0, 68*, 0, 30, 0, 0: ആറ് ഇന്നിങ്സിൽ നാലിലും ഡക്ക്; പാക്ക് ക്യാപ്റ്റന്റെ തന്ത്രം ഫലിച്ചു, ലോകകപ്പിലും നാണക്കേടിന്റെ റെക്കോർഡ്; അഭിഷേകിന് എന്തുപറ്റി?

1 month ago 5

കൊളംബോ∙ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യ– പാക്ക് ട്വന്റി20 ലോകകപ്പ് മത്സരം. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്കെതിരെ ആദ്യ ഓവർ എറിയാൻ എത്തിയത് പാക്ക് ക്യാപ്റ്റൻ സൽമാൻ അലി ആഗ. ഓവറിലെ അവസാന പന്ത് നേരിട്ട അഭിഷേക് ശർമ ഉയർത്തിയടിച്ച പന്ത് മിഡ് ഓണിൽ ഷഹീൻ അഫ്രീദി കയ്യിലൊതുക്കി. വിക്കറ്റ്! നാല് പന്തുകൾ മാത്രം നേരിട്ട അഭിഷേക് ശർമ ‘സംപൂജ്യൻ’ ആയി മടങ്ങി. ട്വന്റി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം ഇന്നിങ്സിലും ഡക്ക്. ആദ്യ മത്സരത്തിൽ യുഎസ്എയ്ക്കെതിരെ ഗോൾഡൻ ഡക്കായ അഭിഷേക്, ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നമീബിയയ്ക്കെതിരായ രണ്ടാം മത്സരത്തിൽ കളിച്ചിരുന്നില്ല. എന്നാൽ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചത്തിയ ശേഷമുള്ള ആദ്യ മത്സരത്തിലും താരത്തിന് തിളങ്ങാൻ സാധിക്കാതെ പോകുകയായിരുന്നു.

ലോകകപ്പിൽ മാത്രമല്ല, ന്യൂസീലൻഡിനെതിരായ പരമ്പര മുതൽ തന്നെ ലോക ഒന്നാം നമ്പർ ട്വന്റി20 ബാറ്ററായ അഭിഷേകിന്റെ ഫോം ചോദ്യചിഹ്നത്തിലായിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ അർധസെഞ്ചറി നേടിയ അഭിഷേക്, പക്ഷേ രണ്ടാം മത്സരത്തിൽ ഗോൾഡൻ ഡക്കായി. മൂന്നാം മത്സരത്തിൽ വീണ്ടും അർധസെഞ്ചറി നേടി കരുത്തറയിച്ച താരം, പക്ഷേ നാലാം മത്സരത്തിൽ വീണ്ടും ഗോൾഡൻ ഡക്ക്. തിരുവനന്തപുരത്ത് നടന്ന അവസാന ട്വന്റി20യിൽ 16 പന്തിൽ 30 റൺസെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തി. പരമ്പരയിൽ രണ്ട് അർധസെഞ്ചറി നേടിയെങ്കിലും മറുവശത്ത്, രണ്ടു തവണ ഗോൾഡൻ ഡക്കായത് ചോദ്യമുയർത്തി.

ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന സന്നാഹമത്സരത്തിൽ 18 പന്തിൽ 24 റൺസാണ് അഭിഷേക് നേടിയത്. സന്നാഹമത്സരങ്ങളിലെ സ്കോർ റെക്കോർഡുകളിൽ കൂട്ടില്ലെങ്കിലും ആ ഇന്നിങ്സിൽ അഭിഷേക് റൺസ് കണ്ടെത്താൻ വിഷമിക്കുന്നത് വ്യക്തമായിരുന്നു. എങ്കിലും ലോകകപ്പിൽ താരം തകർത്തടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്താക്കി യുഎസ്എയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ താരം ഗോൾഡൻ ഡക്കായി.

