Authored by: സൈഫുദ്ധീൻ ടി എം|Samayam Malayalam•18 Mar 2026, 11:06 americium IST
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിലേക്കുള്ള വിവിധ ടീമുകളുടെ പ്ലെയിങ് ഇലവനെ തെരഞ്ഞെടുത്ത് മുന്‍ താരങ്ങള്‍ രംഗത്ത് വരുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഇംപാക്ട് പ്ലെയര്‍ ഉള്‍പ്പടെ ചെന്നെെ സൂപ്പര്‍ കിങ്സിന്റെ 12 അംഗ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. സഞ്ജു സാംസണാണ് കൈഫ് തെരഞ്ഞെടുത്ത ടീമിലെ ഓപ്പണര്‍. മറ്റു താരങ്ങള്‍ ആരൊക്കെയാണെന്ന് ഈ ലേഖനത്തിലൂടെ വായിക്കാം.
ഹൈലൈറ്റ്:
- സഞ്ജു ഓപ്പണറാകുമെന്ന് മുഹമ്മദ് കൈഫ്
- നാലാം നമ്പറില്‍ സര്‍പ്രൈസ് താരത്തെ തെരഞ്ഞെടുത്തു
- പ്രശാന്ത് വീര്‍ കൈഫിന്റെ ടീമില്‍ ഇടംകണ്ടെത്തിയിട്ടുണ്ട്
ചെന്നെെ സൂപ്പര്‍ കിങ്സ് ടീം (2025 ഐപിഎല്ലില്‍ നിന്ന്)(ഫോട്ടോസ്- Getty Images)ചെന്നെെ ടീമിന് വേണ്ടി നാലാം നമ്പറില്‍ ആര് കളിക്കും എന്നത് വലിയൊരു ചോദ്യം തന്നെയാണ്. കഴിഞ്ഞ സീസണില്‍ നാലാം നമ്പറില്‍ സ്ഥിരമായൊരു താരം ചെന്നെെ ടീമിനുണ്ടായിരുന്നില്ല. ശിവം ദുബെ, രവിചന്ദ്ര അശ്വിന്‍ തുടങ്ങിയ പല താരങ്ങളും ആ റോളില്‍ കളിച്ചിട്ടുണ്ട്. ഡ്യുവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, കാര്‍ത്തിക് ശര്‍മ, ഉര്‍വില്‍ പട്ടേല്‍, സര്‍ഫറാസ് ഖാൻ തുടങ്ങിയ ഒരുപിടി ഓപ്ഷനുകള്‍ ടീമിന് ലഭ്യമാണ്. കൈഫിന്റെ അഭിപ്രായത്തില്‍ ഉര്‍വില്‍ പട്ടേല്‍ നാലാമത്തെ പൊസിഷനില്‍ കളിക്കാനാണ് സാധ്യത.
ഉര്‍വില്‍ പട്ടല്‍ സ്പിന്നര്‍മാരെ നന്നായി കൈകാര്യം ചെയ്യുമെന്നാണ് ഇതിന് കാരണമായി മുഹമ്മദ് കൈഫ് ചൂണ്ടിക്കാട്ടുന്നത്. കാര്‍ത്തിക് ശര്‍മ അല്ലെങ്കില്‍ ഉര്‍വില്‍ പട്ടേല്‍ ഇവരില്‍ ആരെങ്കിലും ഒരാള്‍ മാത്രമേ പ്ലെയിങ് ഇലവനില്‍ ഉണ്ടാകൂ എന്നാണ് കൈഫ് പറയുന്നത്. രണ്ട് പേരും ഒരുമിച്ച് ബെഞ്ചിലിരുന്നാലും അദ്ഭുതപ്പെടേണ്ടി വരില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. അഞ്ചാം നമ്പറില്‍ ശിവം ദുബെ, ആറാം നമ്പറില്‍ ഡ്യൂവാള്‍ഡ് ബ്രെവിസ് എന്നിവരെയാണ് കൈഫ് തെരഞ്ഞെടുത്തത്.
ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജക്ക് പകരക്കാരനായി ചെന്നെെ വളര്‍ത്തിക്കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്ന പ്രശാന്ത് വീറാണ് കളിക്കുക. ബോള്‍ കൊണ്ടും ബാറ്റ് കൊണ്ടും സംഭാവനകള്‍ നല്‍കുന്ന പ്രശാന്ത് വീര്‍ ടീമിന്‍റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നാണ് കൈഫിന്റെ അഭിപ്രായം. മുന്‍ ചെന്നെെ നായകനും സീനിയര്‍ താരവുമായ എംഎസ് ധോണിയെ എട്ടാമനായാണ് കൈഫ് തെരഞ്ഞെടുത്തിരിക്കുന്നത്.
നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, നഥാന്‍ എല്ലിസ് എന്നിവരെ ടീമിലെ ബോളര്‍മാരായി തെരഞ്ഞെടുത്ത കൈഫ് ഇംപാക്ട് പ്ലെയറായി മാറ്റ് ഹെന്‍റിയെയും പരിഗണിച്ചിട്ടുണ്ട്. തകര്‍ത്തടിക്കാന്‍ കഴിവുള്ള ബാറ്റര്‍മാരില്ലാതെ പോയതാണ് കഴിഞ്ഞ സീസണില്‍ ചെന്നെെ നേരിട്ട പ്രധാന പ്രതിസന്ധി. ഇക്കുറി ആ പ്രശ്നങ്ങളെല്ലാം പരിഗണിച്ച് മികച്ചൊരു ടീമിനെ തന്നെ സ്വന്തം തട്ടകത്തിലെത്തിക്കാന്‍ ചെന്നെെ ടീമിന് കഴിഞ്ഞിട്ടുണ്ട്. മാര്‍ച്ച് 30-ന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ചെന്നെെ സൂപ്പര്‍ കിങ്സിന്റെ ആദ്യ ഐപിഎല്‍ മത്സരം.








English (US) ·