Published: September 19, 2026 11:08 PM IST
3 minute Read
ഇന്ത്യയ്ക്കായി അണ്ടർ 19 ലോകകപ്പ് വിജയിച്ച പൃഥ്വി ഷായെ ഒരിക്കൽ ക്രിക്കറ്റ് ലോകം ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറോടായിരുന്നു ഉപമിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചറി നേടിയ താരം രാജ്യാന്തര ക്രിക്കറ്റിൽ ഒരു നീണ്ട കരിയറാണു മോഹിച്ചത്. സച്ചിനെപ്പോലെ മുംബൈ ക്രിക്കറ്റിൽനിന്ന് ഉയർന്നുവന്ന പൃഥ്വി ഷായുടെ കരിയർ പകുതിക്കുവച്ച് താളം തെറ്റിപ്പോകുന്നതാണു പിന്നീടു കണ്ടത്. ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് കരിയർ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ പൃഥ്വി ഷാ നടത്തുന്നതിനിടെയാണ് വ്യക്തിപരമായ ജീവിതത്തിലും താരത്തിനു പ്രശ്നങ്ങൾ നേരിടേണ്ടിവന്നത്. കണ്ടന്റ് ക്രിയേറ്ററും നടിയുമായ ആകൃതി അഗർവാളുമായുള്ള ബന്ധം വിവാഹത്തിലെത്തുംമുൻപേ താരത്തിന് അവസാനിപ്പിക്കേണ്ടിവന്നു. കഴിഞ്ഞ ഐപിഎലിൽ തിരിച്ചുവരവ് മോഹിച്ച പൃഥ്വി ഷായ്ക്ക് സീസൺ മുഴുവൻ ഡൽഹി ക്യാപിറ്റൽസിന്റെ ബഞ്ചിലായിരുന്നു സ്ഥാനം.
What you should work next
കരിയറിന്റെ തുടക്കകാലത്ത് ആക്രമിച്ചു കളിച്ച പൃഥ്വി ഷാ അതിവേഗമാണ് ആരാധകരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധയാകർഷിച്ചത്. ഇന്നത്തെ വൈഭവ് സൂര്യവംശിയെപ്പോലെ, പൃഥ്വി ഷായെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും സുരക്ഷിതമായ ഭാവിയായി ആരാധകർ കണ്ടു. 2018ൽ ന്യൂസീലൻഡിൽ നടന്ന അണ്ടർ 19 ലോകകപ്പിലാണ് പൃഥ്വി ഷാ ക്യാപ്റ്റനായ ഇന്ത്യൻ ടീം കിരീടമുയർത്തിയത്. ക്യാപ്റ്റൻസിയിലും ബാറ്ററെന്ന നിലയിലും തിളങ്ങിയതോടെ പൃഥ്വി ഷാ പേരെടുത്തു. ഇതേ വർഷം രാജ്കോട്ടിൽ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലായിരുന്നു താരത്തിന്റെ രാജ്യാന്തര അരങ്ങേറ്റം. ആദ്യ മത്സരത്തിൽ തന്നെ സെഞ്ചറി നേടിയതോടെ ക്രിക്കറ്റ് ലോകം സച്ചിൻ തെൻഡുൽക്കറുമായാണു താരത്തെ താരതമ്യപ്പെടുത്തിയത്. ഇന്ത്യ ഇന്നിങ്സിനും 272 റൺസിനും വിജയിച്ച മത്സരത്തില്‍ 134 റൺസ് സ്കോർ ചെയ്ത പൃഥ്വി ഷാ കളിയിലെ താരമായി. അഞ്ച് ടെസ്റ്റുകളിൽ 339 റൺസ് നേടിയ താരം രണ്ട് അർധ സെഞ്ചറികളും സ്വന്തമാക്കി. 2020 ഫെബ്രുവരിയിൽ ന്യൂസീലൻഡിനെതിരെ ഏകദിന ഫോര്‍മാറ്റിൽ അരങ്ങേറിയ പൃഥ്വി ഷാ അഞ്ച് മത്സരങ്ങളിൽനിന്ന് 189 റൺസ് സ്കോർ ചെയ്തു. 2021 ന് ശേഷം താരം ഒരു ഫോർമാറ്റിലും ഇന്ത്യൻ സീനിയർ ടീമിൽ കളിച്ചിട്ടില്ല.
