Published: March 20, 2026 09:34 AM IST Updated: March 20, 2026 05:15 PM IST
1 minute Read
സൈബോർഗ്’ എന്ന വിശേഷണം താൻ നേടിയതെങ്ങനെ എന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ ശരിക്കും ബോധ്യപ്പെടുത്തുന്ന കാലമാണിത്. റോബട്ടുകളിൽ നിന്നു വ്യത്യസ്തമായി ജീവനുള്ള, യന്ത്രഘടനയുള്ള ശരീരത്തിലൂടെ അത്ഭുതം സൃഷ്ടിക്കുന്ന അവതാരങ്ങളാണു സൈബോർഗുകൾ. മനുഷ്യർക്ക് അസാധ്യമായ പല ദൗത്യങ്ങളും ഇവർക്കു സാധിക്കും. സിആർ7 എന്ന ‘സൈബോർഗ്’ ഏതാനും മാസങ്ങളായി തരണംചെയ്യുന്നതും ലക്ഷ്യംവയ്ക്കുന്നതും അസാധ്യ ദൗത്യങ്ങളാണ്. കടുത്ത പേശിവലിവു മൂലം പോർച്ചുഗലിന്റെ സന്നാഹ മത്സരങ്ങളിലടക്കം സ്ഥാനം നഷ്ടപ്പെട്ടു ചികിത്സയിൽ കഴിയുന്ന റൊണാൾഡോയ്ക്കു ലോകകപ്പ് കളിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് ഒരുപിടി ഉത്തരങ്ങളിതാ..
∙ ആറാം ലോകകപ്പിനൊരുങ്ങുമ്പോൾ റൊണാൾഡോ നേരിട്ട ആദ്യ ഭീഷണി പരുക്കായിരുന്നില്ല. അയർലൻഡിനെതിരെ കഴിഞ്ഞ നവംബറിൽ യോഗ്യതാമത്സരം കളിക്കുമ്പോൾ ഡാരാ ഒഷിയയ്ക്കു നേരെ കൈമുട്ടു പ്രയോഗിച്ചതിനു റെഡ് കാർഡ് ലഭിച്ചിരുന്നു. ഗുരുതര അച്ചടക്ക ലംഘനമായതിനാൽ മൂന്നു മത്സരങ്ങളിൽ ഫിഫ വിലക്ക് ഏർപ്പെടുത്തി. ഇതോടെ ലോകകപ്പിൽ പോർച്ചുഗലിന്റെ ആദ്യ രണ്ടു കളികളിൽ റൊണാൾഡോയ്ക്കു കളിക്കാനാകില്ലെന്നായി. എന്നാൽ, നിയമപോരാട്ടത്തിലൂടെ റൊണാൾഡോ വിലക്ക് ഒറ്റ മത്സരത്തിലേക്കു കുറച്ചെടുത്തു. ലോകകപ്പ് കളിക്കാൻ ഇനി തടസ്സമില്ല.
∙ ഫെബ്രുവരിയിൽ സൗദി പ്രൊ ലീഗിൽ അൽ നസ്റിനു വേണ്ടി കളിക്കുമ്പോൾ പേശിവലിവു പിടിപെട്ടതാണു രണ്ടാമതു നേരിട്ട പ്രതിസന്ധി. ലോകകപ്പ് മത്സരങ്ങൾ മൊത്തത്തിൽ നഷ്ടപ്പെട്ടേക്കുമെന്നായിരുന്നു ആദ്യംവന്ന വാർത്തകൾ. പോർച്ചുഗലിന്റെ സന്നാഹ മത്സരങ്ങൾ റൊണാൾഡോയ്ക്കു നഷ്ടമായി. എന്നാൽ, മഡ്രിഡിലേക്കു തിരിച്ചുപറന്ന റൊണാൾഡോ വിദഗ്ധ ചികിത്സയിലൂടെ അതിവേഗം പരുക്കു ഭേദമാക്കിയെന്നാണു പുതിയ വിവരം.
∙ പരുക്കു േഭദമായാലും പൂർണ ഫിറ്റ്നസ് വീണ്ടെടുത്തു പോർച്ചുഗൽ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ കഴിയുമോ എന്നതാണു വലിയ വെല്ലുവിളി. പക്ഷേ, ഫിറ്റ്നസിന്റെ കാര്യത്തിൽ കരിയറിലൊരിക്കലും വിട്ടുവീഴ്ച കാണിച്ചിട്ടില്ലാത്തയാളാണു റൊണാൾഡോ എന്നതുകൊണ്ട് ആശങ്ക വേണ്ട.
∙ 41 വയസ്സിന്റെ ഊർജ പ്രതിസന്ധിയെ റൊണാൾഡോ എങ്ങനെ മറികടക്കുമെന്നതാണ് ഇനി കാത്തിരുന്നറിയേണ്ടത്. താൻ സ്വയം സെറ്റ് ചെയ്തുവച്ച ‘എലീറ്റ് ലെവൽ’ നിലവാരത്തിൽ അൽപം പോലും വിട്ടുവീഴ്ച ആരാധകരോ മാധ്യമങ്ങളോ അനുവദിക്കില്ലെന്നതു വെല്ലുവിളി തന്നെയാണ്. ഇത്തരം ചോദ്യങ്ങളും സംശയങ്ങളുമൊക്കെ മുൻപും പലവട്ടം ഉയർന്നിരുന്നു. അപ്പോഴൊക്കെ റൊണാൾഡോ ചെയ്തതെന്തോ അതു തന്നെ ഇനിയും പ്രതീക്ഷിക്കാം.
English Summary:







English (US) ·