കളിയല്ലിത്, കാര്യം! ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്ത്തിന് ‘ഇ–സ്‌പോർട്സ്’ പട, നയിക്കാൻ മലയാളിയും; എന്താണിത്?

1 hour ago 1

വീടിനു പുറത്തിറങ്ങാതെ മൊബൈലിലും കംപ്യൂട്ടറിലും ഗെയിം കളിച്ചിരുന്ന തലമുറയെ വെറുതെ സമയം കളയുന്നവരെന്നായിരുന്നു ഒരുകാലത്ത് സമൂഹം വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, ആ ചിന്താഗതികളെല്ലാം മാറ്റിയെഴുതിക്കൊണ്ട് ലോകോത്തര തലത്തിൽ കോടിക്കണക്കിന് ആരാധകരുള്ള വൻ ബിസിനസായും സ്പോർട്സായും ഡിജിറ്റൽ ഗെയിമിങ് വളർന്നു കഴിഞ്ഞു. രാജ്യാന്തര ടൂർണമെന്റുകൾക്ക് പുറമേ, ഏഷ്യൻ ഗെയിംസിലും 'ഇ–സ്പോർട്സ്' ഔദ്യോഗിക മത്സര ഇനമായി സ്ഥാനം ഉറപ്പിച്ചു. മെഡൽ കൊയ്ത്ത് ലക്ഷ്യമിട്ട് ഇന്ത്യൻ സംഘം ഇത്തവണയും കളത്തിലിറങ്ങുന്നുണ്ട്. എന്താണ് ഇ–സ്പോർട്സ്? എങ്ങനെ ഏഷ്യൻ ഗെയിംസിൽ എത്തി? ഇന്ത്യയുടെ സ്ഥാനമെന്ത്?– വിശദമായി അറിയാം.

What you should work next

എന്താണ് ഇ–സ്പോർട്സ്?
വിഡിയോ ഗെയിം മത്സരങ്ങളെ ഔദ്യോഗിക കായിക ഇനമായി ഉൾപ്പെടുത്തി നടത്തുന്ന മത്സരങ്ങളാണ് ഇ–സ്പോർട്സ്. പരമ്പരാഗത കായിക ഇനങ്ങളായ ഫുട്ബോൾ, അത്‌ലറ്റിക്സ് എന്നിവ പോലെ തന്നെ ഡിജിറ്റൽ ഗെയിമുകളിലും കായികതാരങ്ങൾ മെഡലുകൾക്കായി മത്സരിക്കുന്നു. വിനോദത്തിനു വേണ്ടി മാത്രം കളിക്കുന്നതിനു പകരം ഗെയിമിങ് കരിയറായി തിരഞ്ഞെടുത്ത്, പ്രതിദിനം മണിക്കൂറുകളോളം പരിശീലനം നടത്തുന്നവരാണ് ഇ–സ്പോർട്സിൽ പങ്കെടുക്കുന്നത്. പ്രൊഫഷനൽ ക്ലബ്ബുകളും രാജ്യാന്തര ചാംപ്യൻഷിപ്പുകളും ഇതിന്റെ ഭാഗമാണ്. കൃത്യമായ നിയമങ്ങളും, ടൂർണമെന്റുകളും, പരിശീലകരും, വലിയ സമ്മാനത്തുകകളും ഉള്ള ഒരു പ്രൊഫഷനൽ കായിക മേഖലയായി ഇ-സ്‌പോർട്സ് വളരുന്നു.

പ്രധാന ഇ–സ്പോർട്സ് ഗെയിമുകൾ
സാധാരണ കായിക ഇനങ്ങളെപ്പോലെ തന്നെ വൻതോതിൽ കാണികളും സ്പോൺസർമാരും ഇ–സ്പോർട്സ് മത്സരങ്ങള്‍ക്കുമുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ തരംഗമായ പബ്ജി, ആഗോളതലത്തിൽ വൻ ആരാധകരുള്ള പോക്കിമോൻ യുണൈറ്റ്, ഓണർ ഓഫ് കിങ്സ്, ഫ്രീ ഫയർ, ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്നതും കംപ്യൂട്ടറിൽ കളിക്കുന്നതുമായ ലീഗ് ഓഫ് ലെജെൻഡ്സ്, കൗണ്ടർ– സ്റ്റൈക്ക് 2, ഡോട്ടാ 2 തുടങ്ങി നിരവധി ഗെയിമുകളാണ് യുവാക്കൾ രാജ്യാന്തര തലത്തിലെത്തിച്ചത്. വമ്പൻ ടീമുകളുടെ ഭാഗമായി മാസം ലക്ഷങ്ങൾ വരുമാനം നേടുന്ന ലൈവ് സ്ട്രീമർമാരും പ്രൊഫഷണൽ ഗെയിമർമാരുമായി മലയാളികൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ കോണുകളിലുള്ള നിരവധി യുവാക്കളാണ് ഇന്ന് വളർന്നുവരുന്നത്.

