Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•17 Apr 2026, 7:17 americium IST
IPL 2026: ശ്രേയസ് അയ്യർ ക്യാപ്റ്റനെന്ന നിലയിൽ ശ്രദ്ധേയ പ്രകടനമാണ് നടത്തുന്നത്. ഡൽഹി, കെകെആർ ടീമുകൾക്കൊപ്പം വിസ്മയിപ്പിച്ച ശ്രേയസ് പഞ്ചാബ് ടീമിലും ഇതേ മികവ് തുടരുകയാണെന്നതാണ് ശ്രദ്ധേയം
ഹൈലൈറ്റ്:
- ശ്രേയസ് അയ്യർ കിടിലൻ ഫോമിൽ
- ശ്രേയസിന് ഇന്ത്യൻ ടി20 ടീമിൽ ഇടമില്ല
- പഞ്ചാബ് പോയിന്റ് പട്ടികയിൽ തലപ്പത്ത്
ശ്രേയസ് അയ്യർ, രോഹിത് ശർമ, സൂര്യകുമാർ യാദവ്(ഫോട്ടോസ്- AP)കോഹ്‌ലിയെയും ഗെയ്‌ലിനെയും പിന്നിലാക്കി ബാബർ കുതിക്കുന്നു; ടി20യിൽ ചരിത്ര റെക്കോഡുമായി പാക് താരം
ബാറ്റുകൊണ്ട് കിടിലൻ അർധ സെഞ്ചുറി നേടിയും ക്യാപ്റ്റനായി കിടിലൻ നീക്കങ്ങൾ നടത്തിയും ശ്രേയസ് അരങ്ങ് വാഴുകയാണ്. ഇന്ത്യയുടെ ടി20 ടീമിന് വേണ്ടാത്ത ശ്രേയസ് അയ്യർ ഐപിഎല്ലിലൂടെ തന്റെ മികവ് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. അഞ്ച് മത്സരത്തിൽ നിന്ന് 203 റൺസ് ശ്രേയസ് നേടിക്കഴിഞ്ഞു. അവസാന സീസണിൽ ഫെെനലിൽ കെെവിട്ട കപ്പ് ഇത്തവണ തിരികെ പിടിക്കുകയാണ് ശ്രേയസിന്റെ ലക്ഷ്യം.
2019ൽ ഏഴ് വർഷത്തിന് ശേഷം ഡൽഹിയെ പ്ലേ ഓഫിലെത്തിച്ച ശ്രേയസ് 2020ൽ ഡൽഹിയെ 13 സീസണിന് ശേഷം ആദ്യമായി ഫെെനലിലും എത്തിച്ചു. 2024ൽ 10 വർഷത്തിന് ശേഷം കെകെആറിനെ കിരീട നിറവിലേക്ക് എത്തിച്ച ശ്രേയസ് 11 സീസണുകൾക്ക് ശേഷം 2025ൽ പഞ്ചാബ് കിങ്സിനെ ഫെെനലിലും കളിപ്പിച്ചു. തന്റെ മികവിലൂടെ ടീമുകളെ കെെപിടിച്ചുയർത്താൻ സാധിക്കുമെന്ന് ഇതിനോടകം പലവട്ടം ശ്രേയസ് തെളിയിച്ച് കഴിഞ്ഞു.
മുംബെെക്കെതിരേ ശ്രേയസ് എടുത്ത ക്യാച്ചും ഇപ്പോൾ വലിയ ചർച്ചയായിക്കഴിഞ്ഞു. ഹാർദിക് പാണ്ഡ്യയെ പുറത്താക്കാൻ ശ്രേയസ് എടുത്ത ക്യാച്ചിനെ അത്ഭുതമെന്ന് മാത്രമെ ഇപ്പോൾ വിളിക്കാൻ സാധിക്കൂ. മുംബെെ ബാറ്റിങ്ങിന്റെ 18ാം ഓവറിലാണ് ഈ തകർപ്പൻ ക്യാച്ച് പിറക്കുന്നത്. മാർക്കോ യാൻസൻ എറിഞ്ഞ ഓവറിലെ മൂന്നാം പന്തിൽ ഹാർദിക്കിന്റെ ഷോട്ട് സിക്സറാവുമെന്ന് എല്ലാവരും ഉറപ്പിച്ചതായിരുന്നു. എന്നാൽ ബൗണ്ടറി ലെെനരികെ ഉയർന്ന് ചാടി പന്ത് ശ്രേയസ് പുറത്തേക്ക് തട്ടിയിട്ടപ്പോൾ സേവ്യർ ബാർട്ട്ലെറ്റ് പന്ത് കെെയിലാക്കി.
