ഹിൽ സ്റ്റേഷനിൽ 3.86 ഏക്കർ സ്ഥലം വാങ്ങി, കോടികൾ വാരിയെറിഞ്ഞ് സച്ചിൻ തെൻഡുൽക്കർ

1 week ago 5

ഓൺലൈൻ ഡെസ്ക്

Published: September 09, 2026 10:33 AM IST

1 minute Read

sachin-tendulkar-home
സച്ചിൻ തെൻഡുൽക്കർ കുടുംബത്തിനൊപ്പം

മുംബൈ∙ മുംബൈയ്ക്കു സമീപമുള്ള ലോണാവാലയിൽ 3.86 ഏക്കർ സ്ഥലം വാങ്ങി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുൽക്കര്‍. 70 കോടി രൂപയിലേറെ മുടക്കിയാണ് ഹിൽസ്റ്റേഷനിൽ സച്ചിൻ ഇത്രയധികം ഭൂമി വാങ്ങിയതെന്നാണു വിവരം. മൂന്ന് വ്യത്യസ്ത കൈമാറ്റ ആധാരങ്ങൾ വഴിയാണ് സച്ചിൻ ഭൂമി വാങ്ങിയത്. ഭൂമിക്കു പുറമേ 2,100 ചതുരശ്ര അടിയുള്ള ഒരു കെട്ടിടവും സച്ചിൻ സ്വന്തമാക്കിയിട്ടുണ്ട്. 3.09 ഏക്കർ വരുന്ന ആദ്യത്തെ സ്ഥലത്തിനായി 63.69 കോടി രൂപ സച്ചിൻ ചെലവാക്കിയിട്ടുണ്ട്.

What you should work next

രണ്ടാമത്തെ സ്ഥലത്തിന് 4.56 കോടിയും മൂന്നാമത്തെ സ്ഥലത്തിന് 1.75 കോടിയും നൽകി. 3.09 ഏക്കർ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം 100 ശതമാനവും സച്ചിൻ തെൻഡുൽക്കർക്കു മാത്രമാണ്. മറ്റു രണ്ടു സ്ഥലങ്ങളുടെ 50 ശതമാനം ഓഹരിയാണ് സച്ചിനുള്ളത്. ഇടപാടിനായി 4.20 കോടി രൂപ സ്റ്റാംപ് ഡ്യൂട്ടിയായും 90,000 രൂപ റജിസ്ട്രേഷൻ ഫീസായും അടച്ചിട്ടുണ്ട്.

മുംബൈയിൽനിന്ന് 100 കിലോമീറ്ററും പുണെയിൽനിന്ന് 60 കിലോ മീറ്ററും ദൂരത്താണ് ലോണാവാല. മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണിത്. ബിസിനസ് വമ്പന്‍മാർക്കും സെലിബ്രിറ്റികൾക്കും ഇവിടെ വീടുകളും ബംഗ്ലാവുകളും ഹോട്ടലുകളുമുണ്ട്. മുംബൈ, പുണെ, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നുള്ള നിക്ഷേപകരാണ് ഇവിടെ കൂടുതൽ ഭൂമി വാങ്ങുന്നതെന്നാണു വിവരം. കഴിഞ്ഞ വർഷം സ്റ്റാഫുകൾക്കു താമസിക്കുന്നതിനായി സച്ചിന്റെ ഭാര്യ അഞ്ജലി വിരാറിൽ 32 ലക്ഷത്തിന്റെ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരുന്നു.

What you should work next

സച്ചിൻ തെൻഡുൽക്കർക്ക് 1600 കോടിയോളം രൂപ മൂല്യമുള്ള സ്വത്തുക്കളുണ്ടെന്നാണു വിവരം. ക്രിക്കറ്റിൽനിന്നു വിരമിച്ചിട്ട് വർഷങ്ങളായെങ്കിലും ഇപ്പോഴും വലിയ പരസ്യവരുമാനമുൾപ്പടെ സച്ചിനു ലഭിക്കുന്നുണ്ട്. ഏകദേശം 18 മുതല്‍ 20 കോടി രൂപ വരെ സച്ചിന് പരസ്യങ്ങളിൽനിന്നു മാത്രം ലഭിക്കുന്നുണ്ട്. മുംബൈയിലെ ബാന്ദ്രയിലുള്ള സച്ചിന്റെ ബംഗ്ലാവിന് 100 കോടിയിലേറെ മൂല്യമുണ്ട്.

English Summary:

Sachin Tendulkar Spends Rs 70 Crore On Lonavala Property

Read Entire Article