ഹെഡിന്റെ ‘ക്ലാസ്’, ക്ലാസന്റെ ‘മാസ്’; തുടർച്ചയായ അഞ്ചാം ജയത്തോടെ കുതിച്ച് സൺറൈസേഴ്സ്; വാങ്കഡേയിൽ പിന്നേം തോറ്റ് മുംബൈ

1 month ago 4

മുംബൈ∙ റയാൻ റിക്കിൾട്ടൻ ഒറ്റയ്ക്കു നേടിയത് മറികടക്കാൻ സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റർമാർ ‘ഒരുമിച്ച്’ ഇറങ്ങിയപ്പോൾ വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനു വീണ്ടും തോൽവി. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ആറു വിക്കറ്റിനാണ് മുംബൈയുടെ തോൽവി. മുംബൈ ഉയർത്തിയ 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 18.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അർധസെഞ്ചറി നേടിയ ട്രാവിസ് ഹെഡ് (30 പന്തിൽ 76), ഹെൻറിച്ച് ക്ലാസൻ (30 പന്തിൽ 65*) അഭിഷേക് ശർമ (24 പന്തിൽ 45), സലിൽ അറോറ (10 പന്തിൽ 30*) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് കൂറ്റൻ വിജയലക്ഷ്യം ഹൈദരാബാദ് മറികടന്നത്. മുംബൈയ്ക്കു വേണ്ടി സെഞ്ചറി നേടിയ റയാൻ റിക്കിൾട്ടന്റെ (55 പന്തിൽ 123) ഇന്നിങ്സ് വിഫലമായി. സീസണിൽ തുടർച്ചയായ അഞ്ചാം ജയത്തോടെ ഹൈദരാബാദ് മൂന്നാം സ്ഥാനത്തേയ്ക്കു കയറി. മുംബൈ ഒൻപതാം സ്ഥാനത്താണ്.

മറുപടി ബാറ്റിങ്ങിൽ, ഓപ്പണർമാരായ അഭിഷേക് ശർമയും ട്രാവിസ് ഹെഡും ചേർന്ന് തകർപ്പൻ തുടക്കമാണ് ഹൈദരാബാദിന് നൽകിയത്. പവർപ്ലേയിൽ ഇരുവരും ചേർന്ന് 92 റൺസാണ് അടിച്ചെടുത്തത്. ഈ സീസണിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പവർപ്ലേ സ്കോറാണിത്. ഒൻപതാം ഓവറിൽ അഭിഷേക് പുറത്താകുമ്പോൾ ഹൈദരാബാദ് സ്കോർ 129ൽ എത്തിയിരുന്നു. തൊട്ടടുത്ത പന്തിൽ തന്നെ ഇഷാൻ കിഷനും ഗോൾഡൻ ഡക്കായി മടങ്ങിയെങ്കിലും ഹൈദരാബാദ് ഇന്നിങ്സിനെ ബാധിച്ചില്ല. പത്താം ഓവറിൽ ഹെഡും പുറത്തായതോടെ ഇന്നിങ്സ് തോളിലേറ്റിയ ക്ലാസൻ ടീമിനെ അനായാസം വിജയത്തിലേക്ക് നയിച്ചു. ഹെഡ് 20 പന്തിൽ അർധസെഞ്ചറി നേടിയപ്പോൾ 22 പന്തിലാണ് ക്ലാസന്റെ ഫിഫ്റ്റി. നിതീഷ് കുമാർ റെഡ്ഡി (17 പന്തിൽ 21) പുറത്തായതിനു പിന്നാലെ എത്തിയ സലിൽ അറോറയുടെ (10 പന്തിൽ 30*) മിന്നൽ ബാറ്റിങ് ഹൈദരാബാദിനെ അതിവേഗം ജയത്തിലേക്ക് എത്തിച്ചു.