ഐപിഎൽ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായിട്ടാണ് ഇതിനെ എല്ലാവരും വിശേഷിപ്പിക്കുന്നത്. ശ്രേയസ് ക്യാച്ച് പിടിക്കുമ്പോൾ മുംബെെയുടെ ഗഡൗട്ടിലിരുന്ന സൂര്യകുമാർ യാദവും രോഹിത് ശർമയും വിശ്വസിക്കാനാവാതെ പരസ്പരം നോക്കുന്നുണ്ടായിരുന്നു. ഇവരുടെ മുഖഭാവത്തിൽ നിന്ന് തന്നെ ശ്രേയസിന്റെ ക്യാച്ച് എത്രത്തോളം മികച്ചതായിരുന്നുവെന്ന് വ്യക്തം.
IPL 2026: സൂര്യകുമാർ യാദവിന് ഇത് എന്തുപറ്റി? ആദ്യ പന്തിൽത്തന്നെ പുറത്ത്, ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിക്കുമോ?
എന്നാൽ ശ്രേയസ് അയ്യരുടെ ക്യാച്ചിന് പിന്നാലെ സ്നേഹോപദേശങ്ങളുമായി നിരവധി ആരാധകരും രംഗത്തെത്തുകയാണ്. കാരണം ശ്രേയസ് അയ്യർ ഇതിന് മുമ്പും ഇത്തരം സാഹസിക ക്യാച്ചുകൾ എടുത്തിട്ടുള്ള താരമാണ്. ഇത്തരത്തിലൊരു ക്യാച്ചെടുത്താണ് അദ്ദേഹം പരിക്കേറ്റ് ഏറെ നാൾ പുറത്തിരുന്നത്. 2025ലെ ഓസ്ട്രേലിയൻ പര്യടനത്തിലെ മൂന്നാം ഏകദിനത്തിനിടെ ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ ശ്രേയസിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ശ്രേയസിന്റെ വയറിനുള്ളിൽ മുറിവ് ഉണ്ടാവുകയും ഐസിയുവിലടക്കം പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം വലിയ ഇടവേളക്ക് ശേഷമാണ് ശ്രേയസ് കളത്തിലേക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ പരിക്കിനെ ഭയക്കാതെ വീണ്ടുമൊരു അത്ഭുത ക്യാച്ച് നേടിയെടുത്തിരിക്കുന്നു. ക്യാച്ചെടുത്ത ശേഷമുള്ള ശ്രേയസിന്റെ ആഘോഷവും പ്രതികരണവും ഇതിനോടകം വലിയ ചർച്ചയായി മാറിക്കഴിഞ്ഞിട്ടുണ്ട്.
വളരെ നിർണ്ണായകമായ വിക്കറ്റായിരുന്നു ഹാർദിക്കിന്റേത്. മുംബെെ 220ന് മുകളിലേക്ക് സ്കോർ കൊണ്ടുപോകുമെന്ന് എല്ലാവരും കരുതിയിരിക്കവെയാണ് ഹാർദിക്കിനെ പുറത്താക്കി പഞ്ചാബ് മത്സരത്തിലേക്ക് തിരികെ വരുന്നത്. ഇതിന് ശ്രേയസ് അയ്യരുടെ കിടിലൻ ക്യാച്ച് കാരണമായിട്ടുണ്ടെന്നും പറയാം. ക്യാപ്റ്റനെന്ന നിലയിൽ മുന്നിൽ നിന്ന് നയിക്കാൻ ശ്രേയസിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.









English (US) ·