Published: May 22, 2026 10:04 AM IST Updated: May 22, 2026 11:14 AM IST
2 minute Read
റിയാദ് ∙ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒടുവിൽ സൗദി അറേബ്യയും കീഴടക്കി. സൗദി പ്രോ ലീഗിലെ ആവേശകരമായ ഫൈനൽ മത്സരത്തിൽ ദമാക് എഫ്സിയെ 4-1 ന് തകർത്ത് അൽ നസ്ർ 2025-26 സീസണിലെ സൗദി പ്രോ ലീഗ് കിരീടം സ്വന്തമാക്കി. 2019ന് ശേഷം അൽ നസ്ർ നേടുന്ന ആദ്യ ലീഗ് കിരീടമാണിത്. റൊണാൾഡോ 2023 ജനുവരിയിൽ ടീമിലെത്തിയ ശേഷമുള്ള ആദ്യത്തെ പ്രധാന ആഭ്യന്തര ട്രോഫി കൂടിയാണിത്. മത്സരത്തിന് പിന്നാലെ വികാരാധീനനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ബെഞ്ചിലിരുന്ന് കണ്ണീർ വാർത്തത് ആരാധകരുടെയും ഉള്ളുലച്ചു.
റിയാദിലെ അൽ അവ്വൽ പാർക്കിൽ നടന്ന സീസണിലെ അവസാന മത്സരത്തിൽ അൽ നസ്റിന് വിജയം അനിവാര്യമായിരുന്നു. സമനില വഴങ്ങിയാൽ കിരീടം ചിരവൈരികളായ അൽ ഹിലാലിന് ലഭിക്കുമെന്ന കടുത്ത സമ്മർദത്തിലാണ് ടീം ഇറങ്ങിയത്. 34-ാം മിനിറ്റിൽ ജാവോ ഫെലിക്സിന്റെ കോർണർ കിക്ക് ഹെഡ്ഡറിലൂടെ വലയിലാക്കി സാഡിയോ മാനെ അൽ നസ്റിന് ആദ്യ ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ (51' മിനിറ്റ്) കിങ്‌സ്‌ലി കോമാൻ ബോക്സിന് പുറത്തുനിന്നുള്ള മനോഹരമായ ഷോട്ടിലൂടെ ലീഡ് 2-0 ആക്കി ഉയർത്തി.
58-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി മൊർലെയ് സില്ല ദമാക് എഫ്സിക്ക് പ്രതീക്ഷ നൽകി (2-1). അൽ നസ്ർ ആരാധകർ ഒന്ന് ഭയന്നെങ്കിലും 62-ാം മിനിറ്റിൽ തകർപ്പൻ ഫ്രീ കിക്ക് ഗോളിലൂടെ റൊണാൾഡോ സ്കോർ 3-1 ആക്കി. തുടർന്ന് 80-ാം മിനിറ്റിൽ ബോക്സിനുള്ളിലെ ലൂസ് ബോൾ വലയിലെത്തിച്ച് റൊണാൾഡോ ടീമിന്റെ വിജയവും ലീഗ് കിരീടവും ഉറപ്പിച്ചു (4-1).
സീസണിലുടനീളം അൽ നസ്റും അൽ ഹിലാലും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നത്. കഴിഞ്ഞയാഴ്ച അൽ ഹിലാലിനോട് സമനില വഴങ്ങിയതും എഎഫ്സി ചാംപ്യൻസ് ലീഗ് ടു ഫൈനലിൽ ഗാംബ ഒസാക്കയോട് പരാജയപ്പെട്ടതും അൽ നസ്റിന് മേൽ വലിയ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ അവസാന ലീഗ് മത്സരത്തിൽ അൽ നസ്ർ ജയം പിടിച്ചതോടെ 86 പോയിന്റോടെ അവർ ഒന്നാമതെത്തി. അവസാന മത്സരത്തിൽ അൽ ഫയ്ഹയെ 1-0 ന് തോൽപ്പിച്ചെങ്കിലും അൽ ഹിലാലിന് (84 പോയിന്റ്) രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ടൂർണമെന്റിൽ റൊണാൾഡോ ആകെ 28 ഗോളുകൾ നേടി ടീമിനെ മുന്നിൽ നിന്ന് നയിച്ചു.
∙ വികാരാധീനനായി റൊണാൾഡോമത്സരത്തിന്റെ അവസാന മിനിറ്റുകളിൽ (83-ാം മിനിറ്റിൽ) കോച്ച് റൊണാൾഡോയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്ത് ബെഞ്ചിലേക്ക് ഇരുത്തി. മൂന്ന് വർഷത്തെ കഠിനാധ്വാനത്തിനും വലിയ വിമർശനങ്ങൾക്കും ഒടുവിൽ കിരീട നേട്ടത്തിലേക്ക് എത്തിയ ആ നിമിഷത്തിൽ 41 വയസ്സുകാരനായ താരം വികാരാധീനനായി. മുഖം കൈകൾ കൊണ്ട് മറച്ച് ബെഞ്ചിലിരുന്ന് താരം വിങ്ങിപ്പൊട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി. കഴിഞ്ഞ രണ്ട് സീസണുകളിലും കിരീടത്തിനരികിലെത്തി കൈവിട്ടതിന്റെ നിരാശയ്ക്ക് ശേഷമുള്ള ഈ വിജയം താരത്തിന് വ്യക്തിപരമായ വീണ്ടെടുപ്പായി.
കിരീടം ഉറപ്പായതോടെ കണ്ണീരണിഞ്ഞ റൊണാൾഡോ പിന്നീട് കാണികൾക്കൊപ്പം ഡ്രംസ് അടിച്ചും പോർച്ചുഗൽ പതാക കഴുത്തിൽ അണിഞ്ഞും വിജയം ആഘോഷമാക്കി മാറ്റി. ഇതോടെ ഇംഗ്ലണ്ട് (മാഞ്ചസ്റ്റർ യുണൈറ്റഡ്), സ്പെയിൻ (റയൽ മാഡ്രിഡ്), ഇറ്റലി (യുവന്റസ്), സൗദി അറേബ്യ (അൽ നസർ) എന്നീ നാല് വ്യത്യസ്ത രാജ്യങ്ങളിൽ ലീഗ് കിരീടം നേടുന്ന അപൂർവ്വ താരമെന്ന ഖ്യാതിയും സിആർ7 സ്വന്തമാക്കി. അഞ്ച് യുവേഫ ചാംപ്യൻസ് ലീഗ് കിരീടങ്ങളും താരത്തിനുണ്ട്. തന്റെ കരിയറിലെ 973-ാം ഗോളും കുറിച്ചാണ് റൊണാൾഡോ ഫിഫ ലോകകപ്പ് കളത്തിലേക്ക് ഇറങ്ങുന്നത്.
English Summary:







English (US) ·