ആഭ്യന്തര ക്രിക്കറ്റില്‍ ടീം മാറ്റം
മുംബൈ ടീമിലൂടെ വളര്‍ന്നുവന്ന പൃഥ്വി ഷായ്ക്ക് ആഭ്യന്തര ക്രിക്കറ്റിലും അവസരങ്ങൾ കുറഞ്ഞു. ഇതോടെ താരം മഹാരാഷ്ട്രയിലേക്കു മാറി. 2025–26 സീസണിൽ മഹാരാഷ്ട്രയ്ക്കായി കളിച്ചെങ്കിലും ദേശീയ ടീമിലേക്കു മടങ്ങിവരാൻ സാധിച്ചില്ല. സ്ഥിരതയില്ലെന്നതു കൊണ്ടു മാത്രമായിരുന്നില്ല പൃഥ്വി ഷാ മുംബൈ ടീമിൽനിന്നു പുറത്തായത്. പരിശീലനത്തിനു കൃത്യമായി എത്താതിരിക്കുക പതിവാക്കിയതോടെയാണ് താരത്തെ മാറ്റിനിർത്താൻ തീരുമാനിച്ചത്. ഇക്കാര്യം പൃഥ്വി ഷാ തന്നെ പിന്നീടു സമ്മതിച്ചിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഡൽഹി ക്യാപിറ്റൽസിനു വേണ്ടി മാത്രമാണ് പൃഥ്വി ഷാ കളിച്ചിട്ടുള്ളത്. 2018 മുതൽ 2024 വരെ ഏഴു സീസണുകളിൽ ഡൽഹിക്കൊപ്പം തുടർന്ന താരം 79 മത്സരങ്ങളിൽനിന്ന് 14 അർധ സെഞ്ചറികളുൾപ്പടെ 1892 റൺസ് നേടിയിട്ടുണ്ട്.
What you should work next
ഫിറ്റ്നസ് പ്രശ്നങ്ങളും അച്ചടക്കമില്ലായ്മയും പതിവായതോടെ 2024 ഐപിഎലിനിടെ താരം ടീമിൽനിന്നു പുറത്തായി. 2024ലെ താരലേലത്തിൽ 75 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ആരും വാങ്ങിയില്ല. ഇതോടെ 2025 ഐപിഎലിൽ കളിച്ചില്ല. 2025ലെ ലേലത്തിന്റെ തുടക്കത്തിലും ആരും വാങ്ങാതിരുന്നതോടെ പൃഥ്വി ഷാ സമൂഹമാധ്യമങ്ങളിൽ നിരാശ പരസ്യമാക്കിയിരുന്നു. എന്നാൽ ആക്സലറേറ്റഡ് റൗണ്ടിൽ 75 ലക്ഷം രൂപയ്ക്ക് ഡൽഹി തന്നെ താരത്തെ സ്വന്തമാക്കി. പക്ഷേ ഒരു മത്സരത്തിൽ പോലും താരത്തിന് അവസരം ലഭിച്ചില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കായി കളിച്ച പൃഥ്വി ഷാ 23 പന്തിൽ അർധ സെഞ്ചറി നേടി ഫോം തെളിയിച്ചു. ഏഴ് ഇന്നിങ്സുകളിൽനിന്ന് 183 റൺസാണു താരം സ്കോർ ചെയ്തത്. എന്നാൽ മഹാരാഷ്ട്ര രണ്ടാം റൗണ്ടിൽ കടക്കാതെ പുറത്തായതു തിരിച്ചടിയായി.
