Published: July 02, 2026 02:25 AM IST Updated: July 02, 2026 04:38 AM IST
2 minute Read
സിയാറ്റിൽ ∙ രണ്ട് ഗോളിന് പിന്നിൽ നിൽക്കെ 86, 89 മിനിറ്റുകളിലെ ഗോളിൽ സമനില പിടിച്ച്, എക്ട്രാ ടൈമിലെ നാടകീയ നിമിഷങ്ങൾക്കൊടുവിൽ പെനാൽറ്റിയും ഗോളാക്കി സെനഗലിനെ തോൽപ്പിച്ച് ബൽജിയം പ്രീക്വാർട്ടറിൽ (2–3). ഹബിബ് ദിയാര, ഇസ്മായില സാർ എന്നിവരുടെ ഗോളിൽ ബൽജിയത്തിന് ലോകകപ്പിൽ നിന്ന് പുറത്തേക്കുള്ള വാതിൽ തുറന്നിട്ട സെനഗലിനെ ഞെട്ടിച്ച് റോമേലു ലുക്കാക്കുവും പിന്നാലെ യൂറി ടീലെമാൻസും 161 സെക്കൻഡുകൾക്കിടെ വലകുലുക്കുകയായിരുന്നു. നിശ്ചിത സമയത്ത് തുല്യത പാലിച്ചതോടെ എക്ട്രാ ടൈമിലേക്ക് കടന്ന മത്സരത്തിൽ അവസാന നിമിഷം (120+5) യൂറി ടീലെമാൻസിന്റെ പെനാൽറ്റിയിൽ ബൽജിയം വിജയം ഉറപ്പിക്കുകയായിരുന്നു.
What you should work next
13 ാം മിനിറ്റിൽ ഇടതുഭാഗത്ത് നിന്നു നൽകിയ ക്രോസ് അപകടമേഖലയിൽ നിന്ന് തട്ടിയകറ്റാനുള്ള ശ്രമത്തിൽ ബൽജിയം ഗോൾ കീപ്പർ തിബോ കോർത്തുവായുടെ വിരലുകൾ പന്തിൽ സ്പർശിച്ചെങ്കിലും തട്ടിത്തെറിച്ച് നേരെ ഇസ്മായില സാറിന്റ കാലിലേക്ക്. റീബൗണ്ടിൽ ഗോൾവല ലക്ഷ്യമാക്കി സാർ പന്ത് മുന്നോട്ടു തട്ടിയെങ്കിലും പോസ്റ്റിൽ തട്ടിത്തെറിച്ചു. 18 ാം മിനിറ്റിൽ സെനഗൽ പോസ്റ്റിന് 40 യാർഡ് അകലെ ലഭിച്ച പന്തുമായി കുതിച്ച ബൽജിയം താരം കെവിൻ ഡി ബ്രൂയിൻ ഗോൾ ലക്ഷ്യമാക്കി ഉതിർത്ത ലോങ് റേഞ്ചർ ബാറിന് മുകളിലൂടെ പുറത്തേക്ക് പറന്നു.
What you should work next
24 ാം മിനിറ്റിൽ ബെൽജിയം ബോക്സിനു പുറത്ത് സെനഗൽ താരങ്ങൾ കൈമാറിയ പാസുകൾക്കു ശേഷം ഗോൾമുഖത്തേക്ക് ഉയർത്തി നൽകിയ ക്രോസ് ഉയർന്നുചാടി ലക്ഷ്യത്തിലേക്കുള്ള ഇസ്മായില സാറിന്റ ഹെഡർ പോസ്റ്റിൽ തട്ടിത്തെറിച്ചെങ്കിലും റീബൗണ്ടിൽ ലഭിച്ച പന്ത് ഹബിബ് ദിയാര വലയിലെത്തിച്ചു. (0-1). സെനഗൽ മുന്നേറ്റനിരയുടെ മികച്ചൊരു നീക്കത്തിലാണ് 51 ാം മിനിറ്റിൽ രണ്ടാം ഗോൾ പിറന്നത്. ബൽജിയം പ്രതിരോധനിരക്ക് മുകളിലൂടെ മൂസ നിയാഖത്ത് നൽകിയ കൃത്യമായ ലോഫ്റ്റഡ് പാസ്, പ്രതിരോധനിരയെ മറികടന്ന് ഓടിയെത്തി നെഞ്ചിൽ സ്വീകരിച്ച ഇസ്മായില സാർ, ബോക്സിന്റെ നടുവിൽ നിന്ന് തൊടുത്ത വലംകാൽ ഷോട്ട് ബൽജിയം ഗോൾ കീപ്പർ തിബോ കോർത്തുവായെ മറികടന്ന് വലയുടെ വലത്തേയറ്റത്ത് പതിച്ചു (0-2).