2026 ഏഷ്യൻ ഗെയിംസിൽ ചരിത്രമാകാൻ ഇ–സ്പോർട്സ്
ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലെ യുവതലമുറയ്ക്ക് ഗെയിമിങ് മേഖലയിലെ പ്രതിഭ തെളിയിക്കാനുള്ള വൻ വേദിയാണിത്. 2018ൽ ഇന്തൊനീഷ്യയിലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ പ്രദർശന ഇനമായാണ് ഇ-സ്‌പോർട്സ് പരീക്ഷിക്കുന്നത്. അന്ന് ആറ് മത്സരയിനങ്ങളാണു നടത്തിയത്. ഇതിൽ ലഭിച്ച മെഡലുകൾ രാജ്യങ്ങളുടെ ഔദ്യോഗിക മെഡൽ പട്ടികയിൽ എണ്ണിയിരുന്നില്ല. പിന്നീട് 2023ൽ ചൈനയിലെ ഹാങ്ചൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ചരിത്രത്തിൽ ആദ്യമായി ഇ–സ്പോർട്സിനെ പൂർണ ഔദ്യോഗിക മെഡൽ ഇനമായി ഉൾപ്പെടുത്തി. ലീഗ് ഓഫ് ലെജന്റ്സ്, ഡോട്ടാ 2, പബ്ജി മൊബൈൽ, അരേന ഓഫ് വാലോർ, ഇ–സ്പോർട്സ് എഫ്‍സി ഓൺലൈൻ, സ്ട്രീറ്റ് ഫൈറ്റർ 5, ഡ്രീം ത്രീ കിംങ്ഡ‍ംസ് 2 എന്നിങ്ങനെ ഏഴ് ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കളിക്കാർ നേടിയ മെഡലുകൾ രാജ്യത്തിന്റെ പ്രധാന മെഡൽ പട്ടികയുടെ ഭാഗമായി മാറുകയും ചെയ്തു.

ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയിൽ നിന്ന് 15 അംഗ സംഘം ലീഗ് ഓഫ് ലെജൻഡ്സ്, ഡോട്ടാ2, ഇഎഎഫ്‍സി, സ്ട്രീറ്റ് ഫൈറ്റർ 2 എന്നിങ്ങനെ നാല് ഇ–സ്പോർട്സ് ഇനങ്ങളിലാണ് പങ്കെടുത്തത്. ലീഗ് ഓഫ് ലെജൻഡ്സിൽ ഇന്ത്യൻ ടീം ക്വാർട്ടർ ഫൈനൽ റൗണ്ടിലെത്തിയിരുന്നു. ഏഷ്യൻ ഗെയിംസിലെ പങ്ക് കണക്കിലെടുത്ത് കായിക മന്ത്രാലയം ഇ-സ്‌പോർട്സിനെ ഔദ്യോഗികമായി 'മൾട്ടി-സ്‌പോർട്സ്' വിഭാഗത്തിൽ ഉൾപ്പെടുത്തി അംഗീകരിച്ചു. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ രണ്ടുവരെയാണ് ഏഷ്യൻ ഗെയിംസിൽ ഇ–സ്പോർട്സ് മൽസരങ്ങൾ നടക്കുന്നത്.

