ബോസ്റ്റൺ ∙ ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ഐ മത്സരത്തിൽ നോർവേയെ തോൽപ്പിച്ച് ഗ്രൂപ്പ് ചാംപ്യന്മാരായി ഫ്രാൻസ്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഫ്രാൻസിന്റെ തകർപ്പൻ ജയം. ആദ്യ പകുതിയിൽ ഹാട്രിക് ഗോളുമായി ഉസ്മാൻ ഡെംബലെയും ഇൻജറി ടൈമിൽ ഡിസയർ ദുവെയുമാണ് ഫ്രാൻസിനു വേണ്ടി സ്കോർ ചെയ്തത്. 21–ാം മിനിറ്റിൽ ഥെലോ ആസ്ഗാർഡാണ് നോർവെയ്‌ക്കു വേണ്ടി ആശ്വാസ ഗോൾ നേടിയത്. 7, 20, 32 മിനിറ്റുകളിലാണ് ഡെംബലെയുടെ ഗോളുകൾ. മത്സരത്തിൽ സൂപ്പർ സ്ട്രൈക്കർമാരായ കിലിയൻ എംബപ്പെയും എർലിങ് ഹാലണ്ടും തമ്മിലുള്ള നേർക്കുനേർ പോരാട്ടം കാണാനുള്ള അവസരം ആരാധകർക്ക് നഷ്ടമായി. ഹാലണ്ട്, ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡും ഉൾപ്പെടെയുള്ള പത്തു മുൻനിര താരങ്ങൾക്ക് നോർവേ കോച്ച് സ്റ്റാലെ സോൾബാക്കൻ വിശ്രമം അനുവദിച്ചതോടെയാണ് ഇത്.
What you should work next
കിലിയൻ എംബാപെ നൽകിയ തകർപ്പൻ പാസിൽ നിന്നാണ് ആദ്യ ഗോൾ പിറന്നത്. വലത് വിങ്ങിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന ഉസ്മാൻ ഡെംബെലെ പന്ത് സ്വീകരിച്ചു. ഇടതുകാലുകൊണ്ട് ഷോട്ടുതിർക്കാൻ പോകുകയാണെന്ന് നോർവീജിയൻ പ്രതിരോധത്തെ വിശ്വസിപ്പിച്ച താരം ഫേക്ക് ഷോട്ട് നടത്തി ബോക്സിനുള്ളിലേക്ക് കയറി. തുടർന്ന് നോർവേ ഗോൾകീപ്പർ എഗിൽ സെൽവിക്കിനെ കാഴ്ചക്കാരനാക്കി തന്റെ വലതു കാൽ ഷോട്ടിലൂടെ പന്ത് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു. സ്കോർ 1–0.
നോർവേ ബോക്സിലേക്ക് ഫ്രാൻസ് തുടർച്ചയായി ആക്രമണങ്ങൾ അഴിച്ചുവിട്ടതിന്റെ ഫലമായാണ് ഇരുപതാം മിനിറ്റിൽ രണ്ടാമത്തെ ഗോൾ പിറന്നത്. കിലിയൻ എംബപെ നൽകിയ മറ്റൊരു മികച്ച അസിസ്റ്റിലൂടെയാണ് ഈ ഗോളും പിറന്നത്. ബോക്സിന് തൊട്ടുപുറത്തിന്നു ലഭിച്ച പന്തുമായി മുന്നേറിയ ഉസ്മൻ ഡെംബലെ നോർവേ പ്രതിരോധത്തെ കാഴ്ചക്കാരാക്കി നിർത്തി. ഇത്തവണ ബോക്സിന് പുറത്തുനിന്നു തന്റെ ഇടതുകാലുകൊണ്ട് തൊടുത്ത മനോഹരമായ ഒരു കേർവിങ് ഷോട്ട്. ഡെംബലെയ്ക്കു ഡബിൾ. ഫ്രാൻസ്–2, നോർവെ–0.
