സ്വർണത്തെ വെല്ലുന്ന വെള്ളി! കരിയർ അവസാനിച്ചെന്നു കരുതിയ പരുക്കിൽനിന്നു തിരിച്ചുവന്ന ശ്രീശങ്കറിന് അഭിമാനനേട്ടം

1 month ago 7

വിനോദ് ഗോപി

വിനോദ് ഗോപി

Published: July 30, 2026 10:52 AM IST

1 minute Read

ശ്രീശങ്കറിന്റെ വിജയാഹ്ലാദം
ശ്രീശങ്കറിന്റെ വിജയാഹ്ലാദം

കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിലെ വെള്ളിക്കും ഇത്തവണത്തെ വെള്ളിക്കുമിടയിലെ ദൂരം മലയാളി അത്‌ലീറ്റ് പാലക്കാട്ടുകാരൻ എം. ശ്രീശങ്കറിനു വെറും 4 വർഷത്തിന്റേതല്ല. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയോടുള്ള പോരാട്ടത്തിന്റെ കാലം കൂടിയാണ്. കാൽമുട്ടിനേറ്റ പരുക്കിൽനിന്നു മുക്തനായി ഫീൽഡിൽ തിരിച്ചെത്തിയ ശേഷം രാജ്യാന്തര തലത്തിൽ ശ്രീശങ്കറിന്റെ ഏറ്റവും മികച്ച മെഡൽ നേട്ടമാണു ഗ്ലാസ്ഗോയിലേത്. 8.08 മീറ്റർ ചാടി ബർമിങ്ങാമിൽ നേടിയ വെള്ളിയിൽ നിന്ന് ഗ്ലാസ്ഗോയിലെ 8.09 മീറ്ററിന്റെ മറ്റൊരു ഗംഭീര ചാട്ടം.

What you should work next

പാരിസ് ഒളിംപിക്സിനായുള്ള തയാറെടുപ്പിനിടെ 2024 ഏപ്രിലിലാണു ശ്രീശങ്കറിന്റെ ഇടതു കാൽമുട്ടിനു ഗുരുതരമായ പരുക്കേൽക്കുന്നത്. പാലക്കാട്ടെ പതിവു പരിശീലനത്തിനിടെയാണ് ഇടതു കാൽമുട്ടിലെ ടെൻഡനു (മാംസപേശിയെ അസ്ഥിയോടു ബന്ധിപ്പിക്കുന്ന ചലന ഞരമ്പ്) പരുക്കേറ്റത്.  സ്പോർട്സ് കരിയറിനു പോലും ഭീഷണിയായ പരുക്കിനെ അതിജീവിച്ച് 15 മാസത്തിനു ശേഷം ശ്രീശങ്കർ ജംപിങ് പിറ്റിലേക്കു മടങ്ങിയെത്തി.

ശ്രീശങ്കറിന് ഉറച്ച പിന്തുണ നൽകിയതു പിതാവും പരിശീലകനും മുൻ ട്രിപ്പിൾ ജംപറുമായ എസ്. മുരളിയും അമ്മയും മുൻ അത്‌ലീറ്റുമായ കെ.എസ്. ബിജിമോളും. 2025 ജൂലൈയിൽ പുണെയിൽ നടന്ന ഇന്ത്യൻ ഓപ്പൺ അത്‌ലറ്റിക്സിൽ 8.05 മീറ്റർ ദൂരം താണ്ടി തിരിച്ചു വരവ്. പിന്നീട് 8 മീറ്ററിൽ അധികമുള്ള പ്രകടനം ശ്രീശങ്കർ ശീലമാക്കി. ഇക്കഴിഞ്ഞ മേയിൽ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിൽ 8.08 മീറ്ററും ജൂണിൽ ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 8.38 മീറ്ററും ചാടി ശ്രീശങ്കർ സ്വർണം നേടി.

ലോങ്ജംപ് മത്സരങ്ങളിൽ ശ്രീശങ്കർ 60 തവണയിലേറെ 8 മീറ്ററിനു മുകളിൽ ചാടിയിട്ടുണ്ട്. ഈ സീസണിൽ മാത്രം 12 തവണ. ശസ്ത്രക്രിയയിലൂടെ നേരെയാക്കിയ മുട്ടുപയോഗിച്ചാണ് ശ്രീശങ്കർ ഇപ്പോൾ ചാടുന്നത്. അതിനു വേണ്ടി പ്രത്യേക വ്യായാമങ്ങൾ ചെയ്യണം. വേദനയൊഴിവാക്കാനായി എല്ലാ ദിവസവും ഐസ് വച്ചു മുട്ടിനെ പരിപാലിക്കണം. പ്രതിസന്ധിയെ കഠിനാധ്വാനത്തിലൂടെ മറികടന്ന ‌അത്‌ലീറ്റിന് ഇപ്പോൾ അതെല്ലാം ശീലം. ആ കഠിനാധ്വാനത്തിന്റെ മികവും തെളിവുമാണു ഗ്ലാസ്ഗോയിലെ ഈ മെഡലും.

English Summary:

M. Sreeshankar's Remarkable Comeback After Injury

Read Entire Article