അതിവേഗ ഫിഫ്റ്റിയുമായി വൈഭവ്, സെഞ്ചറിയടിച്ച് വിഹാൻ; ആറു റൺസിനിടെ 6 വിക്കറ്റ് വീഴ്ത്തി ബോളർമാർ; സിംബാബ്‌വെയെ 204 റൺസിന് തകർത്ത് ഇന്ത്യ

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: January 27, 2026 05:48 PM IST Updated: January 27, 2026 09:38 PM IST

2 minute Read



അണ്ടർ 19 ഏകദിന ലോകകപ്പിൽ സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിൽ സെഞ്ചറി നേടിയ ഇന്ത്യൻ താരം വിഹാൻ മൽഹോത്ര.(X/BCCI)
അണ്ടർ 19 ഏകദിന ലോകകപ്പിൽ സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിൽ സെഞ്ചറി നേടിയ ഇന്ത്യൻ താരം വിഹാൻ മൽഹോത്ര.(X/BCCI)

ബുലവായോ ( സിംബാബ്‌വെ) ∙ ബാറ്റർമാരും ബോളർമാരും ഒരുപോലെ മിന്നിയപ്പോൾ അണ്ടർ 19 ഏകദിന ലോകകപ്പിൽ സൂപ്പർ സിക്സ് റൗണ്ടിലെ ആദ്യ മത്സരത്തിൽ സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യയ്ക്കു തകർപ്പൻ ജയം. 204 റൺസിനാണ് ഇന്ത്യൻ കൗമാരപ്പട ആതിഥേയരെ തകർത്തത്. ഇന്ത്യ ഉയർത്തിയ 353 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ, 37.4 ഓവറിൽ 148 റൺസിന് ഓൾഔട്ടാകുകയായിരുന്നു. തോൽവിയോടെ സിംബാബ്‌വെ ടൂർണമെന്റിൽനിന്നു പുറത്തായി. ഞായറാഴ്ച പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ഇന്ത്യയ്ക്കായി ഉദ്ധവ് മോഹൻ, ക്യാപ്റ്റൻ ആയുഷ് മാത്രെ എന്നിവർ മൂന്നു വിക്കറ്റു വീതം വീഴ്ത്തിയപ്പോൾ ആർ.എസ്.അംബരിഷ് രണ്ടു വിക്കറ്റും ഹെനിൽ പട്ടേൽ, ഖിലൻ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. സിംബാബ്‌വെയുടെ അവസാന ആറു വിക്കറ്റുകൾ വെറും ആറു റൺസിനിടെയാണ് നഷ്ടമായത്. അർധസെഞ്ചറി നേടിയ ലീറോയ് ചിവൗള (77 പന്തിൽ 62) ആണ് അവരുടെ ടോപ് സ്കോറർ.

മറുപടി ബാറ്റിങ്ങിൽ, ആദ്യ ഓവറിൽ തന്നെ അവർക്ക് ഓപ്പണർ നഥാനിയേൽ ഹ്ലബംഗാനയെ (0) നഷ്ടമായി. പവർപ്ലേ അവസാനിക്കുന്നതിനു മുൻപു തന്നെ രണ്ടു വിക്കറ്റുകൾ കൂടി വീണു. നാലാം വിക്കറ്റിൽ കിയാൻ ബ്ലിഗ്നോട്ട് (73 പന്തിൽ 37)– ലീറോയ് ചിവൗള സഖ്യം നേടിയ 69 റൺസും അഞ്ചാം വിക്കറ്റിൽ ടറ്റെൻഡ ചിമുഗോറോ– ലീറോയ് ചിവൗള സഖ്യം നേടിയ 49 റൺസുമാണ് സിംബാബ്‌വയെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. അഞ്ചാമനായി ചിവൗള വീണതോടെ പിന്നീട് ആറു റൺസിനിടെ ബാക്കി വിക്കറ്റുകളും വീഴുകയായിരുന്നു.

