സ്വയം മാറ്റങ്ങൾ നടത്തി ഗോളടിക്കുന്ന ‘ജിന്ന്’, ലോകം കാത്തിരിക്കുന്ന തീപ്പൊരി, ഏറ്റവും ഒടുവിലത്തെ മെസ്സിയാണ് മികച്ചവൻ!

1 month ago 4

2026 ലോകകപ്പ് വേദിയിലേക്ക് അർജന്റീന വീണ്ടും ബൂട്ട് കെട്ടുമ്പോൾ ലോകമെമ്പടുമുള്ള ഫുട്ബോൾ പ്രേമികളുടെ കണ്ണുകൾ മുഴുവൻ ആ 38 വയസ്സുകാരനിലാണ്. തുടർച്ചയായി രണ്ട് ലോകകിരീടങ്ങൾ നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ മാത്രം രാജ്യം എന്ന റെക്കോർഡിലേക്ക് അർജന്റീനയെ നയിക്കാൻ ലയണൽ മെസ്സി വീണ്ടുമെത്തുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗില്ലെർമോ ഒച്ചോവ എന്നിവർക്കൊപ്പം ആറ് ലോകകപ്പുകൾ കളിക്കുന്ന താരമെന്ന ചരിത്രനേട്ടത്തിന്റെ നെറുകയിലാണ് അദ്ദേഹം. 2003ൽ ബാർസിലോനയുടെ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ച ആ 16വയസ്സുകാരൻ പയ്യൻ ഓരോ ഫുട്ബോൾ പ്രേമിയുടെയും മനസ്സിലുണ്ടാകും. അവിടന്നിങ്ങോട്ട് ലോകമാകെയുള്ള അർജന്റീന ആരാധകരുടെ ‘മിശിഹായായി’ മെസ്സിയുടെ വളർച്ച ഫുട്ബോളിന്റെ കൂടി വളർച്ചയായി.

What you should work next

ഭൂരിഭാഗം കളിക്കാരും പ്രായമേറുമ്പോൾ തളർന്നുപോകാറുണ്ട്. എന്നാൽ അതിവിശിഷ്ടരായ പ്രതിഭകൾ തളർച്ചയെ അതിജീവിക്കാൻ പുതിയ വഴികൾ കണ്ടെത്തും. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ വേഗം കുറഞ്ഞപ്പോൾ ബോക്സിനുള്ളിലെ ഒരു പെനാൽറ്റി-ബോക്സ് വേട്ടക്കാരനായി സ്വയം മാറ്റിപ്രതിഷ്ഠിച്ചു. എന്നാൽ മെസ്സി ചെയ്തത് അതല്ല, കളി എപ്പോഴും തന്റെ പിന്നാലെ ഓടിക്കൊണ്ടിരിക്കത്തക്കവണ്ണം അദ്ദേഹം കളിക്കളത്തെ അടക്കിഭരിക്കാൻ സ്വയം പരിണമിക്കുകയായിരുന്നു. ബാർസിലോന, അർജന്റീന, പിഎസ്‌ജി, ഇപ്പോൾ ഇന്റർ മയാമി എന്നിവർക്കായി കളിക്കുമ്പോൾ മെസ്സി സ്വയം അഴിച്ചുപണിതത് അഞ്ചിലധികം തവണയാണ്.

ലയണൽ മെസ്സി പരിശീലനത്തിൽ. JAMIE SQUIRE / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP

ലയണൽ മെസ്സി പരിശീലനത്തിൽ. JAMIE SQUIRE / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP

