Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•29 Mar 2026, 11:57 p.m. IST
IPL 2026: കെകെആറിനെതിരായ ജയം മുംബെെ ഇന്ത്യൻ താരങ്ങൾ വലിയ ആഘോഷമാക്കുന്നതാണ് കാണാനായത്. ഇതിന് പിന്നിൽ 13 വർഷത്തെ കാത്തിരിപ്പുണ്ട്. 2012ലാണ് അവസാനമായി മുംബെെ സീസണിലെ ആദ്യ മത്സരം ജയിക്കുന്നത്
ഹൈലൈറ്റ്:
- മുംബെെക്ക് വിജയ തുടക്കം
- കെകെആറിനെ 6 വിക്കറ്റിന് തോൽപ്പിച്ചു
- രോഹിത്തിനും റിക്കിൽട്ടനും ഫിഫ്റ്റി
മുംബെെ ഇന്ത്യൻസ്2026 ഐപിഎല്ലില്‍ ചെന്നെെയുടെ സാധ്യതകള്‍ എന്തൊക്കെ?
4742 ദിവസത്തെ കാത്തിരിപ്പിന് ഇന്ന് മുംബെെ വാംഖഡെ സ്റ്റേഡിയത്തിൽ വിരാമമായിരിക്കുകയാണ്. മുംബെെ ആദ്യ മത്സരത്തിൽ ജയിച്ച് തുടങ്ങിയത് ടീമിന് ഗുണകരമാണോ? തോറ്റ് തുടങ്ങുന്ന മുംബെെയെ എല്ലാവരും ഭയക്കും. കാരണം അഞ്ച് തവണയും മുംബെെ കപ്പ് നേടിയത് തോറ്റ് തുടങ്ങിയാണ്. എന്നാൽ ജയിച്ച് തുടങ്ങുന്ന മത്സരങ്ങളിൽ മുംബെെക്ക് ഇതുവരെ കിരീടത്തിലേക്കെത്താൻ സാധിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്.
2008ലെ പ്രഥമ സീസൺ മുംബെെ തോറ്റാണ് തുടങ്ങിയത്. എന്നാൽ 2009 മുതൽ 2012വരെയുള്ള സീസണുകളിലെ ആദ്യ മത്സരത്തിൽ മുംബെെക്ക് വിജയത്തോടെ തുടങ്ങാൻ സാധിച്ചിരുന്നു. പക്ഷെ ഈ ഒരറ്റ സീസണിൽ പോലും മുംബെെക്ക് വിജയിക്കാൻ സാധിച്ചിരുന്നില്ല. മുംബെെയുടെ ആദ്യ ഐപിഎൽ കിരീടം 2013ലാണ്. 2015, 2017, 2019, 2020 സീസണുകളിൽ മുംബെെ കിരീടം നേടി. ഈ സീസണുകളിലെല്ലാം മുംബെെ ആദ്യ മത്സരം തോറ്റിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
മുംബെെ ഇത്തവണ ജയിച്ച് തുടങ്ങിയത് ചരിത്രം നോക്കുമ്പോൾ കിരീടത്തിലേക്കെത്താനുള്ള സാധ്യത കുറക്കുന്നതാണ്. എന്നാൽ ഇപ്പോൾ രോഹിത് ശർമയുടെ മുംബെെയല്ല. ക്യാപ്റ്റൻ സ്ഥാനത്ത് ഹാർദിക് പാണ്ഡ്യയാണ്. ഇത്തവണ മുംബെെയുടെ തലവര മാറ്റിയെഴുതാൻ ഹാർദിക്കിന് സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ക്യാപ്റ്റനായുള്ള ഹാർദിക്കിന്റെ മുന്നോട്ട് പോക്ക് പ്രയാസമാവും.
എന്തായാലും കെകെആറിനെതിരായ മുംബെെയുടെ വിജയത്തിൽ ആരാധകർ വലിയ സന്തോഷത്തിലാണെന്ന് പറയാം. മുംബെെയിൽ സ്വന്തം കാണികളുടെ കൂവൽ നേരിടേണ്ടി വന്ന നായകനാണ് ഹാർദിക് പാണ്ഡ്യ. എന്നാൽ ഇത്തവണ കെെയടികളാണ് അദ്ദേഹത്തിന് ലഭിച്ചത്. മുംബെെ ഇന്ത്യൻസിന്റെ ബാറ്റിങ് നിരയുടെ കരുത്ത് വ്യക്തമാക്കിക്കൊടുക്കാൻ ആദ്യ മത്സരത്തിലൂടെ സാധിച്ചു.
IPL 2026: ദെെവത്തിന്റെ പോരാളികൾ ജയിച്ച് തുടങ്ങി, കെകെആറിനെ ആറ് വിക്കറ്റിന് തകർത്ത് മുംബെെ; ഹീറോയായി രോഹിത്
എന്നാൽ സ്പിൻ നിരയിലെ ദൗർബല്യം നിഴലിച്ച് നിൽക്കുന്നു. ട്രന്റ് ബോൾട്ട് എന്ന സീനിയർ താരത്തിന് ഇപ്പോൾ പഴയ മൂർച്ചയില്ലെന്ന് പറയാം. മുംബെെയുടെ ബൗളിങ് നിര താളം കണ്ടെത്തിയാൽ ഇത്തവണ കപ്പ് നേടുക മുംബെെക്ക് വലിയ പ്രയാസമായിരിക്കില്ല. എന്തായാലും വലിയൊരു കാത്തിരിപ്പിനൊടുവിൽ ആദ്യ മത്സരത്തിൽ മുംബെെ ജയിച്ച് തുടങ്ങിയത് ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്ന കാര്യമാണ്. എന്താകും മുംബെെയുടെ വിധിയെന്ന് കാത്തിരുന്ന് കാണാം.









English (US) ·