Published: April 13, 2026 11:11 AM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ തുടർച്ചയായ മൂന്നാം തോൽവിയാണ് മുംബൈ ഇന്ത്യൻസ് വഴങ്ങിയത്. ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തിൽ 18 റൺസ് വിജയം ആർസിബി സ്വന്തമാക്കി. ആര്‍സിബി ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. മൂന്നാം വിജയത്തോടെ ആറു പോയിന്റുള്ള ആർസിബി മൂന്നാം സ്ഥാനത്താണ്. അതേസമയം രണ്ടു പോയിന്റു മാത്രമുള്ള മുംബൈ എട്ടാമതാണ്. അവസാന പന്തുകളിൽ തകർത്തടിച്ച് അർധ സെഞ്ചറി നേടിയ ഷെർഫെയ്ൻ റുഥര്‍ഫോഡാണ് മുംബൈയുടെ ടോപ് സ്കോറര്‍. ഒന്‍പതു സിക്സുകൾ ബൗണ്ടറി കടത്തിയ റുഥർഫോഡ് 31 പന്തിൽ 71 റണ്‍സുമായി പുറത്താകാതെനിന്നു.
മത്സരത്തിൽ 22 പന്തുകൾ നേരിട്ട മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 40 റൺസടിച്ചു പുറത്തായിരുന്നു. അതേസമയം ഹാർദിക് പാണ്ഡ്യ പുറത്തായപ്പോൾ, സഹോദരൻ ക്രുനാൽ പാണ്ഡ്യ നടത്തിയ ആഘോഷ പ്രകടനമാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ചാ വിഷയം. 15–ാം ഓവറില്‍ ജേക്കബ് ഡഫിയുടെ പന്തിൽ റൊമാരിയോ ഷെഫേർഡ് ക്യാച്ചെടുത്താണ് ഹാർദിക് പുറത്താകുന്നത്. ഷെഫേർഡിനു സമീപത്തേക്ക് ഓടിയെത്തിയ ക്രുനാൽ പാണ്ഡ്യ സന്തോഷത്തിൽ തുള്ളിച്ചാടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സാധാരണ എതിരെ കളിക്കുന്ന ഹാർദിക്കിന്റെ വിക്കറ്റു വീഴുമ്പോൾ വലിയ ആഘോഷങ്ങൾക്കു ക്രുനാൽ നിൽക്കാറില്ല.
ആർസിബിയുടെ വിജയമുറപ്പിക്കുന്നതിൽ നിർണായകമായ വിക്കറ്റു വീണപ്പോൾ, സഹോദരനെന്നു നോക്കാതെ ക്രുനാൽ ആഘോഷിച്ചതായാണ് ആരാധകർ വാദിക്കുന്നത്. എന്നാൽ കുറച്ചു നാളുകളായി ഹാര്‍ദിക് പാണ്ഡ്യയും ക്രുനാലും തമ്മിൽ അകൽച്ചയിലാണെന്നും റിപ്പോർട്ടുകളുണ്ട്. അതിന്റെ തുടർച്ചയായിട്ടാണോ ഇത്ര വലിയ ആഘോഷമെന്നും വ്യക്തമല്ല. മത്സരത്തിൽ നാലോവറുകൾ പന്തെറിഞ്ഞ ക്രുനാൽ പാണ്ഡ്യ 26 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.
English Summary:






English (US) ·