Published: June 16 , 2025 02:13 PM IST Updated: June 16, 2025 02:56 PM IST
1 minute Read
ന്യൂഡൽഹി∙ 2011ലെ ഏകദിന ലോകകപ്പ് വിജയത്തിന്റെ ആഹ്ലാദാരവങ്ങൾ അടങ്ങും മുൻപേ, അന്നത്തെ സിലക്ഷൻ കമ്മിറ്റി ഏഴ് ഇന്ത്യൻ താരങ്ങളുടെ കരിയർ നശിപ്പിച്ചുവെന്ന ഗുരുതര ആരോപണവുമായി മുൻ ഇന്ത്യൻ താരം യോഗ്‌രാജ് സിങ് രംഗത്ത്. ഇവർ പിന്നീട് ഒറ്റക്കെട്ടായി നിന്ന് മഹേന്ദ്രസിങ് ധോണിയെയും പുറത്താക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും യോഗ്‌രാജ് സിങ് വെളിപ്പെടുത്തി. അന്ന് ബിസിസിഐ പ്രസിഡന്റായിരുന്ന എൻ.ശ്രീനിവാസിന്റെ ഇടപെടലാണ് ധോണിക്ക് രക്ഷയായതെന്നും യോഗ്‌രാജ് പറഞ്ഞു.
28 വർഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് ഇന്ത്യൻ ടീം 2011ൽ ഏകദിന ലോകകപ്പ് നേടിയത്. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ശ്രീലങ്കയെ തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്. അന്നത്തെ ടീമിൽ അംഗങ്ങളായിരുന്ന പ്രമുഖ താരങ്ങളെല്ലാം അടുത്ത ലോകകപ്പിനു മുന്നോടിയായി പുറത്തായതു ചൂണ്ടിക്കാട്ടിയാണ് യോഗ്‌രാജ് സിങ്ങിന്റെ വിമർശനം. 2011 ലോകകപ്പ് കളിച്ചവരിൽ വിരാട് കോലി, അശ്വിൻ, ധോണി എന്നിവർ മാത്രമാണ് 2015 ലോകകപ്പിൽ കളിച്ചത്.
2011ൽ കിരീടം നേടിയ ടീമംഗങ്ങളെ മാറ്റിനിർത്താനുള്ള സിലക്ടർമാരുടെ തിടുക്കമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് യോഗ്‌രാജ് പറഞ്ഞു. അതോടെ ഇപ്പോഴത്തെ ഇന്ത്യൻ പരിശീലകൻ കൂടിയായ ഗൗതം ഗംഭീറും മുൻ പരിശീലകൻ രാഹുൽ ദ്രാവിഡും യുവരാജ് സിങ്ങും ഉൾപ്പെടെയുള്ള താരങ്ങളുടെ കരിയർ തകർന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
‘‘ഒരു കാരണവുമില്ലാതെയാണ് അന്നത്തെ സിലക്ടർമാർ വിവിധ താരങ്ങളുടെ കരിയർ തകർത്തത്. ഗൗതം ഗംഭീറും യുവരാജ് സിങ്ങും ഹർഭജൻ സിങ്ങും സഹീർ ഖാനും മുഹമ്മദ് കൈഫും വി.വി.എസ്. ലക്ഷ്മണും രാഹുൽ ദ്രാവിഡും ഉൾപ്പെടെയുള്ളവർ അതോടെ തീർന്ന മട്ടായി. 2011 ലോകകപ്പിനു ശേഷം സിലക്ടർമാർ ഇവരെ പൂർണമായി അവഗണിച്ചുകളഞ്ഞു. സത്യത്തിൽ ലോകകപ്പ് വിജയത്തിനു പിന്നാലെ ടീം ഒന്നടങ്കം അവർ തകർത്തു. ഏഴു കളിക്കാരുടെ കരിയറാണ് അതോടെ തീർന്നത്.’ – യോഗ്‌രാജ് പറഞ്ഞു.
ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും പരമ്പര തോറ്റതോടെ സിലക്ഷൻ കമ്മിറ്റി ഒന്നടങ്കം മഹേന്ദ്രസിങ് ധോണിയെ പുറത്താക്കാൻ നീക്കം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ‘‘ധോണി ക്യാപ്റ്റനായിരിക്കെ നമ്മൾ അഞ്ചോളം പരമ്പരകൾ തോറ്റു. ഇതോടെ ചീഫ് സിലക്ടർ മൊഹീന്ദർ അമർനാഥിന്റെ നേതൃത്വത്തിൽ ധോണിയെ പുറത്താക്കുമെന്ന് റിപ്പോർട്ടകൾ വന്നു. പക്ഷേ, അതായിരുന്നില്ല ശരിയായ വഴി’ – യോഗ്‍രാജ് പറഞ്ഞു. അന്ന് ബിസിസിഐ പ്രസിഡന്റായിരുന്ന എൻ.ശ്രീനിവാസൻ ഇടപെട്ടാണ് ഈ തീരുമാനം തടഞ്ഞത്.
English Summary:







English (US) ·