Published: June 14, 2026 09:48 PM IST
1 minute Read
ലണ്ടൻ∙ വനിതാ ട്വന്റി20 ലോകകപ്പ് പോരാട്ടത്തിനിടെ പാക്കിസ്ഥാൻ ക്യാപ്റ്റനുമായി ഹസ്തദാനം നടത്താതെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഞായറാഴ്ച ബർമിങ്ങാമിലെ പോരാട്ടത്തിനു മുൻപ് ടോസിനായി എത്തിയപ്പോഴാണ് പാക്കിസ്ഥാൻ ക്യാപ്റ്റനെ ഹർമൻപ്രീത് ഒഴിവാക്കിയത്. ഹസ്തദാനത്തിന് പാക്ക് ക്യാപ്റ്റൻ ഫാത്തിമ സന കൈ നീട്ടിയതുമില്ല. പഹൽഗാം ഭീകരാക്രമണത്തിനും അതിനു മറുപടിയായി ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിലെ ഭീകരതാവളങ്ങൾ ലക്ഷ്യമാക്കി നടത്തിയ ‘ഓപറേഷൻ സിന്ദൂറിനും’ ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പാക്കിസ്ഥാൻ ടീമംഗങ്ങൾക്കു ഹസ്തദാനം നൽകാറില്ല.
ദുബായിൽ നടന്ന ഏഷ്യാകപ്പിലാണ് ആദ്യമായി ഇന്ത്യൻ ക്യാപ്റ്റൻ പാക്ക് ക്യാപ്റ്റന് ഹസ്തദാനം നൽകാതിരുന്നത്. പിന്നീട് ഇതൊരു അനൗദ്യോഗിക നയമായി തുടരുകയായിരുന്നു. കൊളംബോയില്‍ നടന്ന വനിതാ ഏകദിന ലോകകപ്പിലും ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വന്നിരുന്നു. അന്നും ഫാത്തിമ സനയെ ഒഴിവാക്കാനായിരുന്നു ഹർമൻപ്രീതിന്റെ തീരുമാനം. ഹസ്തദാനം ഉണ്ടാകുമോയെന്ന ചോദ്യങ്ങളിൽനിന്ന് വാർത്താ സമ്മേളനത്തിനിടെ ഹർമൻപ്രീത് ഒഴിഞ്ഞുമാറിയിരുന്നു.
രാഷ്ട്രീയ വിഷയങ്ങളിലേക്ക് കടക്കാൻ താത്പര്യമില്ലെന്നും ക്രിക്കറ്റ് മത്സരത്തെക്കുറിച്ച് മാത്രമാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും ഹർമൻപ്രീത് കൗർ വ്യക്തമാക്കി. ‘നമ്മള്‍ ക്രിക്കറ്റിന് വേണ്ടി മാത്രമാണ് ഇവിടെ വന്നിരിക്കുന്നത്. ക്രിക്കറ്റിനെക്കുറിച്ച് മാത്രമേ സംസാരിക്കുകയുള്ളൂ. മറ്റൊന്നിനെക്കുറിച്ചും സംസാരിക്കുന്നില്ല. ക്രിക്കറ്റിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും ഞാന്‍ ചിന്തിക്കുന്നുപോലുമില്ല. ആദ്യ ദിവസം മുതല്‍ ക്രിക്കറ്റാണ് ഞങ്ങളുടെ സ്വപ്നം. മറ്റേതൊരു മത്സരത്തെയും പോലെയേ നാളത്തെ മത്സരത്തെയും ഞങ്ങൾ കാണുന്നുള്ളൂ’– ഹര്‍മന്‍പ്രീത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, ഏത് മത്സരമായാലും സമ്മർദമുണ്ടാകും എന്നും ഇന്ത്യൻ ടീം ക്യാപ്റ്റൻ വ്യക്തമാക്കി. ‘തീര്‍ച്ചയായും സമ്മർദ്ദം ഉണ്ടാകും, ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, പാക്കിസ്ഥാനെതിരെ കളിക്കുമ്പോഴെല്ലാം സമ്മർദം ഉണ്ടാകും. എന്നാല്‍ ആ സമ്മർദത്തെ ഞങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം. കാരണം ഏതൊരു രാജ്യാന്തര മത്സരത്തിലും സമ്മർദം ഉണ്ടാകും. ആ മത്സരത്തില്‍ നിങ്ങളുടെ 100% നല്‍കുകയും ഓരോ നിമിഷവും ആസ്വദിക്കുകയും ചെയ്യുക എന്നുമാത്രമേയുള്ളൂ’– ഹർമൻപ്രീത് കൗർ കൂട്ടിച്ചേര്‍ത്തു.
English Summary:





English (US) ·