Published: May 04, 2026 03:54 PM IST Updated: May 04, 2026 07:18 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യന്‍സിന്റെ മോശം പ്രകടനത്തിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മാത്രമല്ല ഉത്തരവാദിയെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ക്യാപ്റ്റനെന്ന നിലയിൽ പാണ്ഡ്യയ്ക്ക് ടീമിൽനിന്നു പിന്തുണ ലഭിക്കുന്നില്ലെന്ന് മനോജ് തിവാരി പ്രതികരിച്ചു. ഐപിഎൽ 2026 സീസണില്‍ ഒൻപതു മത്സരങ്ങൾ പൂർത്തിയാക്കിയ മുംബൈ രണ്ടെണ്ണം മാത്രമാണു വിജയിച്ചത്. നാലു പോയിന്റുമായി പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് മുംബൈ ഉള്ളത്. മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകളും അവസാനിച്ച ഘട്ടത്തിലാണ് താരങ്ങൾക്കെതിരെ മനോജ് തിവാരിയുടെ വിമർശനം.
ടീമില്‍ ഹാർദിക് പാണ്ഡ്യ ഒറ്റപ്പെട്ടതായും തുടർച്ചയായുള്ള തോൽവികളിൽ താരത്തിന് ആരുടെയും പിന്തുണ ലഭിച്ചില്ലെന്നും തിവാരി ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. ‘‘ഞാന്‍ കാണുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണു സംസാരിക്കുന്നത്. ക്രിക്കറ്റിൽ ഒരു ക്യാപ്റ്റനിൽ എല്ലാ താരങ്ങൾക്കും ആത്മവിശ്വാസം ഉണ്ടായിരിക്കണം. ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം ഒരാൾ പോലും നിൽക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല. അദ്ദേഹത്തിന് ഇപ്പോൾ പിന്തുണയാണു ലഭിക്കേണ്ടത്. എന്നാൽ അതു സംഭവിക്കുന്നില്ല.’’– മനോജ് തിവാരി പ്രതികരിച്ചു.
‘‘ക്യാപ്റ്റനും ഉത്തരവാദിത്തമുണ്ട്. പാണ്ഡ്യ നന്നായി കളിക്കുന്നില്ല. എന്നാൽ അതിനുമപ്പുറം മറ്റു താരങ്ങളും ഉത്തരവാദിത്തം ഏറ്റെടുക്കണം. സൂര്യകുമാർ യാദവ് ഇതുവരെ സ്ഥിരതയുള്ള പ്രകടനം നടത്തിയിട്ടില്ല. തിലക് വര്‍മയ്ക്കും മികച്ച പ്രകടനങ്ങൾ തുടരാൻ സാധിച്ചിട്ടില്ല. ഇങ്ങനെയൊരു ടീമിനെവച്ച് എങ്ങനെ മുന്നോട്ടു പോകും. ഇത് വളരെ നിരാശപ്പെടുത്തുന്നതാണ്.’’– തിവാരി വ്യക്തമാക്കി.
അതേസമയം അഞ്ചു തവണ ചാംപ്യൻമാരായ മുംബൈയുടെ ഈ സീസണിലെ സാധ്യതകൾ ഏറക്കുറെ അവസാനിച്ചതായി മുൻ ഇന്ത്യന്‍ താരം മുരളി കാര്‍ത്തിക്കും പ്രതികരിച്ചു. ‘‘മുംബൈയ്ക്ക് ഇനി അഞ്ച് മത്സരങ്ങളാണുള്ളത്. അതെല്ലാം ജയിച്ചാലും 14 പോയിന്റ് മാത്രമാണ് സ്വന്തമാകുക. കൂടാതെ നിലവിൽ പട്ടികയിൽ മുന്നിലുള്ള ടീമുകൾ പിന്നോട്ടുപോകുകയും വേണം. അതു സംഭവിക്കുമെന്നു തോന്നുന്നില്ല.’’– കാർത്തിക്ക് പ്രതികരിച്ചു.
സൂപ്പർ താരങ്ങള്‍ അണിനിരന്നിട്ടും ക്ലബ്ബ് നിരാശപ്പെടുത്തുന്നതിൽ മാനേജ്മെന്റും അസ്വസ്ഥരാണ്. ഓപ്പണർ രോഹിത് ശർമ പരുക്കേറ്റ് ടീമിനു പുറത്താണ്. പേസർ ജസ്പ്രീത് ബുമ്രയ്ക്കു തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കുന്നില്ല.
English Summary:







English (US) ·