Published: July 08, 2026 04:06 PM IST
2 minute Read
ബാറ്റ്മാൻ മനുഷ്യനാണ്. മറ്റു സൂപ്പർ ഹീറോസിനെ പോലെ അമാനുഷിക ശേഷികൾ ഒന്നുമില്ല. തലയ്ക്കു നേരെ പതിക്കാവുന്ന ഒരു ബുള്ളറ്റിൽ തീരാവുന്ന വീര്യം മാത്രമേ അവകാശപ്പെടാനുള്ളൂ. എന്നിട്ടും സൂപ്പർ ഹീറോസിന്റെ ഇടയിലെ ഹീറോ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, ബാറ്റ്മാൻ. ഫുട്ബോളിലൊരു ബാറ്റ്മാൻ ഉണ്ടെങ്കിൽ അതു ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. പൂർണമായി ‘സെൽഫ് മെയ്ഡ്’ എന്നു വിശേഷിപ്പിക്കാവുന്ന അത്‌ലീറ്റ്. കാലങ്ങൾ നീണ്ട നിരന്തര പരിശീലനത്തിലൂടെ മിനുക്കിയെടുത്ത കഴിവുകൾ, അച്ചടക്കമുള്ള ജീവിതശൈലിയിലൂടെ പണിതെടുത്ത യന്ത്രഘടനയുള്ള ശരീരം, ആർക്കും തകർക്കാൻ കഴിയാത്ത മനോബലം... ഇതെല്ലാം ഒത്തുചേർന്നു രൂപപ്പെട്ട റൊണാൾഡോയെന്ന പൂർണകായ ഫുട്ബോളർ ഇനി ലോകകപ്പിനുണ്ടാകില്ല. സ്പെയിനെതിരെ പോർച്ചുഗലിന്റെ തോൽവിയോടെ റോണോ ലോകകപ്പിനോടു വിടപറഞ്ഞു.
What you should work next
20 റോണോ വർഷങ്ങൾ
ജനന സർട്ടിഫിക്കറ്റ് ഇല്ലായിരുന്നെങ്കിൽ ക്രിസ്റ്റ്യാനോയ്ക്കു 41 വയസ്സായെന്നു തെളിയിക്കാൻ പാടുപെടേണ്ടിവന്നേനെ. 2006 ജൂൺ 11നു തന്റെ 21–ാം വയസ്സിൽ അംഗോളയ്ക്കെതിരെ ലോകകപ്പിൽ അരങ്ങേറുന്ന കാലത്തേതിൽ നിന്നു രണ്ടു പതിറ്റാണ്ടിനിടെ റൊണാൾഡോയുടെ ശരീരത്തിനുണ്ടായ മാറ്റം പേശീസൗന്ദര്യം കൂടിയെന്നതു മാത്രമാണ്. ആറു ലോകകപ്പുകളിൽ ഗോളടിച്ച ഏക താരമെന്ന റെക്കോർഡാണ് ഇത്തവണത്തെ പ്രകടനത്തിന്റെ ഹൈലൈറ്റ്. താൻ കന്നി ലോകകപ്പ് കളിക്കുമ്പോൾ ജനിച്ചിട്ടില്ലാത്ത ലമീൻ യമാൽ, ഗിൽബർട്ടോ മോറ, ഇബ്രാഹിം എംബായെ, എൻഡ്രിക് തുടങ്ങിയ യുവതുർക്കികളോടു ചെറുപ്പം വിടാതെ മത്സരിക്കാൻ അദ്ദേഹത്തിനു കഴിയുന്നു. ഉസ്ബെക്കിസ്ഥാന് എതിരായ കളിയിൽ ഇരട്ട ഗോളും ക്രൊയേഷ്യയ്ക്കെതിരെ ഒരു ഗോളുമടക്കം ആകെ 3 ഗോളടിച്ചു രാജകീയമായാണു വിടവാങ്ങൽ. ലോകകപ്പിലെ ആകെ ഗോൾനേട്ടം ഇതോടെ 11 ആയി. കരിയറിലെ മൊത്തം കണക്കുകളോരോന്നും ഓരോ റെക്കോർഡുകളാണ്. ഏറ്റവുമധികം രാജ്യാന്തര ഗോളുകൾ (146), ഏറ്റവുമധികം രാജ്യാന്തര മത്സരങ്ങൾ (233), പോർച്ചുഗലിനായി ഏറ്റവുമധികം ലോകകപ്പ് ഗോളുകൾ(11), യൂറോ കപ്പുകളിൽ ഏറ്റവുമധികം ഗോളുകൾ(14) എന്നിങ്ങനെ നീളും കണക്കുകൾ. റയൽ മഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ് എന്നിങ്ങനെ അൽ നസ്റിലെത്തി നിൽക്കുന്ന ക്ലബ് കരിയർ കൂടി ചേർക്കുമ്പോൾ ആകെ ഗോളെണ്ണം 976.