ഇ– സ്പോർട്സിലെ ഇന്ത്യൻ സാന്നിധ്യം, മലയാളിയും
ഇരുപതാമത് ഏഷ്യൻ ഗെയിംസിൽ ഇ–സ്പോർട്സ് മെഡൽ ഇനമായി തുടരും. ലീഗ് ഓഫ് ലെജൻഡ്സ്, ഇ– ഫുട്ബോൾ, പോക്കിമോൻ യുണൈറ്റ്, ഓണർ ഓഫ് കിങ്സ്, പബ്ജി മൊബൈൽ, മൊബൈൽ ലെജൻഡ്സ്– ബാങ് ബാങ്, ഐഡന്റിറ്റി V, നരാക : ബ്ലേഡ് പോയിന്റ്, ഗ്രാൻ ടൂറിസ്മോ 7, പുയോ പുയോ ചാംപ്യൻസ്, മാർഷൽ ആർട്‌സ് ടീം മത്സരം എന്നിങ്ങനെ 11 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. സ്ട്രീറ്റ് ഫൈറ്റർ സീരീസ്, ടെക്കൻ സീരീസ്, കിങ് ഓഫ് ഫൈറ്റർ സീരീസ് എന്നീ മൂന്ന് ഗെയിമുകളാണ് മാർഷൽ ആർട്സ് ടീം മത്സരത്തിൽ ഉണ്ടാവുക.

ഇത്തവണ നാല് മത്സരങ്ങളിലായി 15 പേരാണ് ഇന്ത്യയിൽ നിന്ന് ഇ–സ്പോർട്സിൽ പങ്കെടുക്കുന്നത്. ലീഗ് ഓഫ് ലെജൻഡ്സ്, പോക്കിമോൻ യുണൈറ്റ്, ഇ–ഫുട്ബോൾ, പുയോ പുയോ ചാംപ്യൻസ് എന്നിവയിലാകും ഇന്ത്യൻ താരങ്ങൾ ഡിജിറ്റലായി മാറ്റുരയ്ക്കുക. ലീഗ് ഓഫ് ലെജൻഡ്സിനെ നയിക്കുന്നത് മലയാളിയാണ്. എറണാകുളം സ്വദേശിയായ അക്ഷജ് ഷേണായിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് മത്സരത്തിന് ഇറങ്ങുന്നത്. അഹമ്മദ് ഷാഹിദ് ഇസ്‍റാർ, രാഹുൽ ബിഷ്ത്, സനിന്ത്യ മാലിക്, മിഹിർ രഞ്ജൻ, ആകാശ് ഷാൻഡില്യ എന്നിവരാണ് ടീമിലെ മറ്റു അംഗങ്ങൾ.

മധ്യപ്രദേശിലെ ദേവാസ് സ്വദേശിയായ അദ്‌നാൻ മുഹമ്മദ് ബാദ്ഷായുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പോക്കിമോൻ യുണൈറ്റിൽ മത്സരിക്കുന്നത്. റൂബൻ ഗോഡ്ഫ്രെ ഫെർണാണ്ടസ്, സായ് കൃഷ്ണ നല്ലൂരി, ദിപ്ജ്യോതി ലക്ഷ്മൺ നാഥ്, രുദ്ര നാരായൺ നായക്, ദീപ്കുമാർ വിപുൽഭായ് പട്ടേൽ എന്നിവരടങ്ങുന്നതാണ് ടീം. ചിന്മയ് സാഹുവും ഡാനിയൽ ഷക്കീൽ പട്ടേലും ഇ-ഫുട്ബോളിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ഹരിയാനയിലെ റോഹ്തക്ക് സ്വദേശി പരിതോഷ് പുയോ പുയോ ചാംപ്യൻഷിപ്പിൽ മാറ്റുരയ്ക്കും. 15 താരങ്ങൾ ഉൾപ്പെടെ 19 അംഗ സംഘമാണ് ഏഷ്യൻ ഗെയിംസിന് എത്തിയിരിക്കുന്നത്.

2026ലെ ഇ–സ്പോർട്സ് ഗെയിമുകൾ പലവിധം
∙ പോക്കിമോൻ യുണൈറ്റ്: പോക്കിമോൻ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി തയാറാക്കിയിട്ടുള്ള ഒരു സൗജന്യ മൾട്ടിപ്ലെയർ ഓൺലൈൻ ബാറ്റിൽ അരേന (എംഒബിഎ) ഓൺലൈൻ ഗെയിമാണ് പോക്കിമോൻ യുണൈറ്റ്. ദ് പോക്കിമോൻ കമ്പനിയും ടിമി സ്റ്റുഡിയോ ഗ്രൂപ്പും ചേർന്നാണ് ഈ ഗെയിം വികസിപ്പിച്ചത്. ആൻഡ്രോയിഡ്, ഐഒഎസ്, നിന്റെൻഡോ സ്വിച്ച് എന്നീ പ്ലാറ്റ്‌ഫോമുകളിൽ ഗെയിം ലഭ്യമാണ്. അഞ്ചു പേർ വീതമുള്ള രണ്ട് ടീമുകൾ തമ്മിലാണ് മത്സരം. മാപ്പിലെ വൈൽഡ് പോക്കിമോനുകളെയും എതിരാളികളെയും തോൽപ്പിച്ച് അയോസ് എനർജി ശേഖരിക്കണം. ഈ എനർജി എതിർ ടീമിന്റെ ഗോൾ സോണുകളിൽ കൊണ്ട് പോയി സ്കോർ ചെയ്യുകയാണ് വേണ്ടത്. 10 മിനിറ്റാണ് മത്സരത്തിന്റെ ദൈർഘ്യം. സമയം അവസാനിക്കുമ്പോൾ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീം വിജയിക്കും.

