Authored by: ജിബിൻ ജോർജ്|Samayam Malayalam•2 May 2026, 9:35 americium IST
ഈ ഐപിഎൽ സീസണിൽ മോശം പ്രകടനം നടത്തുന്ന മുൻനിര ബോളർമാരിൽ ഒന്നാമനാണ് മുംബൈ ഇന്ത്യൻസിൻ്റെ സൂപ്പർ ബോളർ ജസ്പ്രിത് ബുംറ എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ ഐപിഎൽ സീസണിലെ ഏറ്റവും മോശം ശരാശരിയിൽ പന്തെറിഞ്ഞ ബോളർമാരിൽ ഒരാളാണ് ബുംറ എന്ന പ്രത്യേകത കൂടിയുണ്ട്.
ഹൈലൈറ്റ്:
- ജസ്പ്രീത് ബുംറ മോശം ഫോം.
- സമ്മർദ്ദത്തിലായി മുംബൈ ഇന്ത്യൻസ്.
- ആദ്യ അഞ്ച് മത്സരങ്ങളിൽ ഒരു വിക്കറ്റ് പോലും നേടാനായില്ല.
കീറോൺ പൊള്ളാർഡ്, ജസ്പ്രീത് ബുംറ.(ഫോട്ടോസ്- Samayam Malayalam)പ്ലേ ഓഫ് സ്വപ്നങ്ങൾ തുലാസിൽ; മുംബൈ ഇന്ത്യൻസിന് ഇനി അത്ഭുതങ്ങൾ സംഭവിക്കണം
എല്ലാ കാലത്തും ടി20 ബാറ്റ്‌സ്മാന്മാർക്കെതിരെ ശക്തമായ ആധിപത്യം സ്ഥാപിക്കാൻ ബുംറയ്ക്ക് സാധിച്ചിട്ടുണ്ട്. ട്രാവിസ് ഹെഡ്, സഞ്ജു സാംസൺ എന്നീ താരങ്ങൾക്ക് ബുംറയ്ക്കെതിരെ സിക്സ് നേടാനായിരുന്നില്ല. എന്നാൽ 2026ലെ ഐപിഎല്ലിൽ ഇരുവരും ബുംറയെ കൂറ്റൻ സിക്സറിന് പറത്തുന്ന കാഴ്ച ക്രിക്കറ്റ് ലോകം കണ്ടു. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശി ബുംറയെ കടന്നാക്രമിച്ചു. ബുംറയുടെ ഓവറിൽ രണ്ട് സിക്സുകളാണ് സൂര്യവംശി വേലിക്കെട്ട് കടത്തിയത്.
ഈ ഐപിഎൽ സീസണിലെ ബുംറയുടെ കണക്കുകൾ അദ്ദേഹത്തെ തന്നെ ഞെട്ടിക്കുന്നതാണ്. സീസണിലെ ബോളിങ് ശരാശരി 132 ആണ്. ഇത് താരത്തിൻ്റെ ടി20 കരിയറിലെ ഏറ്റവും മോശം പ്രകടനമാണെന്ന പ്രത്യേകതയുണ്ട്. ഈ സീസണിൽ 30 ഓവറോ അതിൽ കൂടുതലോ എറിഞ്ഞ മറ്റ് ബൗളർമാരുമായി താരതമ്യപ്പെടുത്തുമ്പോൾ ബുംറയുടെ ശരാശരി ഇരട്ടിയാണ്. ഇതുവരെയുള്ള എട്ട് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് വിക്കറ്റുകൾ എന്ന നാണിപ്പിക്കുന്ന കണക്കും താരത്തിനുണ്ട്. ഈ കണക്കുകൾ മുംബൈ ഇന്ത്യൻസിനും ബുറയ്ക്കും ഒരു പോലെ നിരാശയുണ്ടാക്കുന്നതാണ്.
ബുംറയുടെ ഈ മോശം ഫോമാണ് 2026 സീസണിലെ മുംബൈ ഇന്ത്യൻസിൻ്റെ തകർച്ചയ്ക്ക് പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കുന്നത്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാല് ഓവറിൽ 54 റൺസാണ് ബുംറ വഴങ്ങിയത്. ട്രാവിസ് ഹെഡ്, ഹെൻറിച്ച് ക്ലാസൻ, സലിൽ അറോറ എന്നിവർ താരത്തിനെതിരെ കൂറ്റൻ സിക്സറുകൾ നേടുകയും ചെയ്തു. യോർക്കർ ഉൾപ്പെടെ ബുദ്ധിപരമായി ഉപയോഗിക്കുന്ന ബുംറ ഇത്രയധികം സിക്സറുകൾ വഴങ്ങുന്നത് അപൂർവമാണ്.
