ഹൈദരാബാദിനെ ‘പഞ്ചർ’ ആക്കി മോദി സ്റ്റേഡിയത്തിൽ ഗുജറാത്തിന്റെ ‘ഗർജനം’; തുടർച്ചയായ അഞ്ചാം ജയത്തോടെ ടേബിൾ ടോപ്പർമാർ

2 weeks ago 4

ഓൺലൈൻ ഡെസ്‌ക്

Published: May 12, 2026 11:09 PM IST Updated: May 13, 2026 12:01 AM IST

1 minute Read

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ വിക്കറ്റ് വീഴ്ത്തിയ ഗുജറാത്ത് ടൈറ്റൻസ് താരം ജയ്സൻ ഹോൾഡറുടെ ആഹ്ലാദം. (Photo by Shammi MEHRA / AFP)
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ വിക്കറ്റ് വീഴ്ത്തിയ ഗുജറാത്ത് ടൈറ്റൻസ് താരം ജയ്സൻ ഹോൾഡറുടെ ആഹ്ലാദം. (Photo by Shammi MEHRA / AFP)

അഹമ്മദാബാദ് ∙ ആദ്യ രണ്ടു മത്സരങ്ങളിൽ തോൽവി, പിന്നീട് തുടർച്ചയായ മൂന്നു ജയം, വീണ്ടും രണ്ടു തോൽവികൾ; ഇപ്പോഴിതാ തുടർച്ചയായ അഞ്ചാം ജയത്തോടെ ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാമതായി ഗുജറാത്ത് ടൈറ്റൻസ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 82 റൺസിനു തകർത്താണ് ഗുജറാത്തിന്റെ ‘ഗർജനം’. ഗുജറാത്ത് ഉയർത്തിയ 169 റൺസെന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന്റെ ഇന്നിങ്സ്, 14.5 ഓവറിൽ 86 റൺസിൽ അവസാനിക്കുകയായിരുന്നു.

മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ കഗീസോ റബാദ, ജയ്സൻ ഹോൾഡർ, രണ്ടു വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണ, ഒരോ വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജ്, റാഷിദ് ഖാന്‍ എന്നിവരാണ് ഹൈദരാബാദിനെ തകർത്തത്. 19 റൺസ് നേടിയ പാറ്റ് കമ്മിൻസാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്കോറർ. റൺസ് അടിസ്ഥാനത്തിൽ ഹൈദരാബാദിന്റെ ഏറ്റവും വലിയ തോൽവിയാണിത്. ഒരു മത്സരം കൂടി ജയിച്ചാൽ ഗുജറാത്ത് പ്ലേഓഫിന് യോഗ്യത നേടും.

മറുപടി ബാറ്റിങ്ങിൽ, തുടക്കം മുതൽ ഹൈദരാബാദിനു പിഴച്ചു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ ട്രാവിസ് ഹെഡിനെ മുഹമ്മദ് സിറാജ് സംപൂജ്യനായി മടക്കി. തൊട്ടടുത്ത ഓവറിൽ മറ്റൊരു ഓപ്പണർ‌ അഭിഷേക് ശർമയെ (4 പന്തിൽ 6) കഗീസോ റബാദയും വീഴ്ത്തി. പവർപ്ലേ അവസാനിക്കുന്നതിനു മുൻപു തന്നെ ഇഷാൻ കിഷൻ (7 പന്തിൽ 11), സ്മരണ്‍ രവിചന്ദ്രന്‍ (15 പന്തിൽ 9) എന്നിവരെയും റബാദ മടക്കിയതോടെ ഹൈദരാബാദിന്റെ നില പരുങ്ങലിലായി. പിന്നീട് ഒരിക്കലും പോലും മത്സരത്തിലേക്ക് തിരിച്ചുവരാൻ അവർക്കായില്ല.

അഞ്ചാം വിക്കറ്റിൽ ഹെൻറിച്ച് ക്ലാസൻ– സലിൽ അറോറ സഖ്യം നേടിയ 24 റൺസാണ് ഹൈദരാബാദ് ഇന്നിങ്സിലെ ഉയർന്ന പാർട്ണർഷിപ്. പത്താം ഓവറിൽ സലിൽ അറോറയെ (13 പന്തിൽ 16) വീഴ്ത്തി പ്രസിദ്ധ് കൃഷ്ണയാണ് ആ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറിൽ ക്ലാസൻ (16 പന്തിൽ 14), നിതീഷ് കുമാർ റെഡ്ഡി (4 പന്തിൽ 2) എന്നിവരെ വീഴ്ത്തി ജയ്സൻ ഹോൾഡറുടെ ഇരട്ടപ്രഹരം. എട്ടാമനായി ഇറങ്ങിയ പാറ്റ് കമ്മിൻസ് അൽപനേരം പ്രതിരോധിച്ചെങ്കിലും ഏറെനേരം പിടിച്ചുനിൽക്കാനായില്ല. 14–ാം കമ്മിൻസിനെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ പ്രഫുൽ ഹിൻഗെയെ റാഷിദ് ഖാൻ കൂടി വീഴ്ത്തിയതോടെ ഹൈദരാബാദ് തോൽവി സമ്പൂർണമായി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനെ അർധസെഞ്ചറി നേടിയ സായ് സുദർശൻ (44 പന്തിൽ 61), വാഷിങ്ടൻ സുന്ദർ (33 പന്തിൽ 50) എന്നിവരുടെ ബാറ്റിങ്ങാണ് 20 ഓവറിൽ 5ന് 168 റൺസെന്ന ടോട്ടലിലെത്തിച്ചത്. 14 പന്തിൽ 22 റൺസെടുത്ത നിഷാന്ത് സിന്ധുവും പൊരുതി. റൺസ് വിട്ടുകൊടുക്കാൻ ഹൈദരാബാദ് ബോളർമാർ പിശുക്കിയതോടെയാണ് ഗുജറാത്ത് ഇന്നിങ്സ്, താരതമ്യേന ചെറിയ സ്കോറിലൊതുങ്ങിയത്. പ്രഫുൽ ഹിൻഗെ 3 ഓവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റ്് വീഴ്ത്തിയപ്പോൾ സാക്കിബ് ഹുസൈൻ 4 ഓവറിൽ 37 റൺസ് വിട്ടുകൊടുത്ത് 2 വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ പാറ്റ് കമ്മിൻ‌സ് 4 ഓവറിൽ 20 റൺസ് മാത്രം വിട്ടുകൊടുത്താണ് ഒരു വിക്കറ്റ് വീഴത്തിയത്.

English Summary:

IPL 2026: Gujarat Titans vs Sunrisers Hyderabad

Read Entire Article