∙ റയാൻ സെഞ്ചറി!ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ, 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 243 റൺസെടുത്തത്. സെഞ്ചറി നേടി പുറത്താകാതെ നിന്ന ഓപ്പണർ റയാൻ റിക്കിൾട്ടനിന്റെ ബാറ്റിങ്ങാണ് മുംബൈയ്ക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്. 55 പന്തുകൾ നേരിട്ട താരം 123 റൺസടിച്ചു. എട്ട് സിക്സുകളും പത്തു ഫോറുകളുമാണു റിക്കിൾട്ടൻ ബൗണ്ടറി കടത്തിയത്. വിൽ ജാക്സ് (22 പന്തിൽ 46), ഹാർദിക് പാണ്ഡ്യ (15 പന്തിൽ 31), നമൻ ധീർ (17 പന്തിൽ 22) എന്നിവരാണ് മുംബൈയുടെ മറ്റു പ്രധാന സ്കോറർമാർ.

സെഞ്ചറി നേടിയ റയാൻ റിക്കിൾട്ടനിന്റെ ആഹ്ലാദം

സെഞ്ചറി നേടിയ റയാൻ റിക്കിൾട്ടനിന്റെ ആഹ്ലാദം

44 പന്തുകളിൽനിന്നാണ് റയാൻ റിക്കിൾട്ടൻ സെഞ്ചറിയിലെത്തിയത്. ഐപിഎലിൽ ഒരു മുംബൈ താരത്തിന്റെ വേഗതയേറിയ സെഞ്ചറിയാണിത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്കായി വിൽ ജാക്സ്– റയാൻ റിക്കിൾട്ടൻ ഓപ്പണിങ് സഖ്യം 93 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇരുവരും തകർത്തടിച്ചപ്പോൾ പവർപ്ലേയിൽ വിക്കറ്റു പോകാതെ 78 റൺസ് വന്നു. വിൽ ജാക്സിനെ ഇഷാൻ കിഷന്റെ കൈകളിലെത്തിച്ച് നിതീഷ് കുമാർ റെഡ്ഡി മുംബൈയ്ക്ക് ആദ്യ പ്രഹരമേൽപിച്ചു.

സൂര്യകുമാർ യാദവ് ഒരിക്കൽ കൂടി നിരാശപ്പെടുത്തി. ഇഷാൻ മലിംഗയ്ക്കാണു സൂര്യയുടെ വിക്കറ്റ്. സ്കോർ 165 ൽ നിൽക്കെ നമൻ ധീറിനെ പ്രഫുൽ ഹിംഗെ, ഹർഷ് ദുബെയുടെ കൈകളിലെത്തിച്ചു. 15.5 ഓവറിൽ മുംബൈ 200 കടന്നു. രണ്ടു വീതം സിക്സുകളും ഫോറുകളും ബൗണ്ടറി കടത്തിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ സാക്കിബ് ഹുസെയ്നാണു പുറത്താക്കിയത്. തിലക് വർമയും (ഏഴ് റൺസ്) നിരാശപ്പെടുത്തി. പ്രഫുൽ ഹിംഗെയുടെ പന്തിൽ ഹെൻറിച് ക്ലാസൻ ക്യാച്ചെടുത്ത് തിലകിനെ മടക്കി.

ഹോം ഗ്രൗണ്ടിൽ ടോസ് വിജയിച്ച മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വാങ്ക‍ഡ‍െയിൽ ഒടുവിൽ നടന്ന 21 മത്സരങ്ങളിലും ടോസ് വിജയിച്ച ക്യാപ്റ്റൽ ബോളിങ്ങാണ് തിരഞ്ഞെടുത്തിരുന്നത്. കാലിനു പരുക്കേറ്റ രോഹിത് ശർമ ഇന്നും പ്ലേയിങ് ഇലവനിലുണ്ടായിരുന്നില്ല. വിൽ ജാക്സ് ആദ്യമായി പ്ലേയിങ് ഇലവനിൽ എത്തിയ മത്സരം കൂടിയാണ് ഇത്.

English Summary:

Indian Premier League 2026, Mumbai Indians vs Sunrisers Hyderabad Match Updates

Read Entire Article