Published: May 20, 2026 11:29 AM IST
1 minute Read
ലണ്ടൻ∙ 22 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടം വിജയിച്ച് ആര്‍സനൽ. മാഞ്ചസ്റ്റർ സിറ്റിയെ ബോൺമത് സമനിലയിൽ പിടിച്ചതോടെയാണ് ഒരു മത്സരം മാത്രം ബാക്കിയുള്ളപ്പോൾ ആര്‍സനൽ കിരീടമുയർത്തിയത്. സിറ്റിയുടെ വിജയം തടഞ്ഞതോടെ ആർസനലിന് നാലു പോയിന്റു ലീഡുണ്ട്. 82 പോയിന്റുമായി ആർസനല്‍ പോയിന്റ് പട്ടികയിൽ ഒന്നാമതും 78 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്തുമാണുള്ളത്. ശേഷിക്കുന്ന ഒരു കളി ജയിച്ചാലും സിറ്റിക്ക് ആർസനലിനെ മറികടക്കാനാകില്ല.
ബേൺമതിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ 38–ാം മിനിറ്റിൽ എലി ജൂനിയർ ക്രുപിയിലൂടെ മുന്നിലെത്തിയത് ആതിഥേയരായിരുന്നു. എന്നാല്‍ രണ്ടാം പകുതിയിൽ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ എര്‍ലിങ് ഹാളണ്ടിലൂടെ സിറ്റി സമനില പിടിക്കുകയായിരുന്നു. ക്രിസ്റ്റൽ പാലസിനെതിരെയാണ് ആർസനലിന്റെ അവസാന ലീഗ് പോരാട്ടം. മേയ് 30ന് പിഎസ്ജിക്കെതിരായ യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ കൂടി കിരീടമുയർത്താൻ സാധിച്ചാൽ ആരാധകർക്ക് അത് ഇരട്ടി മധുരമാകും.
ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ആര്‍സനലിന്റെ 14–ാം വിജയമാണിത്. കിരീട വിജയങ്ങളിൽ ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡുമാണ് ആർസനലിനു മുന്നിലുള്ളത്. ഇരുവർക്കും 20 വിജയങ്ങൾ വീതമുണ്ട്. സീസണിൽ 37 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ, 25 വിജയങ്ങളാണ് ആർസനൽ നേടിയത്. ഏഴു മത്സരങ്ങള്‍ സമനിലയായപ്പോൾ അഞ്ചെണ്ണത്തിൽ തോൽവി വഴങ്ങി. അതേസമയം 37 മത്സരങ്ങളിൽനിന്ന് 23 വിജയങ്ങളാണ് സിറ്റിക്കുള്ളത്. 68 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി മൂന്നാമതും, 62 പോയിന്റുമായി ആസ്റ്റൻ വില്ല നാലാം സ്ഥാനത്തുമാണ്.
English Summary:







English (US) ·