Published: June 05, 2026 05:45 PM IST
1 minute Read
സിഡ്നി∙ ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയം വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമിൻസ്. 15 വയസ്സുള്ള വൈഭവ് സ്കൂളിൽ പോകണമെന്നാണ് തന്റെ ആഗ്രഹമെന്ന് കമിൻസ് തമാശരൂപേണ പറഞ്ഞു. ഐപിഎലിൽ സൺറൈസേഴ്സ് ക്യാപ്റ്റനായ കമിൻസിനെതിരെ വൈഭവ് തകർപ്പൻ ബാറ്റിങ് പ്രകടനമാണു നടത്തിയത്. സൺറൈസേഴ്സിനെതിരെയാണ് രാജസ്ഥാൻ താരം സീസണിലെ വേഗതയേറിയ സെഞ്ചറി നേടിയത്. വീണ്ടും നേർക്കുനേർ വന്നപ്പോൾ 29 പന്തില്‍ 97 റൺസും വൈഭവ് അടിച്ചുകൂട്ടി. വൈഭവിന്റെ കാര്യത്തിൽ പിഴവുകൾ കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് കമിൻസ് ഒരു ഓസ്ട്രേലിയൻ മാധ്യമത്തിലെ ചർച്ചയ്ക്കിടെ പറഞ്ഞു.
What you should work next
‘‘അദ്ദേഹം ഒരു പ്രതിഭയാണ്. പന്തിനു മുകളിലുള്ള അദ്ദേഹത്തിന്റെ വമ്പനടികൾ മനോഹരമാണ്. ഒരു 15 വയസ്സുകാരൻ പയ്യൻ ഇങ്ങനെ കളിക്കുന്നത് കാണേണ്ടിവരുമെന്ന് ഞാൻ ചിന്തിച്ചിട്ടുപോലുമില്ല. പ്രായം 30 ആയാലും 15 ആയാലും അദ്ദേഹം വളരെ നന്നായി പന്തുകൾ നേരിടുന്നുണ്ട്. വൈഭവ് ഹൈസ്കൂളിൽ പോകേണ്ടതായിരുന്നെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ എനിക്ക് അവനെതിരെ പന്തെറിയേണ്ടി വരില്ലായിരുന്നു. വൈഭവിന് പിഴവുകളുണ്ടാകാനുള്ള സാധ്യതയും വളരെ കുറവാണ്. വൈഭവിനെതിരെ പന്തെറിയുക ബുദ്ധിമുട്ടുള്ള കാര്യമാണ്.’’– പാറ്റ് കമിൻസ് പറഞ്ഞു.
What you should work next
ഐപിഎലിൽ പാറ്റ് കമിൻസിനെ നേരിട്ട ആദ്യ പന്തിൽ തന്നെ വൈഭവ് സിക്സർ തൂക്കിയിരുന്നു. ഈ മത്സരത്തിൽ തന്നെയാണ് കൗമാര താരം 36 പന്തുകളിൽനിന്ന് സെഞ്ചറിയിലെത്തിയത്. കമിൻസിനു പുറമേ, ജസ്പ്രീത് ബുമ്ര, മിച്ചൽ സ്റ്റാർക്ക് എന്നിവരെയും നേരിട്ട ആദ്യ പന്തിൽ തന്നെ വൈഭവ് സിക്സർ അടിച്ചിരുന്നു. എലിമിനേറ്ററിൽ സൺറൈസേഴ്സും രാജസ്ഥാനും ഏറ്റുമുട്ടിയപ്പോഴാണ് വൈഭവ് 97 റൺസടിച്ച് പുറത്തായത്. ഈ കളിയിൽ നാലോവറുകളിൽനിന്ന് 64 റൺസ് വഴങ്ങിയ കമിൻസിന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. എലിമിനേറ്ററിൽ രാജസ്ഥാനോടു തോൽവി വഴങ്ങിയ സൺറൈസേഴ്സ് ഐപിഎലിൽനിന്നു പുറത്താകുകയായിരുന്നു.
English Summary:





English (US) ·