∙ ഓണർ ഓഫ് കിങ്സ്: ലോകത്ത് ഏറ്റവുമധികം ആളുകൾ കളിക്കുന്ന ഗെയിമുകളിൽ ഒന്നാണിത്. ഇതും അഞ്ച് പേരടങ്ങുന്ന രണ്ട് ടീം കളിക്കുന്ന എംഒബിഎ ആണ്. ടെൻസെന്റ് ഗെയിംമിസിന്റെ ഭാഗമായ ടിമി സ്റ്റുഡിയോ ഗ്രൂപ്പാണ് ഇത് വികസിപ്പിച്ചത്. രണ്ട് ടീമുകൾ ഒരു മാപ്പിൽ കൊമ്പുകോർക്കുന്നു. എതിർ ടീമിന്റെ പ്രതിരോധ ടവറുകൾ തകർത്ത് 'ക്രിസ്റ്റൽ' നശിപ്പിക്കുന്ന ടീം വിജയിക്കും. 'ഓണർ ഓഫ് കിങ്സ് ഇന്റർനാഷനൽ ചാംപ്യൻഷിപ്' (കെഐസി) എന്ന പേരിൽ രാജ്യാന്തര ചാംപ്യൻഷിപ്പും നടത്തുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ സമ്മാന തുകയാണ് വിജയികൾക്ക് നൽകുന്നത്. കുറഞ്ഞ ശേഷിയുള്ള സ്മാർട് ഫോണുകളിൽ പോലും വളരെ സുഗമമായി പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതിനാലാണ് ഈ ഗെയിമിന്റെ ജനപ്രീതിയുടെ രഹസ്യം.

∙ ലീഗ് ഓഫ് ലെജൻഡ്സ്: പത്തംഗ സംഘം രണ്ട് ടീമുകളിലായി കളിക്കുന്ന പിസി എംഒബിഎ ഗെയിമാണിത്. 2009-ൽ റയട്ട് ഗെയിംസ് വികസിപ്പിച്ച ഈ ഗെയിമാണ് ഇന്നത്തെ ഇ-സ്‌പോർട്സ് മേഖലയ്ക്ക് രാജ്യാന്തര തലത്തിൽ ഇത്ര വലിയ പ്രചാരം നൽകിയത്. 'സമ്മണേഴ്‌സ് റിഫ്റ്റ്' എന്ന മാപ്പിലാണു മത്സരം.

എതിർ ടീമിന്റെ പ്രതിരോധ ഗോപുരങ്ങൾ തകർത്ത്, അവരുടെ മെയിൻ ബേസിലുള്ള 'നെക്സസ്' തകർക്കുന്നവർ വിജയിക്കും. 60-ലധികം വ്യത്യസ്ത ശക്തികളുള്ള 'ചാംപ്യന്മാരെ കളിക്കാർക്ക് തിരഞ്ഞെടുക്കാം. കംപ്യൂട്ടറിനു പുറമേ സ്മാർട് ഫോണുകൾക്കായി 'ലീഗ് ഓഫ് ലെജൻഡ്സ്: വൈൽഡ് റിഫ്റ്റ്' എന്ന പതിപ്പും പുറത്തിറക്കിയിട്ടുണ്ട്.