ബുംറയുടെ ഈ മോശം പ്രകടനത്തിന് പിന്നിൽ താരത്തിൻ്റെ ജോലിഭാരം ആണെന്ന വാദം ശക്തമാണ്. ഏഷ്യാ കപ്പ്, ടി20 ലോകകപ്പ്, ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ പരമ്പര, ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പര എന്നീ തിരക്കേറിയ അന്താരാഷ്ട്ര ഷെഡ്യൂളുകൾക്ക് ശേഷമാണ് ബുംറ 2026 ഐപിഎൽ സീസണിൽ പന്ത് എറിയാൻ എത്തിയത്. ഇംഗ്ലണ്ട് പര്യടനത്തിൽ മൂന്ന് മത്സരങ്ങളിലായി 119 ഓവറുകൾ അദ്ദേഹം ബൗൾ ചെയ്തിരുന്നു എന്നത് ശ്രദ്ധേയമാണ്.
തുടർച്ചയായ അന്താരാഷ്ട്ര മത്സരങ്ങളിലെ തിരക്കിന് ശേഷം ബുംറയ്ക്ക് മതിയായ വിശ്രമം ലഭിച്ചിട്ടില്ലെന്ന് പല ക്രിക്കറ്റ് നിരീക്ഷകരും വിലയിരുത്തി. തന്റെ പതിവ് താളം കണ്ടെത്താൻ താരത്തിന് സാധിക്കുന്നില്ലെന്ന അഭിപ്രായവും ശക്തമാണ്. ബുംറ ഒരുപക്ഷേ ക്ഷീണിതനായിരിക്കാമെന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ പ്രകടനത്തിന് ശേഷം ഇന്ത്യൻ മുൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത് അഭിപ്രായപ്പെട്ടു. ബുംറയുടെ പന്തുകൾ ബാറ്റർമാരെ ഭയപ്പെടുത്തുന്നില്ല. ഒരുപക്ഷേ അദ്ദേഹം ക്ഷീണിതനായിരിക്കാം, അതിനാൽ ഞാൻ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ല. അദ്ദേഹം കഠിനമായി ശ്രമിക്കുന്നുണ്ടെങ്കിലും ഫലം ലഭിക്കുന്നില്ല. തുടർച്ചയായ ഷെഡ്യൂളിൽ അദ്ദേഹം ക്ഷീണിതനാകാമെന്ന് ശ്രീകാന്ത് തുറന്നുപറഞ്ഞു.
ആദ്യ അഞ്ച് മത്സരങ്ങളിൽ വിക്കറ്റ് നേടാനാകാതെ പോയത് ബുംറയെ സമ്മർദ്ദത്തിലാക്കിയിരിക്കാമെന്ന് രവിചന്ദ്രൻ അശ്വിൻ അഭിപ്രായപ്പെട്ടു. ബുംറയ്ക്ക് ഇപ്പോൾ ഒരു ഇടവേള ആവശ്യമാണെന്നും അങ്ങനെയുണ്ടായാൽ ഫിറ്റ്നസ് വീണ്ടെടുക്കാൻ സഹായിക്കുമെന്നും ഇന്ത്യൻ മുൻ ബാറ്റ്സ്മാൻ മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടു. അതേസമയം, ബുംറയുടെ ഫോമിനെക്കുറിച്ചുള്ള ആശങ്കകൾ തള്ളുകയാണ് മുംബൈ ഇന്ത്യൻസിന്റെ ബാറ്റിങ് പരിശീലകൻ കീറോൺ പൊള്ളാർഡ്. ബുംറ മനുഷ്യനാണെന്നും ഇടയ്ക്കിടെയുള്ള മോശം ഫോം സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. 2025ലെ ഐപിഎൽ സീസണിൽ 12 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകൾ ബുംറ വീഴ്ത്തിയിരുന്നു. പുറംവേദന കാരണം ആദ്യ നാല് മത്സരങ്ങൾ നഷ്ടമായെങ്കിലും പിന്നീട് കളത്തിലിറങ്ങിയ ബുംറ ശക്തമായി തിരിച്ചെത്തിയിരുന്നു.








English (US) ·