Published: September 18, 2026 10:16 AM IST
1 minute Read
ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ നടത്തിയ ‘റണ്ണഭിഷേകത്തിൽ’ റെക്കോർഡുകൾ കടപുഴകി. 30 പന്തിൽ സെഞ്ചറി തികച്ച അഭിഷേക്, രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചറിയെന്ന റെക്കോർഡ് സ്വന്തമാക്കി. സെഞ്ചറി നേട്ടത്തിനു പിന്നാലെ താരത്തിന്റെ ആഘോഷപ്രകടനവും ശ്രദ്ധ പിടിച്ചുപറ്റി.
What you should work next
ഹെൽമറ്റ് ഊരിമാറ്റി, തറയിൽ ചമ്രം പടിഞ്ഞിരുന്ന് ധ്യാനിക്കുന്ന (മെഡിറ്റേഷൻ) രീതിയിലായിരുന്നു അഭിഷേകിന്റെ സെലിബ്രേഷൻ. നോർവേ ഫുട്ബോൾ താരം എർലിങ് ഹാളണ്ടിന്റെ പ്രശസ്തമായ ആഘോഷത്തെയാണ് അഭിഷേക് അനുകരിച്ചതെന്നായിരുന്നു ആരാധകരുടെ ധാരണ. എന്നാൽ അഭിഷേകിന്റെ ഈ സെലിബ്രേഷിനു പിന്നിലെ കാരണം തികച്ചും വ്യക്തിപരമായിരുന്നു.
അഭിഷേകിന്റെ ആഘോഷരീതിയും താരത്തിന്റെ മെന്ററായ മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങും തമ്മിലുള്ള ഒരു ബന്ധവും ആരാധകർ കണ്ടെത്തി. ഇരുവരും സമാനമായ രീതിയിൽ ധ്യാനത്തിൽ ഇരിക്കുന്ന ഒരു പഴയ ചിത്രം വീണ്ടും പ്രചരിക്കുകയും ചെയ്തു. അഭിഷേകിന്റെ വളർച്ചയിൽ യുവരാജ് വളരെ പ്രധാനപ്പെട്ട ഒരു പങ്കാണ് വഹിച്ചിട്ടുള്ളത്. തന്റെ കരിയറിനെ വഴിനടത്തിയതിന് യുവരാജിനോടുള്ള കടപ്പാട് അഭിഷേക് പലപ്പോഴും പ്രകടിപ്പിച്ചിട്ടുമുണ്ട്.
എന്നാൽ ഈ ആഘോഷം യുവിയോടുള്ള ആദരസൂചകമായി മാത്രം ചെയ്തതായിരുന്നില്ല. വർഷം മുഴുവൻ ക്രിക്കറ്റ് കളിക്കുമ്പോൾ ഉണ്ടാകുന്ന ഉയർച്ച താഴ്ചകളെ നേരിടാൻ പഠിച്ചതിന്റെ ഭാഗമായി ധ്യാനവും മാനിഫെസ്റ്റേഷനും (ആഗ്രഹങ്ങൾ മനസ്സിൽ ഉറപ്പിക്കൽ) ഇപ്പോൾ തന്റെ ദിനചര്യയുടെ പ്രധാന ഭാഗമായി മാറിയിട്ടുണ്ടെന്ന് മത്സരത്തിന് ശേഷം അഭിഷേക് വ്യക്തമാക്കി.
‘‘കഴിഞ്ഞ ഒരു വർഷത്തോളമായി ഞാൻ ഇത് ചെയ്യുന്നുണ്ട്. ഞാൻ മെഡിറ്റേഷനിലും മാനിഫെസ്റ്റേഷനിലും ഒരുപാട് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കാരണം വർഷം മുഴുവൻ ക്രിക്കറ്റ് കളിക്കുമ്പോൾ ഒരു ക്രിക്കറ്റർ എന്ന നിലയിൽ ഒരുപാട് ഉയർച്ച താഴ്ചകൾ ഉണ്ടാകും. അങ്ങനെയുള്ള സാഹചര്യങ്ങളിൽ നമ്മുടെ മനസ്സിനെ എങ്ങനെ സ്ഥിരതയുള്ളതാക്കി നിർത്താം? ധ്യാനം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. കഴിഞ്ഞ ആറോ എട്ടോ മാസമായി ഇത് എന്നെ എത്രത്തോളം സഹായിച്ചിട്ടുണ്ടെന്ന് മറ്റേതെങ്കിലും ക്രിക്കറ്റർ കണ്ട് മനസ്സിലാക്കട്ടെ എന്ന് ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് മാത്രമാണ് ഞാൻ അങ്ങനെ ആഘോഷിച്ചത്, ഇതാണ് എന്നെ ശാന്തനായി നിലനിർത്തുന്നത്.’’– അഭിഷേക് പറഞ്ഞു.
34 പന്തിൽ 108 റൺസ് നേടിയ അഭിഷേകിന്റെ ബാറ്റിങ് കരുത്തിൽ അഫ്ഗാനെതിരെ 127 റൺസ് ജയവുമായി ഇന്ത്യ 3 മത്സര പരമ്പര തൂത്തുവാരി. അഭിഷേകിന്റെയും അർധ സെഞ്ചറി നേടിയ സഞ്ജു സാംസണിന്റെയും (35 പന്തിൽ 50) മികവിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 221 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 14.1 ഓവറിൽ 94ന് ഓൾഔട്ടായി. സ്കോർ: ഇന്ത്യ 7ന് 221. അഫ്ഗാൻ 14.1 ഓവറിൽ 94ന് പുറത്ത്. അഭിഷേക് ശർമയാണ് പ്ലെയർ ഓഫ് ദ് മാച്ചും പ്ലെയർ ഓഫ് ദ് സീരിസും.
English Summary:






English (US) ·