Published: May 05, 2026 10:53 AM IST
1 minute Read
ചെന്നൈ ∙ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ് അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്. 6 പതിറ്റാണ്ടായുള്ള ദ്രാവിഡ ഭരണത്തിന് അന്ത്യം കുറിച്ച് വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) 107 സീറ്റ് നേടി. 234 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിനു വേണ്ടത് 118 സീറ്റ്. 40 ശതമാനത്തിലേറെ വോട്ട് നേടിയാണ് ടിവികെയുടെ മുന്നേറ്റം. വിജയ് മത്സരിച്ച രണ്ടിടത്തും (പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ്) ജയിച്ചു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും 15 മന്ത്രിമാരും തോറ്റപ്പോൾ ഡിഎംകെ മുന്നണി 74 സീറ്റിലൊതുങ്ങി. അണ്ണാ ഡിഎംകെയുടെ നേതൃത്വത്തിലുള്ള എൻഡിഎ നേടിയത് 53 സീറ്റ്.
ദക്ഷിണന്ത്യൻ സിനിമയലെ ഒട്ടേറെ താരങ്ങളാണ് വിജയ്‌ക്ക് അഭിനന്ദനം അറിയിക്കുന്നത്. ഇവരെ കൂടാതെ ഒരു ക്രിക്കറ്റ് താരവും വിജയ്ക്ക് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമംഗവും ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരവുമായ വരുൺ ചക്രവർത്തിയാണ് വിജയ്ക്ക് അഭിനന്ദനം അറിയിച്ചത്. തമിഴ്‌നാട് സ്വദേശിയായ വരുൺ, വിജയിക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് ഒരു വാക്കിലൊതുങ്ങുന്ന സന്ദേശമാണ് കുറിച്ചത്. ‘അണ്ണാ’ എന്ന അടിക്കുറിപ്പിനൊപ്പം വിജയ് തനിക്ക് ഫിസ്റ്റ് ബമ്പ് (കൈകൾ കൂട്ടിയിടിക്കുന്നത്) നൽകുന്ന ചിത്രമാണ് വരുൺ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്.
താൻ വിജയ്‌യുടെയും രജനീകാന്തിന്റെ ആരാധകനാണെന്ന് വരുൺ മുൻപ് വെളിപ്പെടുത്തിയിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഈ സീസണിൽ ഇതുവരെ ഭേദപ്പെട്ട പ്രകടനമാണ് വരുൺ പുറത്തെടുക്കുന്നത്. ചില മത്സരങ്ങളിൽ അമിതമായി റൺസ് വഴങ്ങിയെങ്കിലും ഇതുവരെ 7 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ആദ്യ മൂന്ന് മത്സരങ്ങളിൽ വിക്കറ്റൊന്നും ലഭിക്കാതിരുന്നതിന് ശേഷം, ഈഡൻ ഗാർഡൻസിൽ രാജസ്ഥാൻ റോയൽസിനെതിരെ 3/14 എന്ന മികച്ച പ്രകടനം വരുൺ കാഴ്ചവച്ചു. തുടർന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 3/36 എന്ന മികച്ച പ്രകടനം ആവർത്തിച്ചു. ഒൻപതു മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങളുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലവിൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.
English Summary:







English (US) ·