∙ ഗ്വാർഡിയോളയുടെ പരീക്ഷണം, വിങ്ങിൽ നിന്ന് ഹൃദയഭാഗത്തേക്ക്

അന്ന് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായിരുന്ന റൊണാൾഡീഞ്ഞോ ബാഴ്സലോണയുടെ പരിശീലനത്തിനിടയിൽ മെസ്സിയെ ആദ്യമായി കണ്ടപ്പോൾ പറഞ്ഞത്, ‘ഇവൻ ലോകത്തിലെ ഏറ്റവും മികച്ചവനാകും’ എന്നാണ്. രണ്ട് വർഷത്തിന് ശേഷം, 2005 ഓഗസ്റ്റിൽ യുവന്റസിനെതിരായ മത്സരത്തിൽ മെസ്സി തന്റെ വരവറിയിച്ചു. അന്നത്തെ യുവന്റസ് കോച്ച് ഫാബിയോ കാപ്പെല്ലോ ഈ 18കാരന്റെ കളി കണ്ട് അദ്ഭുതപ്പെട്ട് അവനെ സ്വന്തമാക്കാൻ വരെ ശ്രമിച്ചിരുന്നു. തുടക്കത്തിൽ വലത് വിങ്ങിലൂടെ പന്തുമായി കുതിച്ചുപാഞ്ഞ്, പ്രതിരോധനിരക്കാരെ വെട്ടിച്ച് ഉള്ളിലേക്ക് കയറി ഗോൾ അടിക്കുന്നതായിരുന്നു മെസ്സിയുടെ ശൈലി. എന്നാൽ റൊണാൾഡീഞ്ഞോയുടെ യുഗം കഴിഞ്ഞ് ഫ്രാങ്ക് റൈക്കാർഡ് പരിശീലകനായപ്പോൾ മെസ്സിയുടെ റോൾ മാറിത്തുടങ്ങി. ‘അവൻ എത്രത്തോളം കൂടുതൽ പന്ത് തൊടുന്നുവോ, അത്രത്തോളം അത് ടീമിന് ഗുണം ചെയ്യും,’ എന്നാണ് റൈക്കാർഡ് പറഞ്ഞത്. 2008ൽ പെപ് ഗ്വാർഡിയോള ബാർസിലോനയുടെ ചുമതലയേറ്റ ആദ്യ നാളുകളിൽ വലതുഭാഗം മെസ്സിയുടെ സ്വന്തം സാമ്രാജ്യമായിരുന്നു. എന്നാൽ മെസ്സി പ്രതിരോധത്തിലേക്ക് ഇറങ്ങിക്കളിക്കാൻ മടിച്ചതോടെ ഗ്വാർഡിയോള അദ്ദേഹത്തെ വിങ്ങിൽ നിന്ന് മാറ്റാൻ തീരുമാനിച്ചു. എങ്കിലും, കളിയുടെ എല്ലാ തന്ത്രങ്ങളുടെയും കേന്ദ്രബിന്ദുവായി മെസ്സി മാറേണ്ടതുണ്ടെന്ന് ആ തന്ത്രജ്ഞന് അറിയാമായിരുന്നു.

What you should work next

∙ 'ഫോൾസ് നൈൻ' എന്ന വിപ്ലവം

2009 മേയ് 2, സാന്റിയാഗോ ബെർണബ്യൂവിൽ റയൽ മാഡ്രിഡിനെതിരായ ആ ചരിത്ര മത്സരം. ഗ്വാർഡിയോള ഒരു വിപ്ലവകരമായ തീരുമാനമെടുത്തു. മെസ്സിയെ വലത് വിങ്ങിൽ നിന്ന് മാറ്റി മുന്നേറ്റനിരയുടെ മധ്യത്തിൽ പ്രതിഷ്ഠിച്ചു. എന്നാൽ ഒരു പരമ്പരാഗത സ്ട്രൈക്കറുടെ ജോലിയായിരുന്നില്ല അദ്ദേഹത്തിന്. സാമുവൽ ഏറ്റു വലത്തോട്ടും തിയറി ഹെൻറി ഇടത്തോട്ടും മാറിയപ്പോൾ മെസ്സിയോട് കളി നിയന്ത്രിക്കാനും പന്ത് സ്വീകരിച്ച് തീരുമാനങ്ങളെടുക്കാനും ആവശ്യപ്പെട്ടു. അന്ന് റയൽ മാഡ്രിഡിനെ തകർത്തത് 6-2 നായിരുന്നു. 'ഫോൾസ് നൈൻ' എന്ന തന്ത്രത്തിന്റെ പുനർജനിയായിരുന്നു അത്.

ഇടുക്കി കുളമാവിൽ വടക്കേപ്പുഴ ചെക്ക് ഡാമിന്റെ നടുവിൽ സ്ഥാപിച്ചിരിക്കുന്ന മെസിയുടെ 25 അടി ഉയരമുള്ള കട്ടൗട്ട്.

ഇടുക്കി കുളമാവിൽ വടക്കേപ്പുഴ ചെക്ക് ഡാമിന്റെ നടുവിൽ സ്ഥാപിച്ചിരിക്കുന്ന മെസിയുടെ 25 അടി ഉയരമുള്ള കട്ടൗട്ട്.

