ഹാപ്പി വിഷു! ചിന്നസ്വാമിയിൽ ലക്നൗവിന്റെ ‘കുറ്റി’ തെറിപ്പിച്ച് ആർസിബിയുടെ ‘വിളയാട്ടം’, ഇനി ടേബിൾ ടോപ്പർമാർ, ഓറഞ്ച് ക്യാപ് കോലിക്ക്

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: April 15, 2026 10:59 PM IST Updated: April 15, 2026 11:11 PM IST

2 minute Read

ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ആർസിബി താരം വിരാട് കോലിയുടെ ബാറ്റിങ്. X/IPL
ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ആർസിബി താരം വിരാട് കോലിയുടെ ബാറ്റിങ്. X/IPL

ബെംഗളൂരു ∙ വിഷു കേരളത്തിലായിരുന്നെങ്കിലും യഥാർഥ വിഷു ആഘോഷം ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു. ആർസിബിയുടെ ബോളർമാരും ബാറ്റർമാരും ഒരുപോലെ ‘ആഘോഷം’ ഗംഭീരമാക്കിയതോടെ ലക്നൗ സൂപ്പർ ജയന്റ്സിന് തീരെ ‘ലക്ക്’ ഇല്ലാതെ പോയി. തീർത്തും ഏകപക്ഷീമായ മത്സരത്തിൽ 5 വിക്കറ്റിനാണ്  ലക്നൗവിനെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു തോൽപ്പിച്ചത്. ലക്നൗ ഉയർത്തിയ 147 റൺസെന്ന കുഞ്ഞൻ വിജയലക്ഷ്യം 15.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ആർസിബി മറികടന്നു.

മറുപടി ബാറ്റിങ്ങിൽ, ഇംപാക്ട് പ്ലെയറായി ഇറങ്ങിയ വിരാട് കോലി (34 പന്തിൽ 49), ക്യാപ്റ്റൻ രജത് പാട്ടീദാർ (13 പന്തിൽ 27), ജിതേഷ് ശർമ (9 പന്തിൽ 23) എന്നിവരുടെ ഇന്നിങ്സാണ് ആർസിബിക്ക് അനായാസ വിജയം സമ്മാനിച്ചത്. ബോളിങ്ങിൽ നാല് വിക്കറ്റ് വീഴ്ത്തിയ റാസിഖ് സലാം ദർ, മൂന്നു വിക്കറ്റ് വീഴ്ത്തി ഭുവനേശ്വർ കുമാർ എന്നിവരാണ് ലക്നൗവിനെ വീഴ്ത്തിയത്. ജയത്തോടെ ആർസിബി, പോയിന്റ് പട്ടികയിൽ ഒന്നാമതായി. ലക്നൗ ഏഴാമതാണ്.

‘സ്ട്രൈക്ക് റേറ്റ് പോര’ എന്നു പഴി പറഞ്ഞവർക്ക് മറുപടിയുമായാണ് വിരാട് കോലി ചേസിങ് ആരംഭിച്ചത്. ഓപ്പണർ ഫിൽ സോൾട്ട് (8 പന്തിൽ 7) തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും മൂന്നാമനായി ഇറങ്ങിയ ദേവ്‌ദത്ത് പടിക്കലിനെ കൂട്ടുപിടിച്ച് കോലി കത്തിക്കയറുകയായിരുന്നു. പവർപ്ലേയിൽ ഫോറുകൊണ്ട് ‘ആറാടിയ’ കിങ്, മൂന്നാം ഓവറിൽ മുഹമ്മദ് ഷമിയെ തുടർച്ചയായി മൂന്നു തവണയും നാലാം ഓവറിൽ പ്രിൻസ് യാദവിനെ തുടർച്ചയായി നാലു തവണയും ബൗണ്ടറി പായിച്ചു. പവർപ്ലേ അവസാനിക്കുമ്പോൾ 1ന് 60 എന്ന നിലയിലായിരുന്നു ആർസിബി. വിരാട് കോലി, 20 പന്തിൽ 40ഉം.

എന്നാൽ ഇതിനുശേഷം റൺറേറ്റ് അൽപം താഴ്ന്നു. എട്ടാം ഓവറിൽ ദേവ്‍‌ദത്ത് പടിക്കലിനെ (11 പന്തിൽ 10) ആവേശ് ഖാൻ പുറത്താക്കുകയും ചെയ്തു. ഇതിനു ശേഷം രജത് പാട്ടീദാർ ക്രീസിലെത്തിയതോടെ ആർസിബി ഇന്നിങ്സിനു വീണ്ടും ജീവൻ വച്ചു. 11–ാം ഓവറിൽ, അർധസെഞ്ചറിക്ക് വെറും ഒരു റൺ അകലെ കോലി പുറത്തായി. ആവേശ് ഖാന്റെ പന്തിൽ, നിക്കോളാസ് പുരാനാണ് കോലിയെ കയ്യിലൊതുക്കിയത്. എങ്കിലും റൺവേട്ടക്കാരിൽ ഒന്നാമനായി, ഓറഞ്ച് ക്യാപും തലയിലേറ്റിയാണ് കിങ് മടങ്ങിയത്.

പിന്നീട് തകർത്തടിച്ച പാട്ടീദാറിനെയും ജിതേഷ് ശർമയെയും പ്രിൻസ് യാദവ് ഒരേ ഓവറിൽ പുറത്താക്കിയെങ്കിലും ആറാം വിക്കറ്റിൽ ഒന്നിച്ച ടിം ഡേവിഡ് (8 പന്തിൽ 14*), റൊമാരിയോ ഷെപ്പേർഡ് (8 പന്തിൽ 14*) സഖ്യം ആർസിബിയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. പ്രിൻസ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ആവേശ് ഖാൻ രണ്ടു വിക്കറ്റെടുത്തു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നവിന്റെ ബാറ്റിങ് നിരയിൽ ഓപ്പണർ മിച്ചൽ മാർഷ് (32 പന്തിൽ 40), മുകുൾ ചൗധരി (28 പന്തിൽ 39), ആയുഷ് ബദോനി (24 പന്തിൽ 38), എയ്ഡൻ മാർക്രം (8 പന്തിൽ 12) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. 20 ഓവറിൽ 146 റൺസിന് ലക്നൗ ഓൾഔട്ടാകുകയായിരുന്നു. പത്തു വിക്കറ്റിൽ അഞ്ചും ബൗൾഡാണ്. റാസിഖ് സലാം ദർ നാലും ഭുവനേശ്വർ കുമാർ മൂന്നും ക്രുണാൽ പാണ്ഡ്യ രണ്ടും ഹെയ്‌സൽവുഡ് ഒരു വിക്കറ്റും വീതം വീഴ്ത്തി.

English Summary:

IPL 2026: Royal Challengers Bengaluru vs Lucknow Super Giants, Live Score

Read Entire Article