Published: August 04, 2026 01:17 PM IST Updated: August 04, 2026 02:13 PM IST
2 minute Read
ബെംഗളൂരു∙ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായ പേസർ ജസ്പ്രീത് ബുമ്ര പരുക്കേറ്റ് പുറത്തായതിനു പിന്നാലെ വീണ്ടും ചർച്ചയായി ബിസിസിഐയിലെ ആശയവിനിമയത്തിന്റെ അഭാവം. ബെംഗളൂരു സെന്റർ ഓഫ് എക്സലൻസിലെ (സിഒഇ) സ്പോർട്സ് സയൻസ്, ഇന്ത്യൻ ടീമിന്റെ മെഡിക്കൽ സംഘം, ബിസിസിഐ സിലക്ഷൻ കമ്മിറ്റി എന്നിവർ തമ്മിലുള്ള ആശയവിനിമയത്തിലെ പോരായ്മയാണ് ബുമ്രയെ ടീമിലെടുത്തിട്ടും ഒഴിവാക്കേണ്ടി വന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
What you should work next
ഓഗസ്റ്റ് 15ന് ആരംഭിക്കുന്ന ശ്രീലങ്കൻ പരമ്പരയിൽ ബുമ്ര കളിക്കുമെന്നാണ് ദേശീയ സിലക്ഷൻ കമ്മിറ്റിയെ സിഒഇ ആദ്യം വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ താരത്തിന്റെ പരുക്ക് വിചാരിച്ചതിലും ഗുരുതരമാണെന്ന് പിന്നീടാണ് മനസ്സിലായത്. ബുമ്രയുടെ വിഷയത്തിനു പിന്നാലെ ബിസിസിഐയുമായി കരാറിലുള്ള താരങ്ങളുടെ പരുക്ക് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട്, വി.വി.എസ് ലക്ഷ്മൺ ഉൾപ്പെടെയുള്ള സിഒഇ ഉന്നത ഉദ്യോഗസ്ഥരും സിലക്ഷൻ കമ്മിറ്റി ചെയർമാർ അജിത് അഗാർക്കറും തമ്മിൽ തിങ്കളാഴ്ച ഓണ്‍ലൈൻ യോഗം ചേർന്നു.
കായികരംഗത്ത് പരുക്കുകൾ സ്വാഭാവികമാണെങ്കിലും, അത്യാധുനിക സൗകര്യങ്ങളുള്ള സെന്റർ ഓഫ് എക്സലൻസിലെ സ്പോർട്സ് സയൻസ് വിഭാഗത്തിന്റെ പ്രവർത്തനം അത്ര തൃപ്തികരമല്ല. നിതിൻ പട്ടേലിന്റെ പടിയിറക്കത്തിന് ശേഷം ബിസിസിഐക്ക് ഒരു ഔദ്യോഗിക സ്പോർട്സ് സയൻസ് തലവൻ ഇല്ല. ധനഞ്ജയ് കൗശിക്കിനാണ് സ്പോർട്സ് സയൻസിന്റെ താൽക്കാലിക ചുമതല. അദ്ദേഹത്തിന്റെ യോഗ്യതകളിൽ സംശയമില്ലെങ്കിലും, താരങ്ങൾ സുഖം പ്രാപിക്കാനുള്ള സമയപരിധി നിശ്ചയിക്കുന്നതിലും, നിഷ്കർഷിച്ചിട്ടുള്ള ‘റിട്ടേൺ ടു പ്ലേ’ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്നതിലും ചോദ്യങ്ങൾ ഉയരുന്നു.
ഹർഷിത് റാണയുടെ മടങ്ങിവരവും തിരിച്ചുപോക്കുമാണ് ഏറ്റുവമധികം ചോദ്യങ്ങൾ ഉയർത്തുന്നത്. അമിതഭാരമുണ്ടായിരുന്ന ഒരാളെ സ്പോർട്സ് സയൻസ് ടീം എങ്ങനെയാണ് ഫിറ്റാണെന്ന് സാക്ഷ്യപ്പെടുത്തിയതെന്ന് എല്ലാവരും സംശയിക്കുന്നു. ട്വന്റി20 ടീമിലുള്ള ഒരു ദക്ഷിണേന്ത്യൻ ബാറ്റർ, ഇംഗ്ലണ്ടിലെത്തിയപ്പോൾ ഓവർ വെയിറ്റായിരുന്നെന്നും റിപ്പോർട്ടുണ്ട്. എല്ലാ ഇന്ത്യൻ താരങ്ങളും ഒരു പര്യടനത്തിന് പോകുന്നതിന് മുൻപ് സിഒഇയിൽ നിർബന്ധിത പരിശോധനകൾക്ക് വിധേയരാകേണ്ടതുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ആ ബാറ്ററുടെ ഫിറ്റ്നസ് കുറവ് ചൂണ്ടിക്കാണിക്കാതിരുന്നതെന്നതാണ് ചോദ്യം.