ഈ ആഘോഷം അവസാനിപ്പിക്കുന്നതിന് മുൻപു തന്നെ നോർവെ അവിശ്വസനീയമാംവിധം ഒരു ഗോൾ മടക്കി. നോർവേ താരം ആൻഡ്രിയാസ് ഷെൽഡെറപ്പ് നൽകിയ പാസാണ് ഈ ഗോളിന് വഴിയൊരുക്കിയത്. കിക്ക്-ഓഫിന് ശേഷം നോർവേ താരങ്ങൾ അതിവേഗം പന്ത് മുന്നോട്ട് എത്തിച്ചു. പന്ത് സ്വീകരിച്ച മധ്യനിര താരം ഥെലോ ആസ്ഗാർഡ്, ഫ്രഞ്ച് പ്രതിരോധത്തെയും ഗോൾകീപ്പർ മൈനാനെയും മറികടന്ന് തൊടുത്ത മനോഹരമായ ഷോട്ടിലൂടെ നോർവേയുടെ ആദ്യ ഗോൾ നേടി.
ഇതോടെ മത്സരത്തിലേക്ക് തിരിച്ചുവരാമെന്നുള്ള നോർവേയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി പത്തു മിനിറ്റിനു ശേഷം ഫ്രാൻസിന്റെ അടുത്ത ഗോളും പിറന്നു, ഡെംബലെയുടെയും. ഓഹേലിയൻ ചൂവാമെനി നൽകിയ അസിസ്റ്റിൽ നിന്നാണ് ഈ ഗോൾ പിറന്നത്. കളിയുടെ 32-ാം മിനിറ്റിൽ ഫ്രാൻസ് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഡെംബലെ നോർവേ ബോക്സിനുള്ളിൽ വച്ച് തന്റെ ക്ലിനിക്കൽ ഫിനിഷിങ് പാടവം ഒരിക്കൽക്കൂടി പുറത്തെടുത്തു. ഈ ഗോളോടെ മത്സരത്തിന്റെ ആദ്യ അരമണിക്കൂറിൽ തന്നെ ഡെംബെലെ തന്റെ മനോഹരമായ ഹാട്രിക് തികയ്ക്കുകയും ഫ്രാൻസിന് 3-1 ന്റെ വ്യക്തമായ മുൻതൂക്കം നൽകുകയും ചെയ്തു.
ആദ്യ പകുതിയിൽ നോർവേയ്ക്ക് ചില മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു. 11-ാം മിനിറ്റിൽ സ്ട്രാൻഡ് ലാർസന് ലഭിച്ച സുവർണ്ണാവസരം പോസ്റ്റിന് മുകളിലൂടെ അടിച്ചു കളഞ്ഞത് അവർക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിൽ നോർവേയുടെ ഓസ്കാർ ബോബ്ബിനെ ചൂവാമെനി ബോക്സിൽ വീഴ്ത്തിയതിന് നോർവേയ്ക്ക് പെനൽറ്റി ലഭിച്ചിരുന്നു. എന്നാൽ നോർവേ ഫോർവേഡ് ജോർഗൻ സ്ട്രാൻഡ് ലാർസൻ എടുത്ത പെനൽറ്റി കിക്ക് ഫ്രഞ്ച് ഗോൾകീപ്പർ മൈനാൻ കിടിലൻ സേവിലൂടെ തടുക്കുകയായിരുന്നു.
64-ാം മിനിറ്റിൽ ഹാട്രിക് ഹീറോ ഡെംബലെയെ പിൻവലിച്ച് ബ്രാഡ്‌ലി ബാർകോളയെ ഫ്രാൻസ് കളത്തിലിറക്കി. ഇൻജറി ടൈമിൽ ബ്രാഡ്ലി ബാർകോളയുടെ അസിസ്റ്റിൽ നിന്ന് യുവതാരം ഡിസയർ ദൂവെ ഫ്രാൻസിന്റെ നാലാം ഗോൾ നേടി നോർവേയുടെ പതനം പൂർത്തിയാക്കി. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച് 9 പോയിന്റോടെ ഫ്രാൻസ് ഗ്രൂപ്പ് ഐ ചാംപ്യന്മാരായി നോക്കൗട്ട് കളിക്കും. തോറ്റെങ്കിലും രണ്ടാം സ്ഥാനക്കാരായി നോർവേയും റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടി.
English Summary:





English (US) ·