Published: August 22, 2026 02:42 PM IST
1 minute Read
ന്യൂഡൽഹി ∙ കുരങ്ങിനെയും പ്രാവിനെയും ആദ്യ റൗണ്ടിൽതന്നെ ‘നോക്കൗട്ട്’ ചെയ്ത് ഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയം. ഏഴുമാസം മുൻപ് ഇതേ വേദിയിൽ നടന്ന ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൻ ടൂർണമെന്റിനിടെ കുരങ്ങുകളും പ്രാവുകളും കോർട്ടിൽ ‘അഴിഞ്ഞാടിയതിന്റെ’ പേരിലുണ്ടായ നാണക്കേട് കഴുകിക്കളഞ്ഞും വിമർശകരെക്കൊണ്ടുതന്നെ കയ്യടിപ്പിച്ചും ബാഡ്‌മിന്റൻ ലോക ചാംപ്യൻഷിപ് നാളെ അവസാനിക്കും. ഇന്ത്യൻ ഓപ്പൺ ടൂർണമെന്റിന്റെ സംഘാടന പിഴവിനെതിരെ വിദേശതാരങ്ങൾ ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നു. പിന്നാലെ, ബാഡ്മിന്റൻ അസോസിയേഷൻ ഓഫ് ഇന്ത്യയും സായ്‌യും ചേർന്ന് പുതിയ റൂഫിങ്, പെയ്ന്റിങ്, ഇലക്ട്രിക്കൽ വയറിങ്, ശുചിമുറികൾ തുടങ്ങി വലിയ അറ്റകുറ്റപ്പണികൾ നടത്തിയാണ് സ്റ്റേഡിയം ലോക ചാംപ്യൻഷിപ്പിനായി ഒരുക്കിയത്. ജനുവരിയിൽ വേദിയെ വിമർശിച്ച ഡെൻമാർക്ക് താരം മിയ ബ്ലിച്ഫെറ്റ് തന്നെ, വേദിയിൽ അന്നും ഇന്നുമുള്ള വ്യത്യാസം കാണിച്ച് തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
What you should work next
കുരങ്ങിനെയോടിച്ച് ‘ഷാരുഖ് ഖാൻ’
ഇൻഡോർ സ്റ്റേഡിയത്തിനുള്ളിലെ പ്രധാന തലവേദനയായ കുരങ്ങൻമാർ കഴിഞ്ഞ ഒരാഴ്ചയായി ഈ പരിസരത്ത് എത്തിനോക്കിയിട്ടില്ല. സ്റ്റേഡിയത്തിന്റെ മതിലിനു സമീപമെത്തുമെങ്കിലും വലിയ കരിങ്കുരങ്ങുകളുടെ ശബ്ദം മുഴങ്ങുന്നതോടെ ഇവർ പേടിച്ചോടും. ഷാരുഖ് ഖാൻ, വസീം ഖാൻ എന്നീ സഹോദരങ്ങളാണ് ഈ കരിങ്കുരങ്ങ് ശബ്ദത്തിന്റെ ഉടമകൾ. രണ്ടു തലമുറകളായി കരിങ്കുരങ്ങുകളുടെ ശബ്ദം അനുകരിച്ച് കുരങ്ങൻമാരെ പേടിപ്പിച്ചോടിക്കുന്ന ജോലിയാണ് ഇവർക്ക്. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ വീട് ഉൾപ്പെടെ ഡൽഹിയിലെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും വീടുകളിൽ ഇവർ കുരങ്ങുകളെ ഓടിച്ചിട്ടുണ്ട്. പ്രൈവറ്റ് കരാറുകാരാണ് ഇവരെ ബാഡ്മിന്റൻ വേദിയിലെ ജോലി ഏൽപിച്ചത്. രാവിലെ 9 മണി മുതൽ രാത്രി 8 മണിവരെ സ്റ്റേഡിയത്തിനു പുറത്ത് ചുറ്റിത്തിരിഞ്ഞ് കുരങ്ങുകളെ ഓടിക്കുന്ന ഇരുവർക്കും ദിവസേന 800 രൂപയാണ് ശമ്പളം.
What you should work next
സ്റ്റേഡിയത്തിന്റെ മേൽക്കൂരയിലെ ബീമുകളിൽ പക്ഷികൾ വന്നിരിക്കുന്നത് തടയാൻ അവണക്കെണ്ണയിൽ നിന്നുള്ള ആന്റി ടോക്സിക് ജെൽ ഉപയോഗിച്ചതും ഫലിച്ചു. തെരുവുനായ്ക്കളെ പ്രാദേശിക ഏജൻസികളുടെ സഹായത്തോടെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു. മൃഗങ്ങൾ അകത്ത് കയറുന്നത് തടയാൻ ട്രിപ്പിൾ- ഡോർ സംവിധാനമടക്കം പ്രയോഗിച്ച വിദ്യകളെല്ലാം ഫലം കണ്ടു. ‘വേദിയെക്കുറിച്ചുള്ള ആശങ്കകൾ മാറി. കോർട്ടിലെ ആവേശകരമായ മത്സരങ്ങളിലേക്ക് മാത്രമാണ് എല്ലാവരുടെയും ശ്രദ്ധയിപ്പോൾ. അതാണ് ഞങ്ങളും ആഗ്രഹിക്കുന്നത്’– ബിഡബ്ല്യുഎഫ് സെക്രട്ടറി ജനറൽ തോമസ് ലണ്ട് മനോരമയോട് പറഞ്ഞു.
English Summary:






English (US) ·