മത്സരത്തിൽ അഭിഷേക് ഫീൽഡ് ചെയ്യാൻ ഇറങ്ങാതിരുന്നതോടെയാണ് താരത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ പുറത്തുവന്നത്. മത്സരശേഷം ആശുപത്രിയിൽ ചികിത്സ നേടുകയും വിശ്രമത്തിലായതിനാൽ നമീബിയയ്ക്കെതിരായ രണ്ടാം മത്സരം നഷ്ടമാകുകയും ചെയ്തു. ഒട്ടേറെ ഊഹാപോഹങ്ങൾക്കിടെയാണ് പാക്കിസ്ഥാനെതിരായ നിർണായക മത്സരത്തിൽ അഭിഷേക് പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടത്. ആരോഗ്യം വീണ്ടെടുത്ത് തിരിച്ചെത്തിയ താരത്തിൽനിന്ന് പതിവ് ശൈലിയിലുള്ള കിടിലൻ ഇന്നിങ്സാണ് ആരാധകർ പ്രതീക്ഷിച്ചത്. പക്ഷേ ഇത്തവണയും അഭിഷേക് പ്രതീക്ഷകൾ തെറ്റിച്ചു. നാലു പന്തുകൾ മാത്രം നേരിട്ട് താരം റണ്ണൊന്നും എടുക്കാതെ മടങ്ങി.

ഇതോടെ കഴിഞ്ഞ ആറു ഇന്നിങ്സുകളിൽ നാലിലും അഭിഷേക് ഡക്കായി. ഇതിൽ തന്നെ മൂന്നെണ്ണം ഗോൾഡൻ ഡക്ക്. ട്വന്റി20 ലോകകപ്പിൽ കളിച്ച ആദ്യ രണ്ട് ഇന്നിങ്സുകളിലും പൂജ്യത്തിന് പുറത്താകുന്ന മൂന്നാമത്തെ താരമെന്ന നാണക്കേടും അഭിഷേകിന്‍റെ തലയിലായി. ഇന്ത്യയുടെ തന്നെ ആശിഷ് നെഹ്റ, ബംഗ്ലദേശ് താരം ഇമ്രുൾ കെയ്‌സ് എന്നിവരാണ് ഇതിനു മുൻപ് ഇങ്ങനെ പുറത്തായവർ.

∙ ആഗയുടെ തന്ത്രംഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിന് മുന്നോടിയായി പാക്കിസ്ഥാൻ നായകൻ സൽമാൻ അലി ആഗ നടത്തിയ പരാമർശങ്ങൾ ഇപ്പോൾ ചർച്ചയാവുകയാണ്. ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ അഭിഷേക് കളിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ആഗ പറഞ്ഞിരുന്നു. ‘‘അഭിഷേക് മികച്ച താരമാണ്. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിച്ച് മത്സരത്തിൽ കളിക്കുമെന്ന് ഞാൻ കരുതുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച ടീമിനെതിരെ കളിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.’’– സൽമാൻ ആഗ പറഞ്ഞു.

മത്സരത്തിലെ ആദ്യ ഓവറിൽ അഭിഷേകിനെ വീഴ്ത്തിയതും ആഗ തന്നെെയാണ്. ലോക ഒന്നാം നമ്പർ ട്വന്റി20 ബാറ്റർക്കെതിരെ തന്ത്രപരമായ നീക്കമാണ് പാക്കിസ്ഥാൻ നടത്തിയത്. സാധാരണയായി പേസർമാർ തുടങ്ങാറുള്ള ഒന്നാം ഓവർ സൽമാൻ തന്നെ എറിയാൻ തീരുമാനിക്കുകയും നാലാം പന്തിൽ അഭിഷേകിനെ പുറത്താക്കി ഇന്ത്യയെ ഞെട്ടിക്കുകയും ചെയ്തു. പാക്കിസ്ഥാന്റെ ‘ഔട്ട് ഓഫ് സിലബസ്’ നീക്കമെന്നാണ് സമൂഹമാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്. പാക്കിസ്ഥാന്റെ മിസ്റ്ററി സ്പിന്നർ ഉസ്മാൻ താരിഖിനെ ഔട്ട് ഓഫ് സിലബസ് ചോദ്യം എന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വിശേഷിപ്പിച്ചിരുന്നു. ഇതു പരാമർശിച്ചാണ് സൽമാന്റെ നീക്കത്തെ ചിലർ ഇങ്ങനെ വിശേഷിപ്പിച്ചത്.

English Summary:

Abhishek Sharma faced a disappointing show successful the India vs Pakistan T20 World Cup match, getting retired connected a duck. This marks his 2nd consecutive duck successful the tourney and adds to concerns astir his caller form.

Read Entire Article