‘അടുത്ത വർഷം തിരിച്ചുവരണം..’: ധോണിയോട് റെയ്ന; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ‘തല’യുടെ മറുപടി

1 week ago 5

ഓൺലൈൻ ഡെസ്‌ക്

Published: May 19, 2026 03:16 PM IST

2 minute Read

 IPL/BCCI
സുരേഷ് റെയ്‌നയും എം.എസ്.ധോണിയും . ചിത്രം: IPL/BCCI

ചെന്നൈ ∙ ചെപ്പോക്ക് സ്റ്റേഡിയത്തിൽ സന്തോഷവും സങ്കടവും ഇടകലർന്ന രാത്രിയായിരുന്നു ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്ക് ഇന്നലെ. നിർണായക മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് അഞ്ച് വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങി പ്ലേഓഫ് പ്രതീക്ഷ മങ്ങിയപ്പോൾ, എം.എസ് ധോണി മൈതാനത്ത് പ്രത്യക്ഷപ്പെട്ടത് ആരാധകർക്ക് ആഹ്ലാദനിമിഷമായി. പരുക്കുമൂലം ഈ സീസണിൽ ഇതുവരെ ഒരു മത്സരം പോലും ധോണി കളിച്ചിരുന്നില്ല. മാത്രമല്ല, ഒരു മത്സരത്തിൽ പോലും താരം ടീമിനൊപ്പം സ്റ്റേഡയത്തിലെത്തിയതുമില്ല. ഇന്നലെ, സീസണിൽ സിഎസ്‌കെയുടെ അവസാന ഹോം മത്സരത്തിലാണ് ധോണി ആദ്യമായി സ്റ്റേഡിയത്തിലേക്ക് വന്നത്.

‘എം.എസ്.ധോണി എവിടെ?’– ഹൈദരാബാദിനെതിരായ മത്സരത്തിലെ ടോസിനായി എത്തിയ ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് ആദ്യം നേരിട്ട ചോദ്യം ഇതായിരുന്നു. ലീഗിൽ ചെന്നൈയുടെ അവസാന ഹോം മത്സരമായതിനാൽ ധോണി ഇന്നലെ കളിക്കുമെന്നായിരുന്നു സൂചന. കഴിഞ്ഞ ദിവസങ്ങളിൽ ധോണി ടീമിനൊപ്പം പരിശീലനം നടത്തുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ധോണി ഫിറ്റ്നസ് നേടിയിട്ടില്ലെന്നും അവസാന മത്സരത്തിൽ ചിലപ്പോൾ അദ്ദേഹം വന്നേക്കുമെന്നുമായിരുന്നു ഋതുരാജിന്റെ മറുപടി. ഇന്നിങ്സിന്റെ ഇടവേളയിലും മത്സരശേഷവും ഗ്രൗണ്ടിലെത്തിയ ധോണി കാണികളെ അഭിവാദ്യം ചെയ്തു.

മുൻ ഇന്ത്യൻ, സിഎസ്കെ സഹതാരം സുരേഷ് റെയ്നയും കമന്റേറ്ററായി ഗ്രൗണ്ടിലുണ്ടായിരുന്നു. ധോണിയും റെയ്നയും തമ്മിലുള്ള കൂടിക്കാഴ്ച ആരാധകർക്കും വിരുന്നായി. അഞ്ച് തവണ ഐപിഎൽ ചാംപ്യന്മാരായ ചെന്നൈയുടെ നാലു കിരീട നേട്ടങ്ങളിലും നിർണായക പങ്കുവഹിച്ച താരമാണ് റെയ്ന. ഈ സീസണിലെ അവസാന മത്സരത്തിലോ അല്ലെങ്കിൽ ഒരുപക്ഷേ 2027ലെ ഐപിഎലിലോ ധോണി തിരിച്ചുവരുമെന്ന് ആരാധകർ പ്രതീക്ഷിക്കുമ്പോൾ അത്ര ശുഭവാർത്തയല്ല റെയ്ന പങ്കുവയ്ക്കുന്നത്. ധോണിയുമായി നടത്തിയ സംഭാഷണം എന്തായിരുന്നെന്ന് റെയ്ന പിന്നീട് വെളിപ്പെടുത്തി.

‘‘ഞാൻ അവനോട് പറഞ്ഞു, ‘നീ ഐപിഎൽ 2026ന് ഒരു മിസ്ഡ് കോൾ ആണ് നൽകിയത്. അത് കണക്കിലെടുക്കില്ല. അടുത്ത വർഷം നീ തിരിച്ചുവരണം’. പക്ഷേ അവൻ പറഞ്ഞത് ‘എന്റെ ശരീരം കുറച്ച് വീക്ക് ആണ്’ എന്നാണ്. ‘ഞങ്ങൾ ഒന്നും വിശ്വസിക്കില്ല. അടുത്ത വർഷം നീ കളിക്കണം’ എന്നായിരുന്ന എന്റെ മറുപടി. അത് അവന്റെ വ്യക്തിപരമായ തീരുമാനമാണ്. അവൻ പോസിറ്റീവ് ആണെന്നാണ് ഞാൻ കരുതുന്നത്. ടീമും ഇപ്പോൾ നന്നായി ഒത്തുപോകുന്നുണ്ട്.’’– റെയ്ന പറഞ്ഞു. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ സിഎസ്കെ മുഖ്യപരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങിനോടും എം.എസ് ധോണിയുടെ ഭാവിയെക്കുറിച്ച് ചോദിക്കുകയുണ്ടായി. ഇതേക്കുറിച്ച് കൃത്യമായ മറുപടി നൽകാതിരുന്ന ഫ്ലെമിങ്, അതു മാനേജ്മെന്റ് എടുക്കേണ്ട തീരുമാനമാണെന്ന് പറഞ്ഞു.

‘‘അതു മാനേജ്മെന്റിന്റെ തീരുമാനമാണ്. ഇതിനെക്കുറിച്ച് ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. ഈ വർഷം എംഎസ് ടീമിനൊപ്പം സജീവമായി ഉണ്ടായിരുന്നു, ഇത് ടീമിനും യുവതാരങ്ങളുടെ തുടർച്ചയ്ക്കും വളരെ പ്രധാനമാണ്. അതിനാൽ അദ്ദേഹം ഒരു വലിയ ഭാഗമായിരുന്നു. അദ്ദേഹം കളിച്ചിട്ടില്ലായിരിക്കാം, പക്ഷേ ഇപ്പോഴും ടീമിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഞങ്ങൾ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. സിഎസ്കെയുടെ അടുത്ത തലമുറയിലെ കളിക്കാരാകാൻ സാധ്യതയുള്ള ചില പുതിയ കളിക്കാരെ ഞങ്ങൾ പരിചയപ്പെടുത്തി. എന്നാൽ മത്സരഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഞങ്ങൾ വിലയിരുത്തപ്പെടുന്നത് എന്ന് എനിക്കറിയാം, അതു ന്യായമാണ്. അതുകൊണ്ട് അതു മാനേജ്മെന്റിന്റെ തീരുമാനമാണ്, എന്റേതല്ല.’’– ഫ്ലെമിങ് പറഞ്ഞു.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം IPL/BCCIൽ നിന്ന് എടുത്തതാണ്.

English Summary:

MS Dhoni's quality astatine the Chepauk stadium brought mixed emotions for Chennai Super Kings fans, arsenic the squad faced a nonaccomplishment against Sunrisers Hyderabad impacting their playoff hopes. This was Dhoni's archetypal quality astatine the stadium this season, sparking overmuch anticipation and treatment astir his aboriginal successful the IPL.

Read Entire Article