Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•26 Apr 2026, 6:12 p.m. IST
IPL 2026: സ്വന്തം തട്ടകത്തിൽ ഗുജറാത്ത് ടെെറ്റൻസിനെതിരേ ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ സിഎസ്കെയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. പ്രധാന താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോഴും ക്യാപ്റ്റൻ റുതുരാജ് കെെയടി നേടി
ഹൈലൈറ്റ്:
- റുതുരാജിന് കിടിലൻ ഫിഫ്റ്റി
- സിഎസ്കെയ്ക്ക് ബാറ്റിങ് തകർച്ച
- സഞ്ജു സാംസണും തിളങ്ങാനായില്ല
റുതുരാജ് ഗെയ്ക് വാദ്(ഫോട്ടോസ്- ANI)ധോണിയുടെ പരിക്കിൽ വിവരങ്ങളുമായി ചെന്നൈ ബാറ്റിങ് കോച്ച്
ഗുജറാത്തിനെതിരേ സ്വന്തം തട്ടകമായ ചെപ്പോക്കിൽ ബാറ്റ് ചെയ്യാനിറങ്ങിയ സിഎസ്കെയ്ക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ഒരുവശത്ത് വിക്കറ്റ് വീണപ്പോൾ പിടിച്ചുനിന്ന് പൊരുതിയ റുതുരാജ് 158 എന്ന ഭേദപ്പെട്ട സ്കോറിലേക്കും സിഎസ്കെയെ എത്തിച്ചു. ആദ്യത്തെ 37 പന്തിൽ റുതുരാജ് നന്നായി പ്രയാസപ്പെട്ടു. 20 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. തുടർച്ചയായി വിക്കറ്റ് വീണ സാഹചര്യത്തിൽ പ്രതിരോധിച്ച് കളിക്കേണ്ടത് റുതുരാജിനെ സംബന്ധിച്ച് അനിവാര്യമായിരുന്നു.
താളം കണ്ടെത്തിയ ശേഷം ഫോമിലേക്കെത്തിയ റുതുരാജ് ആക്രമണത്തിലേക്ക് ഗിയർ മാറ്റി. പിന്നീടുള്ള 23 പന്തിൽ നിന്ന് 54 റൺസാണ് റുതുരാജ് നേടിയെടുത്തത്. 234.7 സ്ട്രെെക്ക് റേറ്റിലായിരുന്നു റുതുരാജ് കത്തിക്കയറിയത്. ഒരു ഘട്ടത്തിൽ സിഎസ്കെ 100 പോലും കടക്കില്ലെന്ന് തോന്നിച്ചിടത്തുനിന്ന് നായകനെന്ന നിലയിൽ മുന്നിൽ നിന്ന് പൊരുതാൻ റുതുരാജിന് സാധിക്കുകയായിരുന്നു.
ഈ സീസണിൽ റുതുരാജ് നേടുന്ന ആദ്യ അർധ സെഞ്ചുറിയാണിത്. ഏറ്റവും നിർണ്ണായകമായ സമയത്ത് ആ ഫിഫ്റ്റി പ്രകടനം ഉണ്ടായി എന്നതാണ് എടുത്തു പറയേണ്ട കാര്യം. 22 റൺസെടുത്ത ശിവം ദുബെയാണ് സിഎസ്കെയുടെ രണ്ടാമത്തെ ടോപ് സ്കോറർ. സിഎസ്കെയുടെ തട്ടകത്തിലെ പരീക്ഷണങ്ങളെല്ലാം പാളിയെന്നതാണ് എടുത്തു പറയേണ്ടത്. സഞ്ജു സാംസണിന്റെ ബാറ്റിങ് മികവ് ഇന്ന് കാണാൻ സാധിച്ചില്ല. 15 പന്ത് നേരിട്ട് 11 റൺസെടുത്താണ് സഞ്ജു പുറത്തായത്.
സഞ്ജുവിന്റെ വിക്കറ്റ് സിഎസ്കെയെ സമ്മർദ്ദത്തിലാക്കി. പിന്നാലെ എത്തിയവരെയെല്ലാം ഇത് ബാധിച്ചുവെന്നതാണ് വസ്തുത. ഉർവിൽ പട്ടേൽ മൂന്ന് പന്തിൽ നാല് റൺസെടുത്ത് പുറത്തായപ്പോൾ സർഫറാസ് ഖാൻ ഗോൾഡൻ ഡക്കായി. വെടിക്കെട്ട് താരമായ ഡെവാൾഡ് ബ്രെവിസ് പരിക്ക് ഭേദമായി തിരിച്ചെത്തിയെങ്കിലും പഴയ താളം കണ്ടെത്താൻ സാധിച്ചിട്ടില്ല.
IPL 2026: ഇവർ കളിക്കുന്നത് ടീമിനെ തോൽപ്പിക്കാനോ? ബാധ്യതയാകുന്ന താരങ്ങൾ ഇവരാണ്; നാല് ക്യാപ്റ്റന്മാരും പട്ടികയിൽ
ഗുജറാത്തിനെതിരേ 9 പന്ത് നേരിട്ട് 2 റൺസ് മാത്രമാണ് ബ്രെവിസിന് നേടാനായത്. ശിവം ദുബെ 17 പന്തിൽ 22 റൺസാണ് നേടിയത്. യുവതാരം കാർത്തിക് ശർമക്കും അവസരം മുതലാക്കാനായില്ല. 9 പന്തിൽ 15 റൺസാണ് താരം നേടിയത്. ജാമി ഓവർട്ടൻ ആറ് പന്തിൽ 18 റൺസും നേടി.








English (US) ·