Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•28 Mar 2026, 11:18 americium IST
IPL 2026: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 19ാം സീസണിൽ ആറാം കിരീടം ലക്ഷ്യമിട്ടാണ് സിഎസ്കെ ഇത്തവണ ഇറങ്ങുന്നത്. ഇതിനിടെയാണ് സീനിയർ താരം പരിക്കേറ്റ് പുറത്താവുന്നത്. ധോണിയുടെ അഭാവം സിഎസ്കെ ആരാധകർക്ക് നിരാശയുണ്ടാക്കുന്നതാണ്
ഹൈലൈറ്റ്:
- സിഎസ്കെ ആരാധകർക്ക് നിരാശ
- സഞ്ജു സാംസൺ വിക്കറ്റ് കീപ്പറാവും
- ആറാം കിരീടം ലക്ഷ്യമിട്ട് സിഎസ്കെ
ഐപിഎൽ 2026, എംഎസ് ധോണി2026 ഐപിഎല്ലില്‍ ചെന്നെെയുടെ സാധ്യതകള്‍ എന്തൊക്കെ?
സിഎസ്കെയ്ക്കായി ഈ സീസണിൽ ഇനി ധോണി കളിക്കാൻ സാധ്യതയില്ലെന്ന് തന്നെ പറയാം. നേരത്തെ തന്നെ പരിശീലനം ആരംഭിച്ച താരങ്ങളിലൊരാളാണ് ധോണി. നെറ്റ്സിൽ മികച്ച രീതിയിൽ ധോണി ബാറ്റ് വീശുന്ന ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതോടെ ഇത്തവണ ഗംഭീര പ്രകടനം ആരാധകർ പ്രതീക്ഷിച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോൾ പരിക്ക് വില്ലനായി എത്തിയിരിക്കുന്നത്.
ധോണിക്ക് പരിക്കുണ്ടെന്ന സംശയം നേരത്തെ തന്നെ ഉയർന്നിരുന്നതാണ്. കഴിഞ്ഞിടെ പരിശീലനത്തിന് ശേഷം ധോണി തിരിച്ച് നടന്ന് പോകാൻ പോലും പ്രയാസപ്പെട്ടിരുന്നു. കൂടാതെ ധോണിയുടെ പരിശീലന കിറ്റടക്കം മറ്റൊരാൾ എടുത്താണ് കൊണ്ടുപോയത്. കഴിഞ്ഞ ദിവസം സിഎസ്കെ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ വിക്കറ്റ് കീപ്പറായി ധോണി നിന്നപ്പോഴും ഫിറ്റ്നസ് പ്രശ്നങ്ങളുണ്ടെന്ന സൂചനകൾ പുറത്ത് വന്നിരുന്നു.
ഇനി സിഎസ്കെയ്ക്കായി ധോണി കളിക്കാൻ സാധ്യതയില്ലെന്ന് പറയാം. എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം ഉണ്ടാവാനുള്ള സാധ്യതയും ഏറെയാണ്. ധോണി കളിക്കാരനെന്ന നിലയിലുള്ള സിഎസ്കെയിലെ കരിയർ അവസാനിപ്പിച്ചാലും പരിശീലക സംഘത്തിന്റെ ഭാഗമായി സിഎസ്കെയ്ക്കൊപ്പം തുടരും. ഇക്കാര്യം നേരത്തെ തന്നെ ധോണി വ്യക്തമാക്കുകയും ചെയ്തതാണ്.
എന്നാൽ ധോണിക്ക് പരിക്കേൽക്കുമ്പോഴും സിഎസ്കെയ്ക്ക് ആശ്വസിക്കാൻ സഞ്ജു സാംസൺ ടീമിലുണ്ട്. കഴിഞ്ഞ സീസൺവരെ ധോണിക്ക് പരിക്കേറ്റാൽ പകരം വിശ്വസ്തനായ കീപ്പർ ആരെന്നത് സിഎസ്കെയെ സംബന്ധിച്ച് പ്രധാനപ്പെട്ട ചോദ്യമായിരുന്നു. ഇതിനുള്ള ഉത്തരമാണ് ഇപ്പോൾ സഞ്ജു സാംസണിലൂടെ ലഭിച്ചിരിക്കുന്നത്. സിഎസ്കെയ്ക്കായി സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ഇറങ്ങുമെന്ന് ഇപ്പോൾ ഉറപ്പായിരിക്കുകയാണ്.
IPL 2026: ഇന്ത്യക്കായി ഇതുവരെ അരങ്ങേറിയിട്ടില്ല, പക്ഷെ ഇത്തവണത്തെ ഐപിഎല്ലിൽ മിന്നിച്ചേക്കും; ആറ് പേർ ഇവരാണ്
സഞ്ജുവിന്റെ സമീപകാലത്തെ പ്രകടനം സിഎസ്കെയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്. ടി20 ലോകകപ്പിൽ മൂന്ന് തുടർ അർധ സെഞ്ചുറികളോടെ കസറിയ സഞ്ജു സാംസൺ ഇത്തവണ ധോണിയുടെ പിൻഗാമിയായിത്തന്നെ സിഎസ്കെയിലുണ്ടാവും. ധോണി ടീമിലുണ്ടെങ്കിൽ ലഭിക്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. എന്നാൽ പ്രായം തളർത്തുന്ന ധോണി കളിച്ചിരുന്നെങ്കിൽ കാര്യമായ പ്രകടനം അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കാൻ സാധിക്കില്ലായിരുന്നു.
പ്രകടനം നോക്കുമ്പോൾ ധോണിയുടെ അഭാവം സിഎസ്കെയ്ക്ക് ഗുണകരമാണ്. മധ്യനിരയിൽ മറ്റൊരു യുവതാരത്തെ കൊണ്ടുവരാനുള്ള അവസരം ഇതോടെ സിഎസ്കെയ്ക്ക് ലഭിക്കും. എന്തായാലും ധോണിയുടെ അഭാവം സിഎസ്കെയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത വളരെ വിരളമാണെന്ന് തന്നെ പറയാം. സഞ്ജു സാംസണ് മുന്നിലുള്ളത് സുവർണ്ണാവസരമാണ്. ഇത് മുതലാക്കി മലയാളി താരം ഇത്തവണ കസറുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.









English (US) ·