തൊട്ടടുത്ത ആഴ്ചകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ചാംപ്യൻസ് ലീഗ് ഫൈനലിലും ഗ്വാർഡിയോള ഈ തന്ത്രം ആവർത്തിച്ചു. മെസ്സി തലകൊണ്ട് മനോഹരമായ ഒരു ഗോൾ നേടുകയും ചെയ്തു. 2011നും 2013നും ഇടയിൽ 69 ലാ ലിഗ മത്സരങ്ങളിൽ നിന്ന് മെസ്സി അടിച്ചുകൂട്ടിയത് 96 ഗോളുകളാണ്. 2009ൽ ആദ്യമായി കയ്യിലെത്തിയ ബലോൻ ദ് ഓർ പിന്നീട് അദ്ദേഹത്തിന്റെ സ്ഥിരം മേൽവിലാസമായി മാറി. കരിയറിൽ ആകെ 8 ബലോൻ ദ് ഓർ പുരസ്കാരങ്ങളാണ് അദ്ദേഹം സ്വന്തമാക്കിയത്. ‘ആദ്യമൊന്നും ഞാൻ തന്ത്രങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്നില്ല. എന്നാൽ ഗ്വാർഡിയോളയിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. കളിസ്ഥലത്തെ ഇടങ്ങളെക്കുറിച്ചും പന്ത് കൈവശം വയ്ക്കുന്നതിനെക്കുറിച്ചും കളിയുടെ യഥാർഥ ശൈലിയെക്കുറിച്ചും ഞാൻ മനസ്സിലാക്കി തുടങ്ങി,’ എന്നാണ് ഒരിക്കല്‍ മെസ്സി പറഞ്ഞത്.

messi-argentina-main

ലോകകപ്പ് വിജയിച്ച അർജന്റീന ടീമിന്റെ ആഹ്ലാദം

∙ ടീമിന്റെ എൻജിനായി മാറിയ 'എംഗാഞ്ചെ'

2015ൽ ചാവിയും മൂന്ന് വർഷത്തിന് ശേഷം ഇനിയേസ്റ്റയും ബാർസിലോന വിട്ടതോടെ മെസ്സിയുടെ തോളിലെ ഭാരം ഇരട്ടിയായി. അതുവരെ സുരക്ഷിതമായ ഒരു മധ്യനിരയുടെ പിൻബലത്തിൽ കളിച്ചിരുന്ന മെസ്സിക്ക് പിന്നീട് ഒരേസമയം ചാവിയും ഇനിയേസ്റ്റയും ഗോൾ സ്കോററും ആകേണ്ടി വന്നു. ഈ പ്രതിസന്ധിയെ മെസ്സി നേരിട്ടത് കൂടുതൽ മുന്നോട്ട് ഇറങ്ങിക്കളിച്ചുകൊണ്ടാണ്. അദ്ദേഹം 'എംഗാഞ്ചെ' (ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നവൻ) പ്ലേമേക്കറായി മാറി. ഗോളുകളേക്കാൾ അസിസ്റ്റുകൾ അദ്ദേഹത്തിന്റെ സ്ഥിതിവിവരക്കണക്കുകളിൽ ഇടംപിടിച്ചു. 2019-20 സീസണിൽ 25 ഗോളുകളും 22 അസിസ്റ്റുകളുമാണ് അദ്ദേഹം നേടിയത്. പിഎസ്ജിയിലെ ആദ്യ സീസണിൽ 11 ഗോളുകളും 15 അസിസ്റ്റുകളും നേടി, കരിയറിലാദ്യമായി ഗോളുകളേക്കാൾ കൂടുതൽ അസിസ്റ്റുകൾ എന്ന റെക്കോർഡും അദ്ദേഹം കുറിച്ചു. ഒരു അർജന്റീനൻ അനലിസ്റ്റ് ഇതിനെ വിശേഷിപ്പിച്ചത് ‘ഇനിയേസ്റ്റയായി മാറിയ ഗോൾ സ്കോറർ’ എന്നാണ്.

