Published: June 25, 2026 03:50 AM IST Updated: June 25, 2026 07:49 AM IST
1 minute Read
മയാമി ∙ ഇരമ്പിയെത്തിയ മഞ്ഞപ്പടയ്‌ക്കു മുന്നിൽ പകച്ചുപോയ സ്കോട്ടിഷ് പടയെ തകർത്ത് ബ്രസീൽ നോക്കൗട്ടിൽ. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ബ്രസീൽ സ്കോട്‌ലൻഡിനെ തകർത്തത്. വിനീസ്യൂസ് ജൂനിയർ ഡബിൾ അടിച്ചപ്പോൾ മൂന്നാം ഗോൾ മത്തേയൂസ് കുഞ്ഞയുടെ വകയായിരുന്നു. പന്തടക്കത്തിലും പാസുകളിലും ബ്രസീലിനൊപ്പം മികവ് പുലർത്തിയ സ്കോട്ടിഷ് പട, പക്ഷെ മഞ്ഞപ്പടയുടെ മിന്നലാക്രമണങ്ങൾക്കു മുന്നിൽ പകച്ചു. ഇടയ്‌ക്കിടെ എതിർ ഗോൾമുഖത്ത് ആക്രമണം നടത്തിയെങ്കിലും മഞ്ഞപ്പടയുടെ പ്രതിരോധം ഭേദിക്കാനായില്ല. മൂന്നു മത്സരങ്ങളിൽ രണ്ടു ജയവും ഒരു സമനിലയുമായി ബ്രസീലും മൊറോക്കോയും ഗ്രൂപ്പിൽ 7 പോയിന്റ് പങ്കിട്ടെങ്കിലും മികച്ച ഗോൾ ശരാശരിയിൽ കാനറികൾ ഒന്നാമതായി.
What you should work next
7 ാം മിനിറ്റിൽ വിനീസ്യൂസ് ജൂനിയറാണ് മഞ്ഞപ്പടയ്‌ക്ക് ലീഡ് നേടിക്കൊടുത്തത്. പാസ് നൽകാൻ ഒരുങ്ങുകയായിരുന്ന സ്കോട്ട് മക്ടോമിനെയെ പ്രസ്സ് ചെയ്യുന്നതിനിടെ പന്ത് തട്ടിത്തെറിച്ച് വിനീസ്യൂസിലേക്ക് എത്തി. വിനീസ്യൂസ് പന്ത് സ്വീകരിച്ച് ആംഗസ് ഗണ്ണിനെ മറികടന്ന് ഒഴിഞ്ഞ വലയിലേക്ക് അനായാസം തൊടുത്തു. ആദ്യ ഗോൾ വഴങ്ങിയ ശേഷം കൂടുതൽ ഒത്തിണക്കത്തോടെ മുൻ ലോകചാംപ്യന്മാരെ ചെറുക്കുന്ന സ്കോട്‌ലൻഡിനെയാണ് കണ്ടത്. 22 ാം മിനിറ്റിൽ വിനീസ്യൂസ് ജൂനിയർ വീണ്ടും പന്ത് വലയിൽ എത്തിച്ചെങ്കിലും വാർ പരിശോധനയ്ക്കു ശേഷം റഫറി ഗോൾ നിഷേധിക്കുകയായിരുന്നു. ജാക്ക് ഹെൻഡ്രിയിൽ നിന്ന് പന്ത് തട്ടിയെടുത്ത് ഗോൾ വലയിലെത്തിക്കുന്നതിന് മുൻപ് വിനീസ്യൂസ് ജൂനിയർ അദ്ദേഹത്തെ ഫൗൾ ചെയ്തതായി വിഡിയോ റിവ്യുവിൽ കണ്ടെത്തിയതിനെ തുടർന്നാണ് റഫറി ഗോൾ നിഷേധിച്ചത്. 45 ാം മിനിറ്റിൽ ആറ് യാർഡ് ദൂരത്ത് നിന്ന് ഗോൾ ലക്ഷ്യമാക്കി മത്തേയൂസ് കുഞ്ഞ തൊടുത്ത ഷോട്ട് ഫെർഗൂസൺ ഗോൾ വരയിൽ നിന്ന് രക്ഷപ്പെടുത്തി.
What you should work next
ആദ്യ പകുതിയുടെ അധികസമയത്ത് (45+3) വിനീസ്യൂസ് ജൂനിയർ ബ്രസീലിന്റെ ലീഡുയർത്തി. വലത് വിങ്ങിൽ നിന്ന് ബ്രൂണോ ഗുയിമാറെസ് ബോക്സിലേക്ക് ഉയർത്തി നൽകിയ മനോഹരമായ ക്രോസ്, ഗോൾ കീപ്പർ ആംഗസ് ഗണ്ണിനെ മറികടന്ന് ഗോൾവരയ്ക്ക് സമീപത്തേക്ക് കുതിച്ചെത്തിയ വിനീസ്യൂസ് ജൂനിയറിന്റെ തലയിലേക്ക്. പന്ത് ഹെഡ് ചെയ്ത് വലയിലെത്തിക്കേണ്ട ജോലി വിനീസ്യൂസ് കൃത്യതയോടെ നടപ്പാക്കി. ആദ്യ പകുതിയുടെ വിസിൽ മുഴങ്ങുന്നതിന് തൊട്ടുമുമ്പ് റയാന്റെ ഗോൾശ്രമം ആംഗസ് ഗൺ വിഫലമാക്കി.
60 ാം മിനിറ്റിൽ മത്തേയൂസ് കുഞ്ഞയിലൂടെ ബ്രസീൽ മൂന്നാം ഗോൾ നേടി. ബ്രൂണോ ഗുയിമാറെസിന്റെ റിവേഴ്‌സ് പാസ് സ്വീകരിച്ച കുഞ്ഞ പന്ത് വലയിലെത്തിച്ചു. 64 ാം മിനിറ്റിൽ സ്കോട്‌ലൻഡ് താരം സ്കോട്ട് മക്ടോമിനെയുടെ ഹെഡർ ബ്രസീൽ ഗോൾ കീപ്പർ അലിസൺ രക്ഷപ്പെടുത്തി. സൂപ്പർ താരം നെയ്‌മാർ 76 ാം മിനിറ്റിൽ പകരക്കാരനായി കളിക്കാനിറങ്ങി. ഈ ലോകകപ്പിൽ ആദ്യമായാണ് നെയ്‌മാർ കളിക്കാനിറങ്ങുന്നത്. മത്സരത്തിൽ 20 ഗോളവസരങ്ങൾ ബ്രസീൽ സൃഷ്ടിച്ചപ്പോൾ, സ്കോട്‌ലൻഡ് 12 ഗോൾശ്രമങ്ങളാണ് നടത്തിയത്. 8 ഓൺടാർജറ്റ് ഷോട്ടുകളാണ് ബ്രസീൽ തൊടുത്തത്; സ്കോട്‌ലൻഡ് നാലും. ബ്രസീൽ 46 ശതമാനം പന്തടക്കം പുലർത്തിയപ്പോൾ സ്കോട്‌ലൻഡ് 47 ശതമാനം പന്തടക്കത്തോടെയാണ് കളിച്ചത്.
English Summary:





English (US) ·