നിശ്ചിത സമയം അവസാനിക്കാൻ നാലു മിനിറ്റുകൾ മാത്രം ശേഷിക്കെ, തോമസ് മ്യൂണിയർ നൽകിയ ക്രോസിൽ സ്ട്രൈക്കർ റൊമേലു ലുക്കാക്കു സിക്സ് യാർഡ് ബോക്സിന്റെ വലതുഭാഗത്തുനിന്ന് വലതുകാലുകൊണ്ട് തൊടുത്ത ഷോട്ട് പോസ്റ്റിന്റെ മധ്യഭാഗത്ത് പതിച്ചു (1-2). 89 ാം മിനിറ്റിൽ ലിയാൻഡ്രോ ട്രോസാർഡിന്റെ പാസിൽ ബോക്സിന്റെ മധ്യഭാഗത്തുനിന്ന് യൂറി ടീലെമൻസിന്റെ ഹെഡർ പോസ്റ്റിന്റെ ഇടതു കോണിലേക്ക് പറന്നിറങ്ങി (2-2).
നിശ്ചിത സമയത്ത് തുല്യത പാലിച്ചതോടെ എക്ട്രാ ടൈമിലേക്ക് കടന്ന മത്സരത്തിൽ അവസാന നിമിഷം (120+5) സെനഗൽ മിഡ് ഫീൽഡർ ലമിൻ കാമറയുടെ ഫൗളാണ് ബൽജിയത്തിന്റെ വിജയം ഉറപ്പിച്ചത്. പെനാൽറ്റി ഏരിയയിൽ യൂറി ടീലെമാൻസിനെ ലമിൻ കാമറ ഫൗൾ ചെയ്തതിനെ തുടർന്ന് വാർ പരിശോധനയിൽ റഫറി ബൽജിയത്തിന് പെനാൽറ്റി അനുവദിക്കുകയായിരുന്നു. പെനാൽറ്റി കിക്കിൽ ഗോൾ തടുക്കാൻ ഇടതുവശത്തേക്ക് ഡൈവ് ചെയ്ത സെനഗൽ ഗോൾ കീപ്പർ മോറി ഡിയാവിനെ കബളിപ്പിച്ച് യൂറി ടീലെമാൻസിന്റെ ഷോട്ട് പോസ്റ്റിന്റെ വലത്തേ കോണിൽ പറന്നിറങ്ങി (3–2). പിന്നാലെ രണ്ട് ഗോൾശ്രമങ്ങൾ സെനഗൽ നടത്തിയെങ്കിലും പന്ത് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. ഇതോടെ പുറത്താകലിന് തൊട്ടരികെ 161 സെക്കൻഡിനിടെ അടിച്ച രണ്ടു ഗോളുകളുടെ ബലത്തിൽ ജീവശ്വാസം വീണ്ടെടുത്ത ബൽജിയം എക്ട്രാ ടൈമിലെ പെനാൽറ്റിയിൽ അടുത്ത ഘട്ടത്തിലേക്ക് മുന്നേറി. അതേസമയം, മത്സരത്തിലുടനീളം ബൽജിയത്തെ വിറപ്പിച്ച സെനഗൽ, അർഹിച്ച വിജയത്തിനരികെ തോൽവി വഴങ്ങി ലോകകപ്പിൽ നിന്ന് പുറത്തേക്ക്...
English Summary:





English (US) ·