What you should work next

∙ ക്യാപ്റ്റന്റെ ഭാരവും വിമോചനവും

ഈ തന്ത്രപരമായ മാറ്റങ്ങൾക്കൊപ്പം തന്നെ അർജന്റീന ജഴ്സിയിൽ മെസ്സി അനുഭവിച്ച മാനസിക സമ്മർദങ്ങളുടെ ഒരു കഥയുമുണ്ട്. 2011ൽ ക്യാപ്റ്റനായതിന് ശേഷം തുടർച്ചയായ തോൽവികളാണ് മെസ്സിയെ തേടിയെത്തിയത്. 2014 ലോകകപ്പ് ഫൈനൽ, 2015-ലും 2016-ലും കോപ്പ അമേരിക്ക ഫൈനലുകൾ- അങ്ങനെ മൂന്ന് വർഷത്തിനിടെ മൂന്ന് ഫൈനൽ തോൽവികൾ. ഒടുവിൽ മാനസികമായി തകർന്ന് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും പിന്നീടു തിരികെ വന്നു. 2019 കോപ്പ അമേരിക്കയിൽ ബ്രസീലിനോട് തോറ്റ് പുറത്തായതിന് ശേഷം മെസ്സി കോൺഫെഡറേഷനെതിരെ പരസ്യമായി പ്രതികരിച്ചു. അതൊരു പുതിയ മെസ്സിയായിരുന്നു; തോൽവികളിൽ നിശബ്ദനായി ഒളിക്കുന്നവനല്ല, മറിച്ച് ഉറക്കെ സംസാരിക്കുന്ന ഒരു യഥാർഥ നേതാവ്.2021 കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ അവരുടെ മണ്ണിൽ തോൽപ്പിച്ച് കിരീടം നേടിയതോടെ മെസ്സി ശാപമോക്ഷം നേടി. തുടർന്ന് 2022 ലോകകപ്പിൽ നാം കണ്ടത് മെസ്സിയുടെ കരിയറിലെ എല്ലാ പതിപ്പുകളുടെയും ഒരു സമ്മിശ്ര രൂപമായിരുന്നു. ക്രോയേഷ്യക്കെതിരെ ജോസ്കോ ഗ്വാർഡിയോളിനെ വെട്ടിച്ച് ഓടിയപ്പോൾ 2009ലെ ആ പഴയ വിങ്ങറെ നാം കണ്ടു. ഫ്രാൻസിനെതിരായ ഫൈനലിൽ ഒരു ക്വാർട്ടർബാക്കിനെപ്പോലെ കളി നിയന്ത്രിക്കുന്ന മെസ്സിയെയും നാം കണ്ടു.

∙ ഓടാത്ത മെസ്സിയും തന്ത്രങ്ങളുടെ അധിപനും

ഇന്ന് ഇന്റർ മയാമിയിലും അർജന്റീന ദേശീയ ടീമിലും മെസ്സി ഓടുന്നതിനേക്കാൾ കൂടുതൽ നടക്കുകയാണ് ചെയ്യുന്നത്. ഒരുകാലത്ത് വിമർശകർ ഇതിനെതിരെ സംസാരിച്ചിരുന്നെങ്കിൽ ഇന്ന് ലോകം ഇതിനെ കാണുന്നത് കളിയിലെ പരമാധികാരമായിട്ടാണ്. അദ്ദേഹം കളിക്കളത്തെ വായിക്കുകയാണ്, ഏറ്റവും അനുയോജ്യമായ നിമിഷത്തിനായി ഊർജം സംഭരിച്ചു വയ്ക്കുകയാണ് ചെയ്യുന്നത്.‘ഏറ്റവും ഒടുവിലത്തെ മെസ്സിയാണ് എപ്പോഴും ഏറ്റവും മികച്ച മെസ്സി,’ എന്ന് അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ റോൾ മോഡലായ പാബ്ലോ ഐമർ പറഞ്ഞത് എത്രയോ ശരിയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മെസ്സി നേടിയത് ട്രോഫികളും റെക്കോർഡുകളും മാത്രമല്ല, ഒരു ഫുട്ബോൾ കളിക്കാരന് തന്റെ കരിയറിന്റെ ഓരോ ഘട്ടത്തിലും എങ്ങനെ സ്വയം പുനർനിർമിക്കാം എന്നതിന്റെ പാഠപുസ്തകമാണ്. കളി എത്രത്തോളം കഠിനവും ശാരീരികക്ഷമതയേറിയതുമായി മാറിയെങ്കിലും, മെസ്സി എപ്പോഴും കളിക്ക് ഒരുപടി മുന്നിലായിരുന്നു. ഈ ലോകകപ്പിലും മെസ്സിയെക്കുറിച്ച് ഇനിയും ഒരുപാട് വിശേഷണങ്ങൾ വരും. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം അദ്ദേഹം എത്രത്തോളം മികച്ചവനാണ് എന്നതല്ല, മറിച്ച് വിജയത്തിനായി എത്ര തവണ അദ്ദേഹം സ്വയം പുതിയൊരു മനുഷ്യനായി മാറി എന്നതാണ്.

English Summary:

Lionel Messi's Journey to the 2026 World Cup

Read Entire Article