വാഷിങ്ടൻ സുന്ദറിന്റെ ഫിറ്റ്നസും മോശം അവസ്ഥയിലാണ്. താരത്തിന് പേശിവലിവ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഇത് ആദ്യമായല്ല. വാഷിങ്ടന് തുടർച്ചയായി ഉണ്ടാകുന്ന ഈ പരുക്കുകളെക്കുറിച്ച് സ്പോർട്സ് സയൻസ് ടീം അറിയുന്നില്ലേ എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. ബോളിങ് വേഗത മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്ന് 130 കിലോമീറ്ററിലേക്ക് ഉയർത്തുന്നതിനായി, ഫ്രീലാൻസ് ഫാസ്റ്റ് ബോളിങ് കോച്ചായ സ്റ്റെഫാൻ ജോൺസിന് കീഴിൽ സ്വതന്ത്രമായി പരിശീലിക്കാൻ നിതീഷ് കുമാർ റെഡ്ഡിക്ക് സിഒഇയുടെയും ബിസിസിഐയുടെയും അനുമതി ലഭിച്ചിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതാണോ താരത്തെ പരുക്കിലേക്ക് നയിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.
‘‘ഒരു താരത്തെ ഒഴിവാക്കുക എന്നത് ഏറ്റവും എളുപ്പമുള്ള കാര്യമാണ്, എന്നാൽ മുൻനിര താരങ്ങളെ കൃത്യസമയത്ത് വീണ്ടും കളിക്കളത്തിൽ എത്തിക്കാൻ സിഒഇയിലെ നിലവിലെ സ്പോർട്സ് സയൻസ് ടീം ശ്രമിക്കുന്നുണ്ടോ? ബുമ്ര കുറഞ്ഞത് ഒരു ടെസ്റ്റിലെങ്കിലും കളിക്കുമെന്ന് സിലക്ടർമാർക്ക് ഉറപ്പ് നൽകിയിരുന്നു. ഇപ്പോൾ അവർ പറയുന്നത് സായ് സുദർശൻ കാൽപാദത്തിലെ പരുക്കിൽനിന്ന് സുഖം പ്രാപിക്കുന്നുണ്ടെന്നും 75 മിനിറ്റോളം നെറ്റ്സിൽ ബാറ്റ് ചെയ്യുന്നുണ്ടെന്നുമാണ്. എന്നാൽ ശ്രീലങ്കയ്‌ക്കെതിരെയുള്ള ആദ്യ ടെസ്റ്റിന് മുൻപ് സായ് ഫിറ്റാവില്ലെന്ന് സിലക്ടർമാരോട് പിന്നീട് പറഞ്ഞാൽ എന്ത് ചെയ്യും?’’– ഒരു ബിസിസിഐ വൃത്തം വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.
ഇന്ത്യൻ ടീം ഫിസിയോ ആയ കമലേഷ് ജെയിനിന്റെ പ്രവർത്തനവും ബിസിസിസഐ വിലയിരുത്തുന്നുണ്ട്. ബംഗാൾ രഞ്ജി ട്രോഫി ടീം മുൻ ഫിസിയോ ആയിരുന്ന കമലേഷ് ജെയിൻ, പിന്നീട് എൻസിഎയിലും ഇന്ത്യ എ ടീമിലും പ്രവർത്തിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി ദേശീയ ടീമിനൊപ്പമുള്ള അദ്ദേഹം കളിക്കാർക്കിടയിൽ വളരെ പ്രിയങ്കരനാണ്. എന്നാൽ ഇന്ത്യൻ ടീമിൽ പരുക്കുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഇന്ത്യൻ ടീമിലെ അദ്ദേഹത്തിന്റെ പങ്കും പരിശോധിക്കപ്പെടുന്നുണ്ടെന്നാണ് വിവരം. ഇംഗ്ലണ്ടിലെ കനത്ത തോൽവി പരിശോധിക്കാൻ ഒരു അവലോകന യോഗം നടക്കാൻ സാധ്യതയുണ്ട്. കമലേഷ് ജെയിന്റെ പ്രവർത്തനവും ഈ യോഗത്തിൽ ചർച്ചയായേക്കാം.
ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയുടെ അധ്യക്ഷതയിൽ ചേരുന്ന ഈ യോഗത്തിൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, സിലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ, സിഒഇ തലവൻ വി.വി.എസ് ലക്ഷ്മൺ എന്നിവർ പങ്കെടുക്കു. ഗംഭീർ അടുത്ത മൂന്ന് ആഴ്ചത്തേക്ക് ശ്രീലങ്കയിലായതിനാൽ, യോഗം നേരിട്ടാണോ അതോ വെർച്വലായാണോ നടക്കുകയെന്ന് വ്യക്തമല്ല. ജൂലൈയിൽ ഗംഭീറും അഗാർക്കറും ഇന്ത്യയിലുണ്ടായിരുന്നിട്ടും, എന്തുകൊണ്ട് ഈ യോഗം അപ്പോൾ നടത്തിയില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.
English Summary:
BCCI Player Fitness Issues: Jasprit Bumrah's exclusion from the Sri Lanka Test bid owed to wounded has highlighted a important connection breakdown wrong the BCCI. Concerns arose regarding the Sports Science section astatine the Bengaluru Centre of Excellence, the aesculapian staff, and the enactment committee's coordination. An online meeting, involving apical officials similar V.V.S. Laxman and Ajit Agarkar, was held to reappraisal wounded absorption protocols and code the alarming emergence successful subordinate fittingness issues.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·