Published: September 02, 2026 08:41 AM IST
1 minute Read
മുംബൈ ∙ മാസങ്ങൾ നീണ്ട ട്രേഡ് അഭ്യൂഹങ്ങൾക്കൊടുവിൽ, ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിൽ തന്നെ തുടർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഹാർദിക്കുമായി ബന്ധപ്പെട്ട കൈമാറ്റ ചർച്ചകൾ ഇതുവരെ ഫലപ്രാപ്തിയിൽ എത്തിയിട്ടില്ലെന്നും അനുയോജ്യമായ ഡീലുകളൊന്നും മുംബൈയ്ക്ക് ലഭിച്ചിട്ടില്ലെന്നുമാണ് വിവരം. അതിനാൽ 2027 ഐപിഎൽ സീസണിലും ഹാർദിക് ഫ്രാഞ്ചൈസിക്കൊപ്പം തുടരുമെന്നാണ് വിവരം. എന്നാൽ, ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഹാർദിക് പാണ്ഡ്യയെ നീക്കുമെന്നാണ് റിപ്പോർട്ട്. പുതിയ ക്യാപ്റ്റനെ നിശ്ചയിക്കുന്ന ചർച്ചകളിൽ രോഹിത് ശർമയ്ക്ക് വലിയ പങ്കുണ്ടെന്നും സൂചനയുണ്ട്.
What you should work next
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, അടുത്ത സീസൺ മുതൽ പുതിയൊരു ക്യാപ്റ്റന് കീഴിൽ കളിക്കാനാണ് മുംബൈ ഇന്ത്യൻസ് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. ഫ്രാഞ്ചൈസിയെ അഞ്ച് തവണ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച രോഹിത് ശർമയ്ക്ക് വീണ്ടും ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ താൽപര്യമില്ല. പകരം, ഫ്രാഞ്ചൈസിയുടെ നേതൃത്വം ഇനി ആര് ഏറ്റെടുക്കണമെന്ന കാര്യത്തിലുള്ള ചർച്ചകളിൽ താരം സജീവമായി പങ്കെടുക്കുന്നുണ്ട്. ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിലക് വർമ, ജസ്പ്രീത് ബുമ്ര എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്. നിലവിലെ സാഹചര്യത്തിൽ തിലക് വർമയ്ക്കാണ് കൂടുതൽ സാധ്യതയെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഹാർദിക്കിന്റെ ട്രേഡുമായി ബന്ധപ്പെട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി മുംബൈ ചർച്ചകൾ നടത്തിയിരുന്നു. ഹാർദിക്കിനു പകരമായി ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ നൽകാമെന്ന് കൊൽക്കത്ത നിർദേശിച്ചെങ്കിലും മുംബൈ അതിന് തയാറായില്ല. ചെന്നൈ സൂപ്പർ കിങ്സ്, അവരുടെ പുതിയ ഹെഡ് കോച്ചിനെ തീരുമാനിച്ചതിന് ശേഷം അവരുമായും ചർച്ചകൾ നടന്നേക്കും.
അതേസമയം, മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ 2027 ഐപിഎലിലും മുംബൈ ഇന്ത്യൻസ് നിലനിർത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ‘‘കഴിഞ്ഞ സീസൺ അദ്ദേഹത്തിന് അത്ര മികച്ചതായിരുന്നില്ല എന്നത് ശരിയാണ്, എന്നാൽ അതിന് മുൻപുള്ള സീസണുകളിലെ പ്രകടനം നോക്കൂ? ഒരു സീസണിലെ പ്രകടനത്തിന്റെ പേരിൽ മുംബൈ ഒരു കളിക്കാരനെയും ഒഴിവാക്കാറില്ല, അത് അവരുടെ രീതിയല്ല.’’– മുംബൈ ഇന്ത്യൻസുമായി ബന്ധപ്പെട്ട അടുത്തവൃത്തം പറഞ്ഞു.
രണ്ടു വർഷത്തെ കരാറിലൊപ്പിട്ട മഹേല ജയവർധനെ ഒരു വർഷം കൂടി ടീമിന്റെ ഹെഡ് കോച്ചായി തുടരുമെന്നും റിപ്പോർട്ടുകൾ കൂട്ടിച്ചേർക്കുന്നു. 2027ഐപിഎൽ സീസണിന് ശേഷം മെഗാ ലേലം നടക്കാതിരിക്കുന്നന്നതിനാലാണ് മുംബൈ ഇന്ത്യൻസ് ടീം ഇപ്പോൾ വലിയ അഴിച്ചുപണികൾക്ക് മുതിരാത്തത്.
English Summary:






English (US) ·