ഡോപിങ് സസ്പെൻഷൻ, ഇൻഫ്ലുവൻസറുമായി തല്ലുകേസ്
2023ലാണ് പൃഥ്വി ഷായെ ഏറെ വിവാദത്തിലാക്കിയ സംഭവം അരങ്ങേറുന്നത്. ഫെബ്രുവരിയിൽ മുംബൈയിലെ ആഡംബര ഹോട്ടലിനു മുന്നിൽവച്ച് പൃഥ്വി ഷാ വാഹനത്തിന്റെ ഗ്ലാസുകൾ ബാറ്റ് ഉപയോഗിച്ച് തല്ലിത്തകർത്തതായി ഇൻഫ്ലുവൻസർ സപ്ന ഗിൽ പരാതി നൽകി. പൃഥ്വി ഷായും സംഭവത്തിൽ പൊലീസിനെ സമീപിച്ചിരുന്നു. ഒരു സെൽഫിയെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി. കേസും കോടതിയുമായി നടപടികൾ നീണ്ടതോടെ താരത്തിന്റെ കരിയറിനെയും അതു ബാധിച്ചു. ഡോപിങ് നിയമ ലംഘനത്തിന്റെ പേരിൽ എട്ടു മാസത്തെ സസ്പെൻഷനും യോ–യോ ടെസ്റ്റിലെ പരാജയവും കഴിഞ്ഞ് നിൽക്കുമ്പോഴാണ് ഇൻഫ്ലുവൻസറുമായുള്ള തല്ലുകേസ് പൃഥ്വി ഷായെ വീണ്ടും വിവാദത്തിലാക്കിയത്.
തിരിച്ചുവരവിനിടെ വീണ്ടും തിരിച്ചടി
ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് തിരിച്ചുവരവിനുള്ള ശ്രമത്തിനിടെയാണ് ആകൃതി അഗർവാളും പൃഥ്വി ഷായും വിവാഹിതരാകാൻ തീരുമാനിച്ചത്. എന്നാൽ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വിവാഹത്തിൽനിന്ന് പിൻമാറുകയാണെന്ന് ആകൃതി തന്നെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ ആകൃതിയുമൊത്തുള്ള ചിത്രങ്ങളെല്ലാം പൃഥ്വി ഷാ ഇൻസ്റ്റഗ്രാമിൽനിന്നു നീക്കി. ലക്നൗ സ്വദേശിയായ ആകൃതി കോവിഡ് കാലത്താണ് ഇൻഫ്ലുവൻസർ എന്ന നിലയിൽ പ്രശസ്തയാകുന്നത്. ഇൻസ്റ്റഗ്രാമിൽ 3.1 മില്യൻ ആരാധകരാണ് ആകൃതി അഗർവാളിനുള്ളത്. ആകൃതിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ച് പൃഥ്വി ഷാ ഇതുവരെ പ്രതികരിച്ചിട്ടില്ല. പക്ഷേ കുറച്ചു നാളുകളായി ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതായാണു വിവരം.
വിവാദങ്ങൾക്കും തിരിച്ചടികൾക്കുമിടയിലും വരുന്ന ആഭ്യന്തര സീസണിൽ ഫോം തെളിയിച്ച് ദേശീയ ടീമിൽ ഒരവസരം കൂടി ലഭിക്കാൻ കാത്തിരിക്കുകയാണു പൃഥ്വി ഷാ. 26 വയസ്സുമാത്രം പ്രായമായ താരത്തിന് തിരിച്ചുവരവിന് സമയവുമുണ്ട്. എന്നാൽ യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ, ശുഭ്മൻ ഗിൽ തുടങ്ങി വൈഭവ് സൂര്യവംശി വരെ നീളുന്ന ഓപ്പണിങ് നിരയോടാണ് പൃഥ്വി ഷാ അതിനു മത്സരിക്കേണ്ടത്. തുടര്‍ച്ചയായുള്ള പ്രകടനങ്ങളില്ലെങ്കിൽ മടങ്ങിവരവ് ഏറക്കുറെ അസാധ്യമാണെന്നതാണ് സത്യം.
English Summary:






English (US) ·