സെമി ഫൈനലിൽ പൊരുതിവീണ് ട്രീസ ജോളിയും ഗായത്രിയും; ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വെങ്കലം

4 weeks ago 4

ഓൺലൈൻ ഡെസ്ക്

Published: August 22, 2026 06:54 PM IST

1 minute Read

 X@BadmintonMedia
ഗായത്രി ഗോപീചന്ദും ട്രീസ ജോളിയും. Photo: X@BadmintonMedia

ന്യൂഡൽഹി∙ ലോക ബാഡ്മിന്റന്‍ ചാംപ്യൻഷിപ്പ് വനിതാ ഡബിൾസിൽ ഇന്ത്യയ്ക്കു വെങ്കലം. സെമി ഫൈനലിൽ ഇന്ത്യയുടെ ട്രീസാ ജോളി– ഗായത്രി ഗോപിചന്ദ് സഖ്യം ഒന്നാം റാങ്കുകാരായ ചൈനയുടെ ലിയു ഷെങ്ഷു– ടാൻ നിങ് സഖ്യത്തോടാണു പൊരുതിത്തോറ്റത്. ഫൈനലിൽ ചൈനീസ് താരങ്ങൾ ദക്ഷിണ കൊറിയയുടെ ബേയ്ക് ഹാ നാ– ലീ സോ ഹീ സഖ്യത്തെ നേരിടും. ആദ്യ ഗെയിം നേടിയ ശേഷമാണ് ഇന്ത്യൻ താരങ്ങൾ മത്സരത്തിൽ പിന്നോട്ടു പോയത്. ചൈനീസ് സഖ്യം ശക്തമായി മത്സരത്തിലേക്കു തിരികെയെത്തുകയായിരുന്നു.

സ്കോർ– 21–18,13–21, 8–21. രണ്ടും മൂന്നും ഗെയിമുകളിൽ ഇന്ത്യൻ സഖ്യത്തിനെതിരെ മേധാവിത്തം സ്ഥാപിക്കാൻ ചൈനയ്ക്കു സാധിച്ചു. 15 വർഷത്തിനു ശേഷമാണ് ഇന്ത്യ വനിതാ ഡബിൾസ് ലോക ചാംപ്യൻഷിപ്പിൽ മെഡല്‍ വിജയിക്കുന്നത്. 2011 ൽ ജ്വാല ഗുട്ട– അശ്വിനി പൊന്നപ്പ എന്നിവരും വനിതാ ഡബിൾസിൽ വെങ്കല മെഡൽ സ്വന്തമാക്കിയിരുന്നു. ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ജിയാ യി ഫാൻ, ഷാങ് ഷു സിയാൻ സഖ്യത്തെ പൊരുതിത്തോൽപ്പിച്ചാണ് നേരത്തേ ട്രീസയും ഗായത്രിയും മെഡലുറപ്പിച്ചത്. ഒരു മണിക്കൂറും ഒൻപത് മിനിറ്റും നീണ്ട കഠിനപോരാട്ടത്തിനൊടുവിലാണ് 16-21, 21-15, 21-13 എന്ന സ്കോറിന് ഇവർ വിജയം പിടിച്ചെടുത്തത്.

ചാംപ്യൻഷിപ്പ് മെഡൽ വിജയിക്കുന്ന ആദ്യ മലയാളി വനിതാ താരമാണ് ട്രീസ ജോളി. ട്രീസയും ഗായത്രിയും നേരത്തെ 2022, 2023 വർഷങ്ങളിൽ തുടർച്ചയായി ഓൾ ഇംഗ്ലണ്ട് ഓപ്പണിന്റെ സെമിഫൈനലിൽ എത്തിയിട്ടുണ്ട്. 2022ലെ കോമൺവെൽത്ത് ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഇവർ കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ ലോക റാങ്കിങ്ങിൽ ആദ്യ പത്തിലും ഇടംപിടിച്ചിരുന്നു.

എന്നാൽ ഈ വർഷം ആദ്യം, ഏഷ്യൻ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിനും ഊബർ കപ്പിനും മുന്നോടിയായുള്ള പരിശീലനത്തിനിടെ മലയാളിയായ ട്രീസയ്ക്ക് കണങ്കാലിന് പരുക്കേറ്റു. പരിശീലനത്തിനിടയിൽ അബദ്ധത്തിൽ ഗായത്രിയുടെ കാലിൽ ചവിട്ടിയതിനെത്തുടർന്ന് കണങ്കാൽ തിരിയുകയായിരുന്നു. പരുക്കിൽനിന്ന് മുക്തയായി, ഇന്തോനീഷ്യ ഓപ്പണിലൂടെയാണ് ട്രീസയും ഗായത്രിയും കോർട്ടിലേക്ക് തിരിച്ചെത്തിയത്. തുടർന്ന് യുഎസ് ഓപ്പണിൽ കളിച്ച ഇവർ, ഈ മാസം ആദ്യം ഫിലിപ്പീൻ ഇന്റർനാഷനൽ ചലഞ്ചിൽ കിരീടം ചൂടുകയും ചെയ്തു.

English Summary:

India Clinch Bronze successful World Badminton Championships Women's Doubles

Read Entire Article