IPL 2026: ആദ്യ 7 മത്സരത്തിൽ തോൽവി അറിഞ്ഞില്ല, ഇപ്പോൾ 4 തുടർ തോൽവി; പഞ്ചാബ് പ്ലേ ഓഫ് കാണില്ലേ? ടീമിന് പിഴക്കുന്നത് എവിടെ?

2 weeks ago 6

ഹൈലൈറ്റ്:

  • പഞ്ചാബ് നിലവിൽ നാലാം സ്ഥാനത്ത്
  • ശേഷിക്കുന്ന 3 മത്സരത്തിലും പഞ്ചാബിന് ജയിക്കണം
  • പഞ്ചാബിനോട് കണക്കുവീട്ടി ഡൽഹി

punjab kings, shreyas iyerപഞ്ചാബ് കിങ്സ്, ശ്രേയസ് അയ്യർ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ അനായാസമായി പ്ലേ ഓഫിലേക്കെത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ച ടീമാണ് പഞ്ചാബ് കിങ്സ്. ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് ആദ്യത്തെ ഏഴ് മത്സരത്തിലും തോൽവി അറിഞ്ഞിരുന്നില്ല. എന്നാൽ അവസാന നാല് മത്സരത്തിലും ടീം തോൽവി നേരിട്ടതോടെ പ്ലേ ഓഫ് പ്രതീക്ഷക്ക് കടുത്ത തിരിച്ചടിയായിരിക്കുകയാണ്. തലപ്പത്തായിരുന്ന പഞ്ചാബിന് നിലവിൽ 11 മത്സരത്തിൽ നിന്ന് 13 പോയിന്റാണുള്ളത്. മൂന്ന് മത്സരങ്ങൾ ശേഷിക്കെ പ്ലേ ഓഫിലെത്താൻ തുടർ ജയം പഞ്ചാബിന് ആവശ്യമാണെന്ന് പറയാം. പഞ്ചാബിന്റെ ബാറ്റിങ് നിരയും ബൗളിങ് നിരയും ശക്തമാണെങ്കിലും അവസാന നാല് മത്സരത്തിലും ടീമിന് ചുവടുപിഴച്ചിരിക്കുകയാണ്. എന്താണ് പഞ്ചാബിന് സംഭവിക്കുന്നത് എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. പഞ്ചാബിനെ പിന്നോട്ടടിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഡൽഹി പഞ്ചാബിനോട് കണക്കുവീട്ടി



ഡൽഹി ക്യാപിറ്റൽസിനെതിരേ 264 റൺസ് പിന്തുടർന്ന് ജയിച്ച് റെക്കോഡിടാൻ പഞ്ചാബ് കിങ്സിന് സാധിച്ചിരുന്നു. എന്നാൽ ഇതിന് രണ്ടാം പാദത്തിലൂടെ മറുപടി പറയാൻ ഡൽഹിക്ക് സാധിച്ചിരിക്കുകയാണ്. മൂന്ന് വിക്കറ്റിന്റെ ത്രില്ലിങ് ജയമാണ് ഡൽഹി നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് അഞ്ച് വിക്കറ്റിന് 210 റൺസെടുത്തപ്പോൾ ഡൽഹി ഒരോവറും മൂന്ന് വിക്കറ്റും ബാക്കി നിർത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

അക്ഷർ പട്ടേൽ (56), ഡേവിഡ് മില്ലർ (51) എന്നിവരുടെ അർധ സെഞ്ചുറികളും വാലറ്റത്ത് മാധവ് തിവാരിയും (8 പന്തിൽ 18) ആക്വിബ് നബിയും ( 2 പന്തിൽ 10) പുറത്താവാതെ നേടിയ റൺസും ഡൽഹിയുടെ ജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. ഇതോടെ ഡൽഹി പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തിയിരിക്കുകയാണ്.

എന്തുകൊണ്ട് ചഹാലിന് പന്ത് കൊടുത്തില്ല?



