Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•18 May 2026, 9:06 p.m. IST
CSK vs SRH IPL 2026: സിഎസ്കെയ്ക്ക് പ്ലേ ഓഫിലേക്കെത്താൻ ഇന്നത്തെ മത്സരത്തിൽ ജയം നേടേണ്ടത് വളരെ അത്യാവശ്യമാണ്. ഇത്തരമൊരു നിർണ്ണായക മത്സരത്തിലാണ് റുതുരാജ് തീർത്തും നിരാശപ്പെടുത്തിയത്
ഹൈലൈറ്റ്:
- റുതുരാജിനെതിരേ ആരാധക രോഷം
- സഞ്ജുവിന് വലിയ സ്കോർ നേടാനായില്ല
- സിഎസ്കെയ്ക്ക് ജയം നിർണ്ണായകം
റുതുരാജ് ഗെയ്ക് വാദ്(ഫോട്ടോസ്- AP)ജാമി ഓവർട്ടൻ നാട്ടിലേക്ക് മടങ്ങി, പ്ലേ ഓഫിനരികെ സിഎസ്കെയ്ക്ക് വലിയ ആശങ്ക
മറ്റുള്ളവരെല്ലാം അതിവേഗം റൺസുയർത്താൻ ശ്രമിച്ചപ്പോഴാണ് ക്യാപ്റ്റൻ ടെസ്റ്റ് ഇന്നിങ്സ് കളിച്ച് നാണംകെട്ടത്. ഇതോടെ രൂക്ഷ വിമർശനമാണ് ആരാധകർ ഉയർത്തുന്നത്. സിഎസ്കെയുടെ നായകസ്ഥാനം ഒഴിയണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. ആംഗർ റോളിൽ കളിക്കാനാണ് റുതുരാജ് ശ്രമിച്ചത്. ഒരുവശത്ത് പിടിച്ചുനിന്ന് മറ്റ് താരങ്ങളെക്കൊണ്ട് ആക്രമിപ്പിക്കാനായിരുന്നു റുതുരാജിന്റെ പദ്ധതി.
എന്നാൽ ക്ഷമകെട്ട സാഹചര്യത്തിൽ പാറ്റ് കമ്മിൻസിന്റെ സ്ലോ ബൗൺസറിൽ പുൾഷോട്ടിന് ശ്രമിച്ച റുതുരാജിന് പിഴച്ചു. ഇതോടെ ക്യാച്ച് നൽകി പുറത്താവുകയായിരുന്നു. നായകനെന്ന നിലയിൽ ഉത്തരവാദിത്തം കാട്ടിയില്ലെന്ന് മാത്രമല്ല സഹതാരങ്ങളെ സമ്മർദ്ദത്തിലാക്കുന്ന ബാറ്റിങ് പ്രകടനമാണ് റുതുരാജ് കാഴ്ചവെച്ചതെന്ന് പറയാം. പൊതുവേ ഗംഭീര പ്രകടനം നടത്തുന്ന താരമാണ് റുതുരാജ്.
എന്നാൽ ഈ സീസണിൽ താരത്തിന്റെ നിലവാരത്തിനൊത്ത പ്രകടനം കാണാനായിട്ടില്ല. ക്യാപ്റ്റന്റെ സമ്മർദ്ദം റുതുരാജിന് ബാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. സഞ്ജു സാംസണിന്റെ വരവോടെ സിഎസ്കെയുടെ നായകസ്ഥാനം റുതുരാജിന് വെല്ലുവിളിയായി മാറി. മികവ് തെളിയിക്കാത്ത പക്ഷം നായകസ്ഥാനം നഷ്ടമാകുമെന്ന സമ്മർദ്ദം താരത്തെ ബാധിച്ചിട്ടുണ്ടെന്നാണ് ആരാധകർ പ്രതികരിച്ചത്.
സഞ്ജു സാംസൺ 13 പന്തിൽ 27 റൺസെടുത്ത് പുറത്തായി. അഞ്ച് ഫോറും ഒരു സിക്സുമാണ് പറത്തിയത്. ഉർവിൽ പട്ടേൽ എട്ട് പന്തിൽ 13 റൺസെടുത്ത് പുറത്തായപ്പോൾ 20കാരനായ കാർത്തിക് ശർമ 19 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 32 റൺസും നേടി. ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പടക്കം നേടിയിട്ടുള്ള റുതുരാജിന്റെ ഈ സീസണിലെ പ്രകടനം സിഎസ്കെയെ പിന്നോട്ടടിക്കുന്നതാണെന്നാണ് ആരാധകപക്ഷം.
IPL 2026: സിഎസ്കെ പ്ലേ ഓഫിലെത്തില്ലേ? കഴിഞ്ഞില്ലെങ്കിൽ റുതുരാജിനെ മാറ്റണം, സഞ്ജുവിനെ ക്യാപ്റ്റനാക്കണം; മൂന്ന് കാരണങ്ങളിതാ
ഒരു ബൗണ്ടറി പോലും നേടാത വന്നതോടെ ക്യാപ്റ്റന്മാരിലെ നാണക്കേടിന്റെ ക്ലബ്ബിൽ റുതുരാജിന് പേര് ചേർക്കേണ്ടി വന്നു. ബൗണ്ടറി നേടാതെ കൂടുതൽ പന്ത് നേരിട്ട ക്യാപ്റ്റന്മാരിൽ എട്ടാം സ്ഥാനത്താണ് റുതുരാജുള്ളത്. ഈ പട്ടികയിൽ പ്രമുഖർ തലപ്പത്തുണ്ടെന്നതാണ് റുതുരാജിന് ആശ്വസിക്കാവുന്ന കാര്യം.
39 പന്ത് ബൗണ്ടറിയില്ലാതെ നേരിട്ട സ്റ്റീവ് സ്മിത്താണ് ഈ നാണക്കേടിൽ തലപ്പത്ത്. എംഎസ് ധോണി 30, 27, 22, 21 പന്തുകൾ നേരിട്ട് ഒരു ബൗണ്ടറി പോലും നേടാത്ത മത്സരങ്ങളുമുണ്ട്. രോഹിത് ശർമ 22 പന്തുകൾ നേരിട്ടിട്ടും ഒരു ബൗണ്ടറി പോലും നേടാത്ത സാഹചര്യവും ഉണ്ടായിട്ടുണ്ടെന്നതാണ് കൗതുകകരം. അക്ഷർ പട്ടേൽ 22 പന്ത് നേരിട്ട് ബൗണ്ടറികളൊന്നും നേടാതെ ഇരുന്നിട്ടുണ്ട്.
റുതുരാജിനെ നായകനെന്ന നിലയിലേക്കാൾ ബാറ്റ്സ്മാനെന്ന നിലയിലാണ് സിഎസ്കെയ്ക്ക് കൂടുതൽ ആവശ്യം. സഞ്ജു സാംസണെപ്പോലെ മികവ് തെളിയിച്ചൊരു നായകൻ സിഎസ്കെയ്ക്കുള്ളപ്പോൾ ഇനിയും റുതുരാജിനെ നായകനായി മുന്നോട്ട് പിന്തുണക്കേണ്ട കാര്യമില്ലെന്നാണ് ആരാധകർ പ്രതികരിക്കുന്നത്. എന്തായാലും ഇന്ന് തോൽക്കുന്ന സാഹചര്യമുണ്ടായാൽ റുതുരാജിന്റെ ബാറ്റിങ് പ്രകടനം വലിയ വിമർശനം കേൾക്കേണ്ടി വരുമെന്നുറപ്പാണ്.








English (US) ·