∙ പബ്ജി മൊബൈൽ– ഏഷ്യൻ ഗെയിംസ് വേർഷൻ: സാധാരണ പബ്ജി മൊബൈലിൽ മനുഷ്യരെ വെടിവെച്ച് കൊലപ്പെടുത്തുന്ന രീതിയാണുള്ളത്. 'ബാറ്റിൽ റോയൽ' ശൈലിക്ക് പകരം, സ്പോർട്സ്/ഓഫ്-റോഡ് റേസിംഗും ഷൂട്ടിംഗും സമന്വയിപ്പിച്ച പതിപ്പാണിത്. ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ (ഒസിഎ) അക്രമ സ്വഭാവമുള്ള മത്സരങ്ങളെ പ്രോത്സാഹിപ്പിക്കാത്തതിനാൽ, ഏഷ്യൻ ഗെയിംസിന്റെ കായിക തത്വങ്ങൾക്ക് അനുയോജ്യമായ രീതിയിൽ അക്രമ രംഗങ്ങൾ ഒഴിവാക്കിയാണ് ഗെയിം പുനർരൂപകൽപന ചെയ്തത്. ഒരു രാജ്യത്തെ പ്രതിനിധീകരിച്ച് നാല് പേർ ഒരു ടീമായി മത്സരിക്കുന്നു. ഓരോ ടീമും ഓഫ്-റോഡ് വാഹനങ്ങളിൽ റേസ് നടത്തണം. വഴിയിലെ ഷൂട്ടിങ് സോണുകളിൽ വാഹനം നിർത്തി നിശ്ചലവും ചലിക്കുന്നതുമായ ടാർഗറ്റുകളിലേക്ക് ഷൂട്ട് ചെയ്യണം. ഇങ്ങനെ ടാർഗറ്റുകൾ ഷൂട്ട് ചെയ്താൽ മാത്രമാണ് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനാകൂ. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ടാർഗറ്റുകൾ ഫിനിഷ് ചെയ്യുന്നവർ വിജയിക്കും. എതിർ‌ ടീമിലെ കളിക്കാരെ വെടിവച്ച് തോൽപ്പിക്കുന്ന രീതി ഇവിടെയില്ലെന്ന് ചുരുക്കം. ഇ-സ്പോർട്സിന് രാജ്യാന്തര സ്പോർട്സ് ടൂർണമെന്റുകളിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുക്കുന്നതിൽ ഈ 'ഏഷ്യൻ ഗെയിംസ് വേർഷൻ' വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

∙ മൊബൈൽ ലെജൻഡ്സ്– ബാങ് ബാങ്: ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള മൂൺടൻ വികസിപ്പിച്ച ഈ ഗെയിം 2016-ലാണ് പുറത്തിറങ്ങിയത്. അഞ്ച് കളിക്കാർ വീതമുള്ള രണ്ട് ടീമുകൾ 'ലാൻഡ് ഓഫ് ഡോൺ' എന്ന മാപ്പിൽ മത്സരിക്കുന്നു. എതിർ ടീമിന്റെ പ്രതിരോധ ടവറുകൾ തകർത്ത് അവരുടെ പ്രധാന ബേസ് ആയ 'ബേസ് ക്രിസ്റ്റൽ' നശിപ്പിക്കണം. ഇതിനായി 120ലധികം ഹീറോകൾ ലഭ്യമാണ്. സാധാരണയായി 10 മുതൽ 15 മിനിറ്റിനുള്ളിൽ ഒരു മത്സരം പൂർത്തിയാകും. അപ്‌ഗ്രേഡുകൾക്കോ ക്യാരക്ടറുകൾക്കോ വേണ്ടി പണം നൽകി ഗെയിം പവർ കൂട്ടാൻ കഴിയില്ല. കളിക്കാരുടെ മികവാണ് ജയപരാജയങ്ങൾ നിശ്ചയിക്കുന്നത്. സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസിലും ഇത് പ്രധാന ഔദ്യോഗിക മത്സരയിനമാണ്. വൻകിട സമ്മാന തുകകളോടെ എല്ലാ വർഷവും എം– സീരീസ് എന്ന പേരിൽ എംഎൽബിബി ആഗോള ചാംപ്യൻഷിപ് നടത്താറുണ്ട്.