മത്സരത്തിൽ ഡൽഹി 20 ഓവറും പേസർമാരെക്കൊണ്ട് മാത്രമാണ് പന്തെറിയിച്ചത്. ഇതേ തന്ത്രമാണ് പഞ്ചാബും പയറ്റിയത് എന്നതാണ് എടുത്തു പറയേണ്ടത്. പിച്ച് ഫ്ളാറ്റായിരുന്നതിനാൽ സ്പിന്നർമാർക്ക് വലിയ ആധിപത്യം ലഭിക്കില്ലെന്നുറപ്പാണ്. അതുകൊണ്ടാവാം ഇത്തരമൊരു നീക്കം രണ്ട് ടീമും നടത്തിയത്. എന്നാൽ പഞ്ചാബിന് ഒരോവറെങ്കിലും യുസ് വേന്ദ്ര ചഹാലിന് കൊടുക്കാമായിരുന്നു.

ശ്രേയസ് അയ്യർ‌ ചഹാലിനെ വേണ്ടപോലെ ഉപയോഗിക്കുന്നില്ലെന്ന വിമർശനം ശക്തമാണ്. ബെൻ ഡൗർഷ്യൂയിസും മാർക്കസ് സ്റ്റോയിണിസുമെല്ലാം തല്ലുവാങ്ങിയപ്പോൾ ഒരു ഓവറെങ്കിലും ചഹാലിന് നൽകി പരീക്ഷണം നടത്താമായിരുന്നു. ഇത് ചെയ്യാതിരുന്നത് ശ്രേയസിന്റെ പിഴവായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാൽ പേസർമാർക്ക് അനുയോജ്യമായ പിച്ചായതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് ശ്രേയസ് വിശദീകരിച്ചത്.

പഞ്ചാബിന്റെ പരീക്ഷണങ്ങൾ പാളുന്നു



അവസാന കുറച്ച് മത്സരങ്ങളിലായി പ്ലേയിങ് ഇലവനിൽ പഞ്ചാബ് കിങ്സ് നിരന്തരം മാറ്റുകയാണ്. ഇത് ടീമിനെ പ്രതികൂലമായി ബാധിച്ച കാര്യമായി വേണം കരുതാം. പഞ്ചാബിന്റെ താരങ്ങളെല്ലാം മികച്ചവരാണെങ്കിലും അവസരത്തിനൊത്ത് ബൗളിങ് നിരക്ക് ഉയരാൻ സാധിക്കുന്നില്ല. ശ്രേയസ് അയ്യർക്ക് ക്യാപ്റ്റനെന്ന നിലയിലും പിഴക്കുന്നതായാണ് കാണാനാവുന്നത്. ഇന്ത്യയുടെ അടുത്ത ടി20 നായകനായി ശ്രേയസ് എത്തിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ ശ്രേയസിന്റെ തന്ത്രം പാളുന്നത് തിരിച്ചടിയായി മാറാനാണ് സാധ്യത.

പഞ്ചാബിന് പ്ലേ ഓഫ് കടുപ്പം



ശേഷിക്കുന്ന മൂന്ന് മത്സരത്തിലും പഞ്ചാബിന് ജയിക്കാനാവാത്ത പക്ഷം പ്ലേ ഓഫ് കടുപ്പമായിരിക്കുകയാണ്. ശേഷിക്കുന്ന മൂന്ന് മത്സരത്തിൽ മുംബെെ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ലഖ്നൗ സൂപ്പർ ജയ്ന്റ്സ് എന്നിവരാണ് പ‍ഞ്ചാബിന്റെ എതിരാളികൾ. ഇതിൽ മുംബെെയും ലഖ്നൗവും ഇതിനോടകം പുറത്തായവരാണ്. നഷ്ടപ്പെടാനൊന്നും ഇല്ലാത്ത ഈ രണ്ട് ടീമും കടന്നാക്രമിച്ചാൽ പഞ്ചാബിന് കാര്യങ്ങൾ എളുപ്പമായിരിക്കില്ലെന്നുറപ്പാണ്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article