നർമാർ തിരിച്ചുവന്നു. രണ്ടാം സ്പെല്ലിൽ താളം കണ്ടെത്തിയ കുൽദീപാണ് ഇന്ത്യയുടെ തിരിച്ചടിക്കു നേതൃത്വം നൽകിയത്. പിന്നാലെ മാനവ് സുതാറും ജഡേജയും മികവുകാട്ടിയതോടെ ആദ്യദിനം ലങ്ക 8ന് 363ൽ അവസാനിപ്പിച്ചു. ഫസ്റ്റ് ക്ലാസ് മത്സരമല്ലാത്തതിനാൽ ഇരു ടീമുകൾക്കും ആദ്യ ഇന്നിങ്സിൽ 90 ഓവർ വീതവും അവസാന ഇന്നിങ്സിൽ 45 ഓവർ വീതവും ബാറ്റു ചെയ്യാൻ അവസരം ലഭിക്കും. പരുക്കുമൂലം വിശ്രമത്തിൽ തുടരുന്ന ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനു പകരം കെ.എൽ.രാഹുലിന്റെ നേതൃത്വത്തിലാണ് ടീം ഇന്ത്യ ഇറങ്ങിയത്.

English Summary:

India vs Sri Lanka Cricket Eleven Match, Day Two Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article