∙ ഐഡന്റിറ്റി V: ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിനായി പ്രത്യേകം തയാറാക്കിയ ഗെയിം വേർഷൻ ആണിത്. മറ്റു ഗെയിമുകൾ പോലെ തുല്യ അംഗങ്ങളുള്ള ടീം ആയല്ല ഇവിടെ മത്സരം. ഒരു കളിക്കാരൻ 'ഹണ്ടർ' ആയും, ബാക്കി നാല് പേർ അടങ്ങുന്ന ടീം 'സർവൈവേഴ്‌സ്' ആയും പോരാടുന്നു. സർവൈവേഴ്സ് മാപ്പിലെ 5 'സിഫർ മെഷീനുകൾ' ഡീകോഡ് ചെയ്ത് എക്സിറ്റ് ഗേറ്റ് വഴി രക്ഷപ്പെടണം. കുറഞ്ഞത് മൂന്നു പേരെങ്കിലും രക്ഷപ്പെട്ടാൽ ജയം ഉറപ്പിക്കാം. രണ്ട് പകുതികളിലായി ടീമുകൾ ഹണ്ടർ, സർവൈവർ റോളുകൾ മാറിമാറി കളിക്കും. ആകെ സ്കോറിന്റെ അടിസ്ഥാനത്തിലാണ് ജേതാക്കളെ നിശ്ചയിക്കുന്നത്. ചൈനീസ് ടെക് ഭീമന്മാരായ നെറ്റ്ഈസ് വികസിപ്പിച്ച ഗെയിമിൽ ചില സാങ്കേതിക മാറ്റങ്ങൾ വരുത്തിയാണ് ഏഷ്യൻ ഗെയിംസ് പതിപ്പ് തയാറാക്കിയിരിക്കുന്നത്.

∙ നരാക : ബ്ലേഡ് പോയിന്റ്: ആയോധനകലകൾക്ക് പ്രാധാന്യം നൽകി വികസിപ്പിച്ച 60 പേരുടെ ബാറ്റിൽ റോയൽ ആക്ഷൻ ഗെയിം ആണിത്. നെറ്റ്ഈസ് പുറത്തിറക്കിയ ഈ ഗെയിം കംപ്യൂട്ടർ, കൺസോളുകൾ, മൊബൈൽ എന്നിവയിൽ ലഭ്യമാണ്. പരമ്പരാഗത ബാറ്റിൽ റോയൽ ഗെയിമുകൾ പോലെ ഷൂട്ടിങിന് പ്രാധാന്യം നൽകുന്നതിന് പകരം, വാളുകൾ, കുന്തങ്ങൾ തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചുള്ള പോരാട്ടമാണ് ഇതിന്റെ പ്രധാന സവിശേഷത. പ്രത്യേക 'പവറുകളുള്ള' നായക കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് ഒറ്റയ്ക്കോ മൂന്ന് പേരടങ്ങുന്ന സംഘമായോ മത്സരിക്കാവുന്നതാണ്. ആക്രമണശൈലി, രീതി, കൃത്യമായ സമയം എന്നിവയാണ് ജയപരാജയങ്ങൾക്ക് അടിസ്ഥാനം.

∙ ഗ്രാൻ ടൂറിസ്മോ 7: യാഥാർഥ്യത്തോട് ചേർന്നുനിൽക്കുന്ന ഗെയിം എന്നുവിശേഷിപ്പിക്കാം. യഥാർഥ ട്രാക്കുകളിൽ റേസ് കാറുകൾ ഓടിക്കുന്ന അതേ അനുഭവമാണ് ഗെയിം നൽകുന്നത്. ഫെരാരി, പോർഷെ, ലാംബോർഗിനി തുടങ്ങി ലോകത്തിലെ മുൻനിര ബ്രാൻഡുകളുടെ നൂറുകണക്കിന് ക്ലാസിക്, മോട്ടോർ സ്പോർട്സ് കാറുകൾ ഇതിലുണ്ട്. സ്റ്റിയറിംഗ് വീലുകളും പെഡലുകളും ഉപയോഗിച്ചാണ് താരങ്ങൾ മത്സരിക്കുന്നത്. സോണി ഇന്ററാക്ടീവ് എന്റർടെയ്ൻമെന്റ് ആണ് ഈ ഗെയിം പുറത്തിറക്കിയത്. 2026 ഏഷ്യൻ ഗെയിംസിലെ ഏക മോട്ടോർ സ്പോർട്സ് / റേസിംഗ് ഇ-സ്പോർട്സ് മെഡൽ ഇനമാണ് ഗ്രാൻ ടൂറിസ്മോ 7. പ്ലേസ്റ്റേഷൻ 4, 5 കൺസോളുകളിൽ ഈ ഗെയിം ലഭ്യമാണ്.

