Published: February 21, 2026 05:48 PM IST Updated: February 21, 2026 07:38 PM IST
1 minute Read
അഡ്ലെയ്ഡ് ∙ ക്രിക്കറ്റിൽ ഓസ്ട്രേലിയയുടെ കഷ്ടകാലം അവസാനിക്കുന്നില്ല; ട്വന്റി20 ലോകകപ്പിൽനിന്നു പുരുഷ ടീം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിനു പിന്നാലെ വനിതാ ടീമിനും തിരിച്ചടി. ട്വന്റി20 പരമ്പര ഇന്ത്യയ്ക്കു മുന്നിലാണ് ഓസ്ട്രേലിയൻ വനിതകൾ അടിയറവുവച്ചത്. പരമ്പരയില മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഓസീസിനെ 17 റൺസിനു തോൽപ്പിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാമത്തെ മത്സരത്തിൽ ഓസ്ട്രേലിയയും വിജയിച്ചിരുന്നു. ഓസീസ് മണ്ണിൽ ഇന്ത്യയുടെ രണ്ടാമത്തെ ട്വന്റി20 പരമ്പര വിജയമാണിത്. അഡ്‌ലെയ്‌ഡ‍് ഓവലിൽ നടന്ന മൂന്നാം ട്വന്റി20യിൽ ഇന്ത്യ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് വനിതകളുടെ ഇന്നിങ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 159 റൺസിൽ അവസാനിക്കുകയായിരുന്നു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, ഓപ്പണർ സ്മൃതി മന്ഥനയുടെയും (55 പന്തിൽ 82), ജമീമ റോഡ്രിഗ്സിന്റെയും (46 പന്തിൽ 59) അർധസെഞ്ചറിക്കരുത്തിലാണ് മികച്ച ടോട്ടൽ കണ്ടെത്തിയത്. ഓപ്പണർ ഷെഫാലി വർമ(6 പന്തിൽ 7) മൂന്നാം ഓവറിൽ പുറത്തായതിനു പിന്നാലെ ഒന്നിച്ച സ്മൃതി– ജമീമ സഖ്യം രണ്ടാം വിക്കറ്റിൽ 121 റൺസാണ് ഇന്ത്യൻ സ്കോർബോർഡിൽ കൂട്ടിച്ചേർത്തത്. 38 പന്തിലാണ് സ്മൃതി അർധസെഞ്ചറി തികച്ചത്. മൂന്നു സിക്സും എട്ടു ഫോറും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിങ്സ്. 17–ാം ഓവറിലാണ് താരം പുറത്തായത്. പിന്നാലെ ജമീമയും അർധസെഞ്ചറി പൂർത്തിയാക്കി. നാല് ഫോറുകളാണ് ജമീമയുടെ ബാറ്റിൽനിന്നു പിറന്നത്.
19–ാം ഓവറി റിച്ച ഘോഷും (7 പന്തിൽ 18), 20–ാം ഓവറിൽ ജമീമ, ഹർമൻപ്രീത് കൗർ (4 പന്തിൽ 2), ദീപ്തി ശർമ (1 പന്തിൽ 1) എന്നിവരും പുറത്തായതോടൊണ് ഇന്ത്യൻ സ്കോർ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 176 റൺസിൽ ഒതുങ്ങിയത്. ഓസീസിനായി അന്നബെൽ സതർലാൻഡ് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ, കിം ഗാർത്ത്, ക്യാപ്റ്റൻ സോഫി മോളിനക്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ, അർധസെഞ്ചറി നേടിയ സൂപ്പർ താരം ആഷ്‍ലി ഗാർഡ്നർ (45 പന്തിൽ 57), ഫോബ് ലിച്ച്ഫീൽഡ് (17 പന്തിൽ 26) എന്നിവർ മാത്രണമാണ് ഓസീസ് നിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്. മൂന്നു വീതം വീക്കറ്റ് വീഴ്ത്തിയ ശ്രേയങ്ക പാട്ടീൽ, ശ്രീ ചരണി എന്നിവരാണ് ഓസീസ് ബാറ്റിങ് നിരയെ തകർത്തത്. അരുന്ധതി റെഡ്ഡി രണ്ടു വിക്കറ്റും രേണുക സിങ് ഠാക്കൂർ ഒരു വിക്കറ്റും വീഴ്ത്തി.
English Summary:







English (US) ·