‘സെൻസിബിൾ’ സഞ്ജു, വീണ്ടും രക്ഷകൻ; ഡൽഹിയെ വീഴ്ത്തി ചെന്നൈ; സീസണിലെ മൂന്നാം പ്ലെയർ ഓഫ് ദ് മാച്ചുമായി ‘ചേട്ടൻ’

3 weeks ago 5

ഓൺലൈൻ ഡെസ്‌ക്

Published: May 05, 2026 11:29 PM IST

2 minute Read

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ അർധസെഞ്ചറി നേടിയ ചെന്നൈ താരം സഞ്ജു സാംസൺ.  (PTI Photo/Gurinder Osan)
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ അർധസെഞ്ചറി നേടിയ ചെന്നൈ താരം സഞ്ജു സാംസൺ. (PTI Photo/Gurinder Osan)

ന്യൂ‍ഡൽഹി ∙ സഞ്ജു സാംസൺ ഒരിക്കൽ കൂടി രക്ഷകനായപ്പോൾ നിർണായകമത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ വീഴ്ത്തി ചെന്നൈ സൂപ്പർ കിങ്സ്. ഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ടു വിക്കറ്റിനാണ് ചെന്നൈയുടെ ജയം. ഡൽഹി ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 17.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ മറികടന്നു. അർധസെഞ്ചറി നേടിയ സഞ്ജു സാംസൺ (52 പന്തിൽ 87*), കാർത്തിക് ശർമ (31 പന്തിൽ 41*) എന്നിവർ ചേർന്നാണ് ചെന്നൈയെ അനായാസ ജയത്തിലെത്തിച്ചത്. ജയത്തോടെ പത്തു പോയിന്റുമായി ചെന്നൈ പ്ലേഓഫ് പ്രതീക്ഷ കൂടുതൽ സജീവമാക്കി. എട്ടു പോയിന്റുള്ള ഡൽഹി ഏഴാമതാണ്.

കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ തിളങ്ങാൻ സാധിക്കാതിരുന്ന സഞ്ജു, ‘മാച്ച് വിന്നിങ്’ ഫിഫ്റ്റിയുമായി വീണ്ടും ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു. സീസണിൽ ഡൽഹിക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ സഞ്ജു സെഞ്ചറി നേടിയിരുന്നു. സീസണിൽ ആകെ 402 റൺസ് നേടിയ സഞ്ജു, റൺവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് എത്തുകയും ചെയ്തു. മത്സരത്തിൽ പ്ലെയർ ഓഫ് ദ് മാച്ചായ സഞ്ജു, സീസണിൽ മൂന്നാം തവണയാണ് പുരസ്കാരം സ്വന്തമാക്കുന്നത്.

മറുപടി ബാറ്റിങ്ങിൽ, പവർപ്ലേയിൽ തന്നെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിനെ (13 പന്തിൽ 6) ചെന്നൈയ്ക്കു നഷ്ടമായി. പിന്നീടെത്തിയ ഉർവിൽ പട്ടേൽ (9 പന്തിൽ 17) രണ്ടു സിക്സുമായി നന്നായി തുടങ്ങിയെങ്കിലും ഏഴാം ഓവറിൽ അക്ഷർ പട്ടേൽ പുറത്താക്കി. പിന്നീടാണ് മൂന്നാം വിക്കറ്റിൽ സഞ്ജുവും കാർത്തിക് ശർമയും ഒന്നിച്ചത്. താരതമ്യേന ചെറിയ വിജയലക്ഷ്യമായിരുന്നെങ്കിലും ശ്രദ്ധയോടെ ബാറ്റുവീശിയ ഇരുവരും ചെന്നൈ ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോയി. നല്ല പന്തുകളെ ഒഴിവാക്കിയും മോശം പന്തുകളെ ആക്രമിച്ചും സഞ്ജു ‘സെൻസിബിൾ’ ആയി മുന്നോട്ടു നീങ്ങി.

12–ാം ഓവറിൽ കുൽദീപ് യാദവിനെ തുടർച്ചയായി രണ്ടു സിക്സും ഒരു ഫോറുമടിച്ചാണ് സഞ്ജു അർധസെഞ്ചറി പൂർത്തിയാക്കിയത്. തൊട്ടടുത്ത ഓവറിൽ ലുങ്കി എൻഗിഡിക്കെതിരെ ഒരു റൺ മാത്രമാണ് സഞ്ജു നേടിയത്. 14–ാം ഓവറിൽ നടരാജനെതിരെ വീണ്ടും രണ്ടു സിക്സും ഒരു ഫോറും പായിച്ചു. ഇടയ്ക്ക് ബൗണ്ടറികളുമായി കാർത്തിക് ശർമയും ഒപ്പം ചേർന്നതോടെ ചെന്നൈ അനായാസം വിജയത്തിലെത്തി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 114 റൺസാണ് കൂട്ടിച്ചേർത്തത്. സഞ്ജു ആറു സിക്സും ഏഴും ഫോറും അടിച്ചപ്പോൾ രണ്ടു സിക്സും നാലു ഫോറുമാണ് കാർത്തിക്കിന്റെ ബാറ്റിൽനിന്നു പിറന്നത്.

∙ ഡൽഹിയെ ഒതുക്കി ചെന്നൈനേരത്തെ, ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയെ ചെന്നൈ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 155 റൺസിൽ ഒതുക്കുകയായിരുന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച സമീർ റിസ്‌വി (24 പന്തിൽ 40*), ട്രിസ്റ്റൻ സ്റ്റബ്‌സ് (31 പന്തിൽ 38) എന്നിവരാണ് ഡൽഹിയ ഭേദപ്പെട്ട ടോട്ടലിലെത്തിച്ചത്. ആറാം വിക്കറ്റിൽ ഇരുവരും 65 റൺസ് കൂട്ടിച്ചേർത്തു. കെ.എൽ.രാഹുൽ (13 പന്തിൽ 12), പാത്തും നിസങ്ക (15 പന്തിൽ 19), നിതീഷ് റാണ (13 പന്തിൽ 15) എന്നിവർക്ക് കാര്യമായ സംഭാവന നൽകാൻ സാധിക്കാതിരുന്നതോടെയാണ് ഡൽഹിക്ക് വലിയ സ്കോർ കണ്ടെത്താൻ സാധിക്കാതിരുന്നത്. ചെന്നൈയ്ക്കായി നൂർ അഹമ്മദ് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ അകീൽ ഹൊസൈൻ നാല് ഓവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി. മുകേഷ് ചൗധരി, ഗുർജപ്നീത് സിങ്, ജാമി ഓവർട്ടൻ എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

English Summary:

IPL 2026: Delhi Capitals vs Chennai Super Kings, Live Score

Read Entire Article