∙ ഇ–ഫുട്ബോൾ സീരീസ്: ഫുട്ബോൾ അനുഭവം ഡിജിറ്റലായി ലഭിക്കുന്നു. യഥാർഥ സ്റ്റേഡിയത്തിലെ അന്തരീക്ഷം ഉൾപ്പെടെ ഇവിടെ പുനഃസ‍ൃഷ്ടിച്ചിരിക്കുന്നു. ഇഷ്ടമുള്ള കളിക്കാരെയും കോച്ചിനെയുമൊക്കെ വച്ച് 'ഡ്രീം ടീം' സൃഷ്ടിച്ച് ലോകത്ത് എവിടെയുമുള്ള ടീമുമായി ഏറ്റുമുട്ടാം. : 'വിന്നിങ് ഇലവൻ', 'പ്രോ ഇവലുഷൻ സോസർ (പിഇഎസ്)' എന്നീ പേരുകളിലാണ് ഈ ഗെയിം ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്കിടയിൽ പതിറ്റാണ്ടുകളായി അറിയപ്പെട്ടിരുന്നത്.

  • എന്താണ് ഇപിഎഫ്ഒ? കയ്യിൽ കിട്ടുന്ന ശമ്പളം കുറയും, കാത്തിരിക്കുന്നത് നേട്ടം! എന്തിന്റെ അടിസ്ഥാനത്തിലാണ് പിഎഫ് തുക ഈടാക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? എവിടേക്കാണ് ഈ പണം പോകുന്നത്? എന്തൊക്കെയാണ് നേട്ടങ്ങൾ? വിശദമായി മനസ്സിലാക്കാം.

  • യുപിഐ സൗജന്യ സേവനം അവസാനിക്കുകയാണോ? ഏത് ഇടപാടുകൾക്കാണ് ഫീസ് ബാധകമാകുക? എത്ര രൂപയാണ് ഈടാക്കുക? ചെറുകിട വ്യാപാരികളെയും ഇത് ബാധിക്കുമോ? പുതിയ യുപിഐ ചാർജ് സംബന്ധിച്ച സംശയങ്ങൾ പരിശോധിക്കാം...

  • ഏകവ്യക്തി നിയമം എന്തുകൊണ്ട് സംസ്ഥാനങ്ങൾ വഴി? എന്താണ് ഏകവ്യക്തി നിയമം? ആർക്കൊക്കെയാണ് ഇതു ബാധകമാകുക? പരിശോധിക്കാം...

∙ പുയോ പുയോ ചാംപ്യൻസ്: ജാപ്പനീസ് കമ്പനിയായ സെഗ വികസിപ്പിച്ചെടുത്ത ലോകപ്രശസ്തമായ പസിൽ-ആക്ഷൻ ഇ-സ്‌പോർട്സ് ഗെയിമാണ്. സ്ക്രീനിന്റെ മുകളിൽ നിന്ന് വീഴുന്ന 'പുയോ' എന്ന് വിളിക്കുന്ന ബ്ലോബുകൾ‌ വച്ചാണ് കളി മുന്നോട്ടുപോകുന്നത് ഒരേ നിറത്തിലുള്ള ബ്ലോബുകൾ ഒരുമിച്ച് ചേർക്കണം. ഇങ്ങനെ ഒരേ നിറത്തിലുള്ള നാല് ബ്ലോബുകൾ ഒന്നിച്ചുവരുമ്പോൾ അവ സ്ക്രീനിൽ നിന്ന് അപ്രത്യക്ഷമാകും. പിന്നാലെ മുകളിലുള്ള ബ്ലോബുകൾ താഴേക്ക് വീഴും. ചെയിൻ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. വലിയ ചെയിനുകൾ വരുന്നതോടെ എതിരാളികളുടെ സ്ക്രീനിലേക്ക് ചില പുയോകൾ തടസമായി വീഴും. അങ്ങനെ സ്ക്രീൻ നിറഞ്ഞ് പുതിയ പുയോകൾ വീഴാൻ സ്ഥലമില്ലാതെ വരുന്നതോടെ ജയിക്കും. വേഗതയും കൃത്യതയുമാണ് വിജയിയെ തീരുമാനിക്കുന്നത്.

∙ ഫൈറ്റിങ്/മാർഷൽ ആർട്സ് ഗെയിമുകൾ: സ്ട്രീറ്റ് ഫൈറ്റർ സീരീസ്, ടെക്കൻ സീരീസ്, കിങ് ഓഫ് ഫൈറ്റർ സീരീസ് എന്നീ മൂന്ന് ഗെയിമുകളാണ് മാർഷൽ ആർട്സ് ടീം മത്സരത്തിൽ ഉണ്ടാവുക.

