Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•19 Mar 2026, 8:14 p.m. IST
IPL 2026: മിനി താരലേലത്തിലൂടെ അവസാന സീസണിലെ പിഴവുകൾ നികത്താൻ എല്ലാ ടീമുകൾക്കും സാധിച്ചിട്ടുണ്ട്. എന്നാൽ ചില ടീമുകളുടെ കണക്കൂകൂട്ടലുകൾ തെറ്റിക്കുന്ന തരത്തിൽ പ്രധാനപ്പെട്ട താരങ്ങൾ ഫോം ഔട്ടിലേക്ക് പോകുന്നത് തലവേദന സൃഷ്ടിക്കുന്നുണ്ട്
ഹൈലൈറ്റ്:
- 10 ടീമുകളുടേയും താരനിര ശക്തം
- കിരീടം നിലനിർത്താൻ ആർസിബി
- മാർച്ച് 28നാണ് ഐപിഎൽ ആരംഭിക്കുന്നത്
ഐപിഎൽ 2026, കെകെആർ(ഫോട്ടോസ്- Agencies)ചെന്നൈയുടെ കരുത്തായി സഞ്ജു - റുതുരാജ് സഖ്യം; ഇത്തവണ കപ്പ് ഉറപ്പിക്കാമോ?
ഒന്നാമത്തെ കാര്യം ബാറ്റിങ് നിരയുടെ ശക്തിക്കുറവ് തന്നെയാണ്. അജിൻക്യ രഹാനെ നയിക്കുന്ന കെകെആറിൽ നിന്ന് അത്ഭുതം പ്രതീക്ഷിക്കാനാവില്ല. അൻകൃഷ് രഘുവൻഷി, മനീഷ് പാണ്ഡെ, രാഹുൽ ത്രിപാഠി, രചിൻ രവീന്ദ്ര, റിങ്കു സിങ് , കാമറൂൺ ഗ്രീൻ, ടിം സീഫർട്ട് എന്നിവരെല്ലാം ഉൾപ്പെടുന്ന കെകെആറിന്റെ ബാറ്റിങ് നിരയിൽ വിശ്വസ്തരെന്ന് വിളിക്കാവുന്നവർ കുറവാണ്.
രഹാനെ സീനിയർ താരമാണ്. ടി20യിൽ അനുഭവസമ്പത്തുള്ള നായകനാണെങ്കിലും കാര്യമായ റെക്കോഡുകളൊന്നും അദ്ദേഹത്തിന് അവകാശപ്പെടാൻ സാധിക്കില്ല. രഹാനെയുടെ ബാറ്റിൽ നിന്ന് കാര്യമായൊന്നും പ്രതീക്ഷിക്കാനാവില്ല. ക്യാപ്റ്റനെ വിശ്വസിക്കാനാവാത്ത സാഹചര്യത്തിൽ ആ ടീമിൽ നിന്ന് വലിയ പ്രകടനം പ്രതീക്ഷിക്കുന്നത് മണ്ടത്തരമായിരിക്കുമെന്ന് പറയാം.
കെകെആറിന്റെ പ്രധാന സൂപ്പർ താരങ്ങളെല്ലാം മോശം ഫോമിലാണെന്നതാണ് എടുത്തു പറയേണ്ടത്. കാമറൂൺ ഗ്രീൻ ടി20 ലോകകപ്പിൽ മോശം ഫോമിലായിരുന്നു. സമീപകാലത്തൊന്നും പ്രതീക്ഷക്കൊത്ത പ്രകടനം നടത്താൻ ഗ്രീന് സാധിച്ചിട്ടില്ല. റിങ്കു സിങ്ങിനെ മോശം ഫോമിനെത്തുടർന്ന് ഇന്ത്യ ടി20 ലോകകപ്പ് കളിപ്പിച്ചിട്ടില്ല. അജിൻക്യ രഹാനെ ഇടവേളക്ക് ശേഷമാണ് കളിക്കാൻ ഇറങ്ങുന്നത്.
രചിൻ രവീന്ദ്രക്കും കാര്യമായ ഫോം അവകാശപ്പെടാനാവില്ല. ഫിൻ അലൻ, ടീം സീഫർട്ട് എന്നിവർ തല്ലിത്തകർക്കുന്നവരാണെങ്കിലും സ്ഥിരതയോടെ കസറുന്നവരല്ല. റോവ്മാൻ പവൽ ഫിനിഷർ റോളിൽ ശോഭിക്കാൻ ശേഷിയുള്ളവനാണ്. എങ്കിലും ടീമിനെ ഒറ്റക്ക് തോളിലേറ്റാൻ റോവ്മാൻ പവലിന് ശേഷിയുണ്ടെന്ന് കരുതാനാവില്ല.
IPL 2026: ഇംപാക്ട് പ്ലയറോ ഫിനിഷറോ? ധോണിയിൽ നിന്ന് സിഎസ്കെ അത്ഭുത പ്രകടനം പ്രതീക്ഷിക്കണോ? മുഹമ്മദ് കെെഫ് പറയുന്നത് ഇങ്ങനെ
പരിക്കും ബൗളർമാരുടെ മോശം ഫോമും കെകെആറിന് ആശങ്കയുണ്ടാക്കുന്നു. ഹർഷിത് റാണക്ക് പരിക്കേറ്റതോടെ കെകെആർ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ എന്നീ രണ്ട് സ്പിന്നർമാർ പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ വരുൺ ചക്രവർത്തി തല്ലുകൊള്ളിയായി മാറുന്നതാണ് ടി20 ലോകകപ്പിൽ കാണാനായത്.
പേസ് നിരയിലുള്ള ഉമ്രാൻ മാലിക്, ആകാശ് ദീപ്, കാർത്തിക് ത്യാഗി എന്നിവരെല്ലാം തല്ലുകൊള്ളികളാണ്. സിംബാബ് വെക്കാർ ബ്ലെസിങ് മുസറാബാനിയേയും വിശ്വസിക്കാനാവില്ല. വെെഭവ് അറോറ, മതീഷ പതിരാന എന്നിവരുടെ പ്രകടനത്തിലാണ് കെകെആറിന്റെ പ്രതീക്ഷ. മറ്റ് ടീമുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കെകെആറിന്റെ താരനിരയാണ് ഏറ്റവും മോശമെന്ന് പറയാം. മൂന്ന് തവണ ചാമ്പ്യന്മാരായ കെകെആർ ഇത്തവണ അത്ഭുത പ്രകടനം നടത്തുമോയെന്നത് കാത്തിരുന്ന് കാണാം.








English (US) ·