Published: March 04, 2026 02:18 PM IST Updated: March 04, 2026 02:34 PM IST
1 minute Read
മുംബൈ ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുൽക്കറുടെ വിവാഹാഘോഷങ്ങൾക്കു തുടക്കം. അർജുനും സാനിയ ചന്ദോക്കുമായുള്ള വിവാഹം നാളെയാണ്. പ്രധാനചടങ്ങുകൾക്ക് മുന്നോടിയായുള്ള മെഹന്തി, സംഗീത് ചടങ്ങ് ചൊവ്വാഴ്ച മുംബൈയിലെ റോയൽ വെസ്റ്റേൺ ഇന്ത്യ ടർഫ് ക്ലബ്ബിൽ നടന്നു. ഐവറി തീമിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് പ്രതിശ്രുത ദമ്പതികൾ ചടങ്ങളിൽ പങ്കെടുത്തത്. സച്ചിൻ തെൻഡുൽക്കറും ഭാര്യ അഞ്ജലിയും മകൾ സാറയും മനോഹരമായ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചകൊണ്ടുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ആത്യാഡംബരമായി നടന്ന ചടങ്ങിൽ ഇരു കുടുംബങ്ങളുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായിയുവരാജ് സിങ്, ഹർഭജൻ സിങ്, സഹീർ ഖാൻ, ഇർഫാൻ പഠാൻ, യൂസഫ് പഠാൻ, രവി ശാസ്ത്രി, അജിത് അഗാർക്കർ ഉൾപ്പെടെയുള്ളവരും എത്തി. ശതകോടീശ്വരൻ മുകേഷ് അംബാനിയും നിത അംബാനിയും ചടങ്ങുകളിൽ സജീവമായിരുന്നു. എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെയും കുടുംബവും ആഘോഷങ്ങളിൽ പങ്കുചേർന്നു.
പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളാണ് സാനിയ ചന്ദോക്ക്. കഴിഞ്ഞവർഷം ഓഗസ്റ്റിലായിരുന്നു അർജുനും സാനിയയും തമ്മിലുള്ള വിവാഹ നിശ്ചയം. ഫെബ്രുവരി അവസാന വാരം അംബാനി കുടുംബത്തിന്റെ ആതിഥേയത്വത്തിൽ ഗുജറാത്തിലെ ജാംനഗറിലെ റിലയൻസ് എസ്റ്റേറ്റിൽ വച്ച് പ്രീ-വെഡിങ് പൂജയും പ്രൗഢഗംഭീരമായ ചടങ്ങുകളും നടന്നിരുന്നു.
നാളെ നടക്കുന്ന വിവാഹച്ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് പ്രവേശനം. വിരാട് കോലി, ശുഭ്മാൻ ഗിൽ, എം.എസ്. ധോണി, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ പ്രതിപക്ഷ നേതാവ് തുടങ്ങിയവരെ സച്ചിനും കുടുംബവും ക്ഷണിച്ചിട്ടുണ്ട്. സാനിയയുടെ കുടുംബത്തിന് പങ്കാളിത്തമുള്ള ഇന്റർകോണ്ടിനെന്റൽ ഹോട്ടലിലാകും വിവാഹമെന്നാണ് റിപ്പോർട്ട്.
ആഭ്യന്തര ക്രിക്കറ്റിൽ ഗോവയുടെ താരമായ അർജുൻ, കഴിഞ്ഞ സീസൺ വരെ ഐപിഎലിൽ മുംബൈ ഇന്ത്യൻസിലാണ് കളിച്ചിരുന്നത്. എന്നാൽ നാമമാത്രമായ അവസരങ്ങൾ മാത്രമാണ് സൂപ്പർ താരങ്ങൾ തിങ്ങിനിറഞ്ഞ മുംബൈയിൽ അർജുന് ലഭിച്ചത്. ലക്നൗവിലേക്കു മാറിയതോടെ ഐപിഎലിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അർജുൻ.
വ്യവസായ പ്രമുഖനായ രവി ഘായിയുടെ കൊച്ചുമകളാണ് സംരംഭകയായ സാനിയ ചന്ദോക്ക്. മുംബൈ ആസ്ഥാനമായി മൃഗപരിപാലന രംഗത്ത് പ്രവർത്തിക്കുന്ന മിസ്റ്റർ പോസ് പെറ്റ് സ്പാ ആൻഡ് സ്റ്റോർ ലിമിറ്റഡ് ലയബിലിറ്റി പാർട്നർഷിപ്പിന്റെ സ്ഥാപക ഡയറക്ടറാണ് സാനിയ. പ്രശസ്ത ബിസിനസ് കുടുംബത്തിലെ അംഗവും ബിസിനസ് രംഗത്ത് സജീവവുമാണെങ്കിലും, സാനിയ പൊതുവേദികളിൽ അത്ര സുപരിചിതയല്ല.
English Summary:







English (US) ·