Published: April 25, 2026 08:16 AM IST
1 minute Read
മുംബൈ ∙ 17 ഐപിഎൽ സീസണുകളിലായി 248 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട് ചെന്നൈ സൂപ്പർ കിങ്സ് ടീം. എന്നാൽ ചിരവൈരികളായ മുംബൈ ഇന്ത്യൻസിനെതിരെ ഒരു ഐപിഎൽ സെഞ്ചറിയെന്ന അവരുടെ സ്വപ്നം സഫലമായത് കഴിഞ്ഞദിവസമാണ്. 18 കോടി രൂപയ്ക്ക് ഈ സീസണിൽ ടീമിലെത്തിയ സഞ്ജു സാംസണാണ് ചെന്നൈ ആരാധകരുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചത്. ഈ സീസണിലെ രണ്ടാം സെഞ്ചറിയുമായി സഞ്ജു സാംസൺ (54 പന്തിൽ 101*) തിളങ്ങിയ മത്സരത്തിൽ 103 റൺസിനാണ് ചെന്നൈ, മുംബൈ ഇന്ത്യൻസിനെ അവരുടെ തട്ടകത്തിൽ കീഴടക്കിയത്. ആദ്യം ബാറ്റു ചെയ്ത ചെന്നൈ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടിയപ്പോൾ മുംബൈ 104 റൺസിന് ഓൾഔട്ടായി. വാങ്കഡെയിൽ റൺഅടിസ്ഥാനത്തിൽ മുംബൈയുടെ ഏറ്റവും വലിയ തോൽവി.
സച്ചിൻ തെൻഡുൽക്കറുടെയും വിരാട് കോലിയുടെയുമെല്ലാം കരിയറിലെ നിർണായക നേട്ടങ്ങൾക്കു വേദിയായ വാങ്കഡെ സ്റ്റേഡിയം തന്റെകൂടി ഭാഗ്യ മൈതാനമാണെന്ന് തെളിയിക്കുകയായിരുന്നു വ്യാഴാഴ്ച സഞ്‌ജു. കഴിഞ്ഞമാസം ട്വന്റി20 ലോകകപ്പ് സെമിയിൽ സഞ്ജുവിന്റെ അർധ സെഞ്ചറി മികവിൽ (42 പന്തിൽ 89), ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയതും ഇതേ മൈതാനത്തായിരുന്നു. അന്നു സെഞ്ചറി നേടാൻ ശ്രമിക്കാതെ പുറത്തായ സഞ്ജു, വ്യാഴാഴ്ച വാങ്കഡെയിൽ ആ നഷ്ടം നികത്തി. ഈ സീസണിൽ നേരത്തേ ഡൽഹിക്കെതിരെയും സെഞ്ചറി നേടിയ സഞ്ജു (115*) ഒരു ഐപിഎൽ സീസണിൽ 2 സെഞ്ചറികൾ നേടുന്ന രണ്ടാമത്തെ സിഎസ്കെ ബാറ്ററെന്ന നേട്ടവും സ്വന്തമാക്കി. 2018ൽ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സനാണ് മുൻപ് ഈ നേട്ടം കൈവരിച്ചത്. ഇത്തവണ ചെന്നൈ വിജയിച്ച 3 മത്സരങ്ങളിലും ടീമിന്റെ ടോപ് സ്കോറർ സഞ്ജുവായിരുന്നു.
മുംബൈയ്ക്കെതിരായ സെഞ്ചറി സഞ്ജുവിന്റെ ഐപിഎൽ കരിയറിലെ മികച്ച ഇന്നിങ്സുകളിലൊന്നാണെന്ന് മുൻകാല താരങ്ങൾ പറയുന്നു. പതിവ് ഫ്ലാറ്റ് പിച്ചിൽനിന്നു മാറി ബോളർമാരോടു കൂറുകാട്ടിയ വാങ്കഡെയിലെ പിച്ചിൽ കരുതലോടെയാണ് സഞ്ജു ബാറ്റിങ് തുടങ്ങിയത്. ബുമ്രയ്ക്കെതിരെ പ്രതിരോധത്തിലേക്ക് വലിഞ്ഞ താരം ആദ്യ 6 പന്തിൽ നേടിയത് 6 റൺസ് മാത്രം. ഋതുരാജ് ഗെയ്ക്‌വാദ് പുറത്തായശേഷം ഹാർദിക് പാണ്ഡ്യ എറിഞ്ഞ നാലാം ഓവറിൽ 18 റൺസ് നേടിയാണ് സഞ്ജു ആക്രമണത്തിലേക്ക് തിരിഞ്ഞത്.
എങ്കിലും ഇടയ്ക്കിടെയുണ്ടായ വിക്കറ്റ് വീഴ്ച പതിവ് ശൈലിയിൽ തകർത്തടിക്കാൻ സഞ്ജുവിനു വെല്ലുവിളിയായി. 15 ഓവർ പൂർത്തിയാകുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 149 റൺസായിരുന്നു ചെന്നൈയുടെ നേട്ടം. ഡെത്ത് ഓവറിൽ തകർത്തടിച്ച സഞ്ജു ടീം സ്കോർ 200 കടത്തി. ഇന്നിങ്സിന്റെ അവസാന പന്തിൽ ഫോർ നേടിയാണ് മലയാളി താരം സീസണിലെ തന്റെ രണ്ടാം സെഞ്ചറി തികച്ചത്. സ്പിന്നർമാർക്കെതിരെ 14 പന്തിൽ 18 റൺസ് മാത്രം നേടിയ സഞ്ജു പേസ് ബോളർമാർക്കെതിരെ 40 പന്തിൽ നേടിയത് 83 റൺസ്.
English Summary:







English (US) ·