∙ സ്ട്രീറ്റ് ഫൈറ്റർ സീരീസ്: രണ്ടു കളിക്കാർ മുഖാമുഖം നിന്ന് ആയോധനകലാ ശേഷികൾ കൊണ്ട് പോരടിക്കുന്നു. ഒരു സ്ക്രീനിൽ രണ്ട് പേർ മാത്രമാണ് കളിക്കുന്നത്. സ്ക്രീനിന്റെ മുകളിൽ രണ്ടു കളിക്കാർക്കും ഓരോ 'ഹെൽത്ത് ബാർ' ഉണ്ടാകും. ശത്രുവിന്റെ ആക്രമണമേൽക്കുന്തോറും ഇത് കുറഞ്ഞുവരും. എതിരാളിയുടെ ഹെൽത്ത് ബാർ പൂർണമായും തീർക്കുന്നയാൾ ആ റൗണ്ട് വിജയിക്കും. കൈകൊണ്ടുള്ള അടികൾ, ചവിട്ടുകൾ, ബ്ലോക്കിങ് എന്നിവയാണ് പ്രധാനം. സാധാരണയായി 3 റൗണ്ടുകളിൽ 2 റൗണ്ട് വിജയിക്കുന്ന ആളായിരിക്കും വിജയി. ഏഷ്യൻ ഗെയിംസിലെ ഔദ്യോഗിക മെഡൽ ഇനമായി ഏറ്റവും കൂടുതൽ സാന്നിധ്യമറിയിച്ച ഫൈറ്റിങ് ഗെയിം പരമ്പരയാണിത്. (2022 ഹാങ്ഷൗ ഏഷ്യൻ ഗെയിംസിൽ സ്ട്രീറ്റ് ഫൈറ്റർ V: ചാംപ്യൻ എഡിഷൻ എന്ന പതിപ്പിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മത്സരിച്ചിരുന്നു).

∙ ടെക്കൻ സീരീസ്: 3D മാർഷൽ ആർട്സ് ഫൈറ്റിങ് ഗെയിമാണിത്. ഇവിടെയും രണ്ടു പേർ തമ്മിലാണ് മത്സരം. മറ്റ് ഫൈറ്റിങ് ഗെയിമുകളിൽ നിന്ന് വ്യത്യസ്തമായി, ഇതിൽ കഥാപാത്രങ്ങൾക്ക് 3ഡി മാപ്പിൽ സൈഡ്-സ്റ്റെപ്പ് ചെയ്ത് വശങ്ങളിലേക്ക് മാറി ശത്രുവിന്റെ ആക്രമണത്തെ തടയാനാകും. ലെഫ്റ്റ് പഞ്ച്, റൈറ്റ് കിക്ക് എന്നിങ്ങനെ ഓരോ കൈകാലുകൾക്കും വേവ്വേറെ ബട്ടണുകളാണ് ഉപയോഗിക്കുന്നത്. എതിരാളിയുടെ 'ഹെൽത്ത് ബാർ' തകർത്താൽ വിജയിക്കാം.

∙ കിങ് ഓഫ് ഫൈറ്റർ സീരീസ്: ടീം അധിഷ്ഠിത 2ഡി/3ഡി ഫൈറ്റിങ് ഗെയിം ആണിത്. പ്രമുഖ ജപ്പാനീസ് ഗെയിം ഡലപ്പർമാരായ എസ്എൻകെ കോർപറേഷനാണ് ഈ ഗെയിം വികസിപ്പിച്ചെടുത്തത്. ഓരോ കളിക്കാരനും മൂന്ന് ആയോധനകലാ വിദഗ്ധരുടെ ഒരു ടീമിനെയാണ് തിരഞ്ഞെടുക്കുന്നു. ഒരാൾ തോറ്റാൽ അടുത്ത കഥാപാത്രം റിങ്ങിലേക്ക് ഇറങ്ങും. വിജയിച്ച കഥാപാത്രം അടുത്ത എതിരാളിയോട് തുടർന്ന് പോരാടണം. എതിരാളിയുടെ മൂന്ന് കഥാപാത്രങ്ങളെയും തോൽപ്പിക്കുന്നയാൾ മത്സരം ജയിക്കും. മത്സരത്തിനിറങ്ങുന്ന ഈ മൂന്ന് കഥാപാത്രങ്ങളുടെ മുൻഗണനാക്രമം കളിക്കാരന് തീരുമാനിക്കാം.

Read Entire Article