Published: September 05, 2026 12:51 PM IST Updated: September 05, 2026 01:09 PM IST
1 minute Read
പാരിസ്∙ ഫ്രാൻസിലെ പാരിസിലേക്ക് ‘ഏകദിന’ ഉല്ലാസയാത്ര നടത്തി സ്പാനിഷ് ഫുട്ബോൾ താരം ലമീൻ യമാലും കാമുകിയായ ഇൻഫ്ലുൻസർ ഇനസ് ഗാർഷ്യ സാന്റോസും. യമാലും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ഇനസ് തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇരുവരും പിരിഞ്ഞെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഒന്നിച്ചുള്ള നിമിഷങ്ങൾ അവർ തന്നെ പങ്കുവച്ചത്. ‘പാരിസിൽ 24 മണിക്കൂർ’ എന്ന കാപ്ഷൻ സഹിതമാണ് ചിത്രങ്ങൾ.
What you should work next
ബാർസിലോന താരമായ ലമീൻ യമാൽ, സ്പാനിഷ് ലാലിഗ സീസൺ തുടങ്ങിയതിനു പിന്നാലെ മത്സരത്തിരക്കിലാണ്. ഇതിനിടെ കിട്ടിയ ഒരു ദിവസത്തെ ഇടവേളയിലാണ് താരവും കാമുകിയും കൂടി പാരിസിലേക്ക് പറന്നത്. സ്വകാര്യ ജെറ്റിലായിരുന്നു യാത്ര. പാരിസിൽ യമാലിനൊപ്പം ചെലവഴിച്ച നിമിഷങ്ങളുടെ ഒരു ആൽബം തന്നെയാണ് ഇനസ് ഗാർഷ്യ പങ്കുവച്ചിരിക്കുന്നത്. ഈഫൽ ടവറിന്റെ പശ്ചാത്തലത്തിൽ ആസ്വദിച്ച ഭക്ഷണം, സന്ദർശിച്ച ആഡംബര കടകൾ, നടത്തിയ സൈക്കിൾ സവാരി എന്നിവയുടെ ചിത്രങ്ങളെല്ലാം അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
സൈക്കിൾ സവാരിയെക്കുറിച്ച് ലമീൻ യമാൽ ഒരു കമന്റും പോസ്റ്റിനു താഴെ രേഖപ്പെടുത്തിയിട്ടുണ്ട്. ‘‘ഞാൻ നിന്നെ സ്നേഹിക്കുന്നു എന്റെ ജീവനേ, പക്ഷേ ഇനി നിന്നെ ഞാൻ സൈക്കിൾ ഓടിക്കാൻ അനുവദിക്കില്ല.’’ എന്നായിരുന്നു തമാശ രൂപേണയുള്ള യമാലിന്റെ വാക്കുകൾ. ഇനസ് ഓടിച്ചിരുന്ന സൈക്കിൾ മറിഞ്ഞു കിടക്കുന്ന ഒരു ചിത്രവും പോസ്റ്റിലുണ്ട്. പാരിസിലെ തങ്ങളുടെ റൊമാന്റിക് ദിനം ചെലവഴിക്കാൻ അവർ തിരഞ്ഞെടുത്തത് അവിടുത്തെ ഏറ്റവും ആഡംബരമേറിയ ഒരു ഹോട്ടലാണ്. ഏകദേശം 4,000 യൂറോയോളമാണ് (3.7 ലക്ഷം രൂപ) ഒരു ദിവസത്തെ മുറിവാടക.
ഒരു സോഫയിൽ ഇരുവരും പ്രണയബദ്ധരായി കിടന്നു സംസാരിക്കുന്ന ഒരു വിഡിയോയും പോസ്റ്റിലുണ്ട്. പരിസരം മറന്ന് ഇരുവരും പ്രണയസല്ലാപം നടത്തുന്നതാണ് വിഡിയോയിലുള്ളത്. പാരിസ് യാത്രയുടെ ചിത്രങ്ങൾ ലമീൻ യമാലും പങ്കുവച്ചിട്ടുണ്ട്. ‘രാജകുമാരി’ എന്ന കാപ്ഷനോടെയാണ് ഇനസിന്റെ ചിത്രങ്ങൾ യമാൽ റീപ്പോസ്റ്റ് ചെയ്തത്.
∙ അഭ്യൂഹങ്ങൾക്ക് വിരാമംകഴിഞ്ഞ ഫിഫ ലോകകപ്പ് മുതൽ യമാലും ഇനസും തമ്മിലുള്ള പ്രണയബന്ധം സമൂഹമാധ്യങ്ങളിൽ ചർച്ചാവിഷയമാണ്. യമാലിന്റെ മത്സരങ്ങൾ കാണാൻ ഇനസ് സ്റ്റേഡിയങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. സ്പെയിൻ കിരീടം നേടിയതിനു പിന്നാലെ ഇരുവുരും ഒരുമിച്ച് ചിത്രങ്ങൾ പകർത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നാലെ ഇരുവരും പിരിഞ്ഞെന്ന അഭ്യൂഹങ്ങൾ പരന്നു. ഇതിനു വിരാമമിട്ടുകൊണ്ടാണ് ഇപ്പോൾ ഇരുവരും പാരിസ് യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ഈ വർഷം ബാർസിലോന ക്ലബ്ബ് സംഘടിപ്പിച്ച വിരുന്നിൽ 19 വയസ്സുകാരനായ ലമീൻ യമാലും 21 വയസ്സുകാരിയായ ഇനസും ഒരുമിച്ചെത്തിയതോടെയാണ് ഇരുവരുടെയും ബന്ധം പരസ്യമായത് . ഫാഷന്‍ ഇൻഫ്ലുവന്‍സറായ ഇനസിന് ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലും പത്തു ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്. നേരത്തേ അർജന്റീനൻ ഗായിക നിക്കി നിക്കോളയുമായി ലമീൻ യമാൽ പ്രണയത്തിലായിരുന്നു. ഈ ബന്ധം അവസാനിച്ചതിനു പിന്നാലെയാണ് സ്പാനിഷ് സൂപ്പർ താരം ഇൻഫ്ലുവൻസറുമായി അടുക്കുന്നത്. 2023ൽ സ്പാനിഷ് ക്ലബ്ബ് ബാർസിലോനയിൽ അരങ്ങേറിയ ലമീൻ യമാല്‍ നിലവില്‍ ബാഴ്സയുടേയും സ്പെയിൻ ദേശീയ ടീമിന്റെയും വിശ്വസ്തനായ ഫോർവേഡാണ്.
English Summary:






English (US) ·