സ്റ്റേഡിയത്തിൽ വെള്ളത്തിന് തീവില, 20 രൂപയുടെ ബോട്ടിൽ വിറ്റത് 200 രൂപയ്ക്ക്! കെസിഎ അന്വേഷണം

19 hours ago 1

ഓൺലൈൻ ഡെസ്ക്

Published: February 02, 2026 08:58 AM IST Updated: February 02, 2026 09:08 AM IST

1 minute Read

ഇന്ത്യ– ന്യൂസീലൻഡ് ട്വന്റി20 കാണാൻ കാര്യവട്ടം സ്റ്റേഡിയത്തിലെത്തിയ ആരാധകർ. ചിത്രം∙ ശ്രീലക്ഷ്മി ശിവദാസ്. മനോരമ
ഇന്ത്യ– ന്യൂസീലൻഡ് ട്വന്റി20 കാണാൻ കാര്യവട്ടം സ്റ്റേഡിയത്തിലെത്തിയ ആരാധകർ. ചിത്രം∙ ശ്രീലക്ഷ്മി ശിവദാസ്. മനോരമ

Follow Us

Facebook

WhatsApp

തിരുവനന്തപുരം∙ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ന്യൂസീലൻഡ് ട്വന്റി20 മത്സരത്തിനിടെ സ്റ്റേഡിയത്തിലെത്തിയ ആരാധകര്‍ക്കു കുടിവെള്ളം നൽകിയതിൽ വൻ തുക ഈടാക്കിയ സംഭവത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ അന്വേഷണം. 20 രൂപ വിലയുള്ള കുപ്പിവെള്ളത്തിന് 200 രൂപ വരെ വാങ്ങിയെന്നാണ് ഒരു വിഭാഗം ആരാധകരുടെ പരാതി. ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെയാണ് വിഷയത്തിൽ കെസിഎ ഇടപെട്ടത്.

മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ചില ഭാഗങ്ങളിൽ കുടിവെള്ളത്തിന് അമിതവില ഈടാക്കിയ സംഭവം സോഷ്യൽ മീഡിയയിലും ചാനലിലും വന്നത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അസോസിയേഷൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ‘‘ക്രിക്കറ്റ് ആരാധകർക്ക് മികച്ച അനുഭവം ഉറപ്പാക്കേണ്ട വേദിയിൽ വലിയ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇത്തരം പരാതികൾ ഉണ്ടായതിനെ അസോസിയേഷൻ ഗൗരവകരമായാണു കണക്കാക്കുന്നത്. മത്സര വേദികളിൽ വിതരണം ചെയ്യുന്ന പാനീയങ്ങളുടെ സ്പോൺസറെ ബിസിസിഐ ആണ് നിശ്ചയിക്കുന്നത്.’’

‘‘കരാറിൽ വിൽക്കേണ്ട പാനീയങ്ങളുടെ വില കൃത്യമായി നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് 200 മില്ലി ലിറ്റർ കുടിവെള്ളത്തിന് 10 രൂപയും, 250 മില്ലി ലിറ്റർ എനർജി ഡ്രിങ്ക് അല്ലെങ്കിൽ ജ്യൂസ് എന്നിവയ്ക്ക് 50 രൂപയുമാണ് പരമാവധി വില നിശ്ചയിച്ചിരുന്നത്. ഈ നിരക്കുകൾ സ്റ്റേഡിയത്തിലെ എല്ലാ സ്റ്റാളുകളിലും എല്ലാവർക്കും കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും, കാണികളുടെ എണ്ണത്തിന് ആനുപാതികമായ സ്റ്റോക്ക് കരുതണമെന്നും കരാർ ഏറ്റെടുത്ത ഏജൻസിക്ക് കർശന നിർദ്ദേശം നൽകിയിരുന്നു.

‘‘കളിക്കിടെ ചിലയിടങ്ങളിൽ നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതൽ തുക ഈടാക്കി ചൂഷണം നടന്നതായും ഇപ്പോൾ പരാതികളിലൂടെ ശ്രദ്ധയിൽപെട്ടു. പരാതികളെക്കുറിച്ച് ബിസിസിഐയെ അറിയിക്കുകയും വേണ്ട നടപടികൾ എടുക്കുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഏജൻസിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ പരിശോധിക്കും. കാണികൾക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നു.’’-കെസിഎ അറിയിച്ചു.

English Summary:

Overpriced Water astatine Greenfield Stadium Sparks KCA Probe

Read Entire Article