വിഹാൻ വൈഭവം!ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 352 റൺസെടുത്തത്. സെഞ്ചറി നേടി പുറത്താകാതെ നിന്ന വിഹാൻ മൽഹോത്ര (107 പന്തിൽ 109*), അർധസെഞ്ചറി നേടിയ ഓപ്പണർ വൈഭവ് സൂര്യവംശി (30 പന്തിൽ 52*), വിക്കറ്റ് കീപ്പർ അഭിഗ്യാൻ കുണ്ഡു (62 പന്തിൽ 61), അവസാന ഓവറുകളിൽ തകർത്തടിച്ച് ഖിലൻ പട്ടേൽ (12 പന്തിൽ 30) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ നേടിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക്, ഓപ്പണർമാരായ മലയാളി ആരോൺ ജോർജും (16 പന്തിൽ 23), വൈഭവ് സൂര്യവംശിയും (30 പന്തിൽ 52) ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. ആദ്യ ഓവറുകൾ മുതൽ ഇരുവരും ബൗണ്ടറികൾ പായിച്ചതോടെ ഇന്ത്യൻ സ്കോർബോർഡ് അതിവേഗം ചലിച്ചു. എന്നാൽ നന്നായി തുടങ്ങിയെങ്കിലും നീണ്ട ഇന്നിങ്സ് കളിക്കാൻ ആരോണിന് ആയില്ല. അഞ്ചാം ഓവറിൽ ആരോൺ വീണു. ഒരു സിക്സും രണ്ടു ഫോറുമാണ് ആരോണിന്റെ ബാറ്റിൽനിന്നു പിറന്നത്. പിന്നാലെയെത്തിയത് ക്യാപ്റ്റൻ ആയുഷ് മാത്രെ. പതിവു രീതിയിൽ തകർത്തടിച്ച വൈഭവ് സൂര്യവംശി, 24 പന്തിലാണ് അർധസെഞ്ചറി തികച്ചത്. അണ്ടർ 19 ലോകകപ്പിൽ വേഗമേറിയ മൂന്നാമത്തെ അർധസെഞ്ചറിയാണ് ഇത്. പവർപ്ലേ അവസാനിക്കുമ്പോൾ 1നു 99 എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാൽ തൊട്ടടുത്ത ഓവറിൽ ആയുഷ് മാത്രെയും(19 പന്തിൽ 21) വൈഭവും പുറത്തായത് ഇന്ത്യയ്ക്ക് ഇരട്ടി പ്രഹരമായി.

പിന്നീടെത്തിയ വേദാന്ത് ത്രിവേദിക്ക്(18 പന്തിൽ 15) കാര്യമായ സംഭാവന നൽകാനായില്ലെങ്കിലും അഞ്ചാം വിക്കറ്റിലൊന്നിച്ച വിഹാൻ മൽഹോത്ര– അഭിഗ്യാൻ കുണ്ഡു സഖ്യം ഇന്ത്യൻ ഇന്നിങ്സിനെ തോളിലേറ്റുകയായിരുന്നു. തനത് ഏകദിന ശൈലിയിൽ ബാറ്റു വീശിയ ഇരുവരും വിക്കറ്റ് പോകാതെ കാത്തു. 17–ാം ഓവറിൽ ഒന്നിച്ച ഇരുവരും 36–ാം ഓവറിലാണ് പിരിയുന്നത്. അപ്പോഴേക്കും 113 റൺസ് കൂട്ടിച്ചേർത്തിരുന്നു. അർധസെഞ്ചറി നേടിയ അഭിഗ്യാൻ കുണ്ഡുവാണ് പുറത്തായത്.

പിന്നീട് മറുവശത്ത് വിക്കറ്റുകൾ വീണെങ്കിലും പിടിച്ചുനിന്ന വിഹാൻ മൽഹോത്ര, 49–ാം ഓവറിലാണ് സെഞ്ചറി തികച്ചത്. ഏഴു ഫോർ അടങ്ങുന്നതായിരുന്നു വിഹാന്റെ ക്ലാസ് ഇന്നിങ്സ്. പത്താമനായി ക്രീസിലെത്തി, മൂന്നു സിക്സും ഒരു ഫോറും സഹിതം 12 പന്തിൽ 30 റൺസെടുത്ത ഖിലൻ പട്ടേലിന്റെ ബാറ്റിങ്ങാണ് ഇന്ത്യൻ സ്കോർ 350 കടത്തിയത്. സിംബാബ്‌വെയ്‌ക്കായി ടറ്റെൻഡ ചിമുഗോറോ മൂന്നു വിക്കറ്റും പനാഷെ മസായ്, ക്യാപ്റ്റൻ സിംബരാഷെ മുഡ്‌സെൻഗെരെരെ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

English Summary:

U19 World Cup 2026: India vs Zimbabwe LIVE Score

Read Entire Article