തനിയൊരുവൻ
2006 ലോകകപ്പിലെ ആദ്യ കളിക്കു മുൻപു പത്രസമ്മേളനത്തിനിടെ അന്നു റൊണാൾഡോ പറഞ്ഞു: ‘ഇനിയൊരു ലോകകപ്പിന് എനിക്ക് അവസരം ലഭിക്കണമെന്നില്ല. ഇന്നത്തേത് അവസാന കളിയാകരുതെന്നേ എനിക്കുള്ളൂ. അതുകൊണ്ടു പരമാവധി ഞാൻ ആസ്വദിച്ചു കളിക്കും.’ പിന്നീടെപ്പോഴും ഇതു തന്നെയായിരുന്നു റൊണാൾഡോയുടെ മോട്ടോ. സ്പെയിനിനെതിരെ അവസാന കളിയുടെ മുൻപു പത്രസമ്മേളനത്തിലും അദ്ദേഹം ഏതാണ്ട് ഇതേ വാചകങ്ങൾ ആവർത്തിച്ചു. കിരീടമായിരുന്നു സ്വപ്നമെങ്കിലും ഒറ്റയ്ക്കു നേടാവുന്ന ലക്ഷ്യമല്ലാത്തതിനാൽ സാധ്യമായില്ല. 2006ൽ സെമിഫൈനലിലെത്താൻ കഴിഞ്ഞതൊഴിച്ചാൽ കിരീടത്തിന് അരികിലെത്താൻ കഴിയാതെ ഓരോവട്ടവും മടങ്ങി. ഒരു തവണ ക്വാർട്ടറിലും 3 തവണ പ്രീക്വാർട്ടറിലും ഒരുവട്ടം ഗ്രൂപ്പ് ഘട്ടത്തിലും പോർച്ചുഗൽ വീഴുന്നതിനു വേദനയോടെ സാക്ഷിയായി. അപ്പോഴും സ്വയം കൂടുതൽ മെച്ചപ്പെടുത്തി, കൂടുതൽ ആത്മവിശ്വാസത്തോടെ വീണ്ടുമെത്തി. തനിക്കൊത്ത എതിരാളിയെന്നു ലോകം വാഴ്ത്തുന്ന ലയണൽ മെസ്സി ഒടുവിൽ ലോകകിരീടം ചൂടിയപ്പോൾ പരോക്ഷ സമ്മർദം നേരിട്ടതു റൊണാൾഡോയാണ്. സ്പെയിനെതിരായ തോൽവിക്കു ശേഷം അദ്ദേഹം കണ്ണുനീർ മറയ്ക്കാതെ തികഞ്ഞ മനുഷ്യനായി ഗാലറിയെ നോക്കിനിന്നപ്പോൾ ക്രൂശിച്ചവർ പോലും ഉള്ളുകൊണ്ടു നീറിക്കാണും. സമീപകാലങ്ങളിലെ ഓരോ ലോകകപ്പ് കഴിയുമ്പോഴും ആരാധകരും മാധ്യമങ്ങളും പറഞ്ഞിരുന്നു: അദ്ദേഹത്തിനു പ്രായമായി, ഇത് അവസാനത്തേതാണ്. പക്ഷേ, ഓരോ തവണയും റൊണാൾഡോ തിരിച്ചു വന്നുകൊണ്ടിരുന്നു. ഇത്തവണത്തേതു പക്ഷേ അങ്ങനെയല്ല, ഇനിയില്ല...
English Summary:





English (US) ·