അതിവേഗം ഒരു ഗോൾ, എന്തൊക്കെ ചെയ്തിട്ടും സ്കോട്‌ലൻഡിനെ അടുപ്പിക്കാതെ മൊറോക്കോ, അരികെയുണ്ട് നോക്കൗട്ട്

1 month ago 5

കാർത്തിക്ക് തെക്കേമഠം

കാർത്തിക്ക് തെക്കേമഠം

Published: June 20, 2026 06:04 AM IST Updated: June 20, 2026 06:10 AM IST

2 minute Read

FBL-WC-2026-MATCH30-SCO-MAR
ഗോൾ നേട്ടം ആഘോഷിക്കുന്ന മൊറോക്കോ താരങ്ങൾ. Photo: AFP

രണ്ടാം മിനിറ്റിൽ ഈ ലോകകപ്പിലെ ഏറ്റവും വേഗത്തിലുള്ള ഗോൾ പിറന്നതാണ്. പിന്നീടുള്ള 88 മിനിറ്റുകളും ഒപ്പം കിട്ടിയ ഇൻജറി ടൈമും നീണ്ട ശൂന്യത. ഒടുവിൽ സ്കോട്‍ലൻഡിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപിച്ച് മൊറോക്കോയ്ക്കു ലോകകപ്പിലെ ആദ്യ വിജയം. ആദ്യ പകുതിയിൽ ബ്രസീലിനോട് സമനില വഴങ്ങിയ മൊറോക്കോ, ഈ വിജയത്തോടെ നാലു പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. തോറ്റെങ്കിലു‍ം ആദ്യ മത്സരത്തിൽ ഹെയ്റ്റിയെ കീഴടക്കിയ സ്കോട്‍ലൻഡിന് മൂന്നു പോയിന്റുണ്ട്. പന്തടക്കത്തിലും പാസുകളിലും ഷോട്ടുകളിലുമെല്ലാം വലിയ മേൽക്കൈ സ്വന്തമാക്കിയാണ് മൊറോക്കോ വിജയം പിടിച്ചെടുത്തത്. രണ്ടാം പകുതിയിൽ തുടർച്ചയായി ഗോളുകൾക്കു ശ്രമിച്ചതൊഴിച്ചാൽ, സ്കോട്‌ലൻഡിന് അവകാശപ്പെടാൻ മറ്റൊന്നുമില്ല.

What you should work next

അതിവേഗം ഒരു ഗോൾ

2026 ലോകകപ്പിലെ ഇതുവരെയുള്ളതിൽ വേഗതയേറിയ ഗോളുമായാണ് മൊറോക്കോ സ്കോട്‍ലൻഡിനെ കളിയിലേക്കു സ്വീകരിച്ചത്. കളി തുടങ്ങി 71 സെക്കൻഡിലായിരുന്നു (1 മിനിറ്റ് 11 സെക്കൻഡ്) മൊറോക്കൻ മിഡ്ഫീൽഡർ ഇസ്‍മായിൽ സയ്ബാരി സ്കോട്‍ലൻഡിന്റെ വല കുലുക്കിയത്. കിക്കോഫിനു പിന്നാലെ ചടുലമായ നീക്കങ്ങളിലൂടെ മൊറോക്കോ സ്കോട്‍ലൻഡിനെ ഞെട്ടിക്കുകയായിരുന്നു. മധ്യവരയ്ക്കു സമീപത്തുനിന്ന് ബ്രാഹിം ‍ഡിയാസ് ബോക്സിലേക്കു നീട്ടിനൽകിയ പന്ത് സയ്ബാരി പിടിച്ചെടുക്കുകയായിരുന്നു. ബോക്സിന്റെ വലതു ഭാഗത്തുകൂടെ അതിവേഗ നീക്കം നടത്തിയ സയ്ബാരി ഗോൾ കീപ്പർ ആംഗസ് ഗണ്ണിനെ മറികടന്ന് ലക്ഷ്യം കണ്ടു. സ്കോട്‍ലൻ‌ഡ് പ്രതിരോധതാരങ്ങൾക്കും സയ്ബാരിയെ തടയാൻ സാധിച്ചില്ല. സ്കോർ 1–0.

What you should work next

മത്സരത്തിന്റെ 17–ാം മിനിറ്റിൽ മൊറോക്കോ താരം അച്റഫ് ഹക്കീമി മൊറോക്കോയുടെ ലീഡ് രണ്ടാക്കാൻ ശ്രമം നടത്തിയെങ്കിലും സ്കോട്ടിഷ് ഗോളി ആംഗസ് ഗണ്‍ രക്ഷപെടുത്തി. പിന്നാലെ ഹക്കിമിയുടെ കോർണർകിക്കില്‍ അയൂബ് ബുവാദിയുടെ ഗോൾ ശ്രമവും പരാജയപ്പെട്ടു. 24 മിനിറ്റിൽ ഹൈഡ്രേഷൻ ബ്രേക്ക് വരുന്നതു വരെ സ്കോട്‍ലൻഡ് മുന്നേറ്റ നിരയില്‍നിന്ന് മികച്ചൊരു അവസരവും ഉണ്ടായിരുന്നില്ല. ഫിഫ റാങ്കിങ്ങില്‍ ബ്രസീലിനും പോർച്ചുഗലിനും മുകളിൽ അഞ്ചാം സ്ഥാനം അലങ്കരിക്കുന്ന മൊറോക്കോയെ തടഞ്ഞുനിർത്തുകയെന്നത് 40–ാം റാങ്കുകാരായ സ്കോട്‍ലൻഡിന് ഒട്ടും എളുപ്പമായിരുന്നില്ല. 30–ാം മിനിറ്റിൽ ബോക്സിന് അകത്തുനിന്നും മൊറോക്കോ താരം നെയ്ൽ അയ്നൗബി എടുത്ത ഷോട്ട് സ്കോ‍ട്‍ലൻഡ് പോസ്റ്റിനു മുകളിലൂടെ പുറത്തേക്കു പോയി. ആദ്യ പകുതിയിൽ മൊറോക്കോ താരങ്ങളായ ഇസ്മായില്‍ സയ്ബാരിയും ബ്രാഹിം ഡ‍യസും നടത്തുന്ന അപകടകരമായ നീക്കങ്ങൾ തുടർച്ചയായി സ്കോട്ടിഷ് ഗോൾമുഖത്തെ വിറപ്പിച്ചു. ആദ്യ പകുതിയിലെ അഞ്ച് മിനിറ്റ് അധിക സമയത്ത് സ്കോട്‍ലൻഡ് താരം ജോൺ മകിന്നും തൊട്ടുപിന്നാലെ കിയറൻ ടിയർണിയും ഗോൾ നീക്കങ്ങൾ നടത്തിയെങ്കിലും സ്കോട്ടിഷ് പടയുടെ സമനില ഗോൾ അകന്നുനിന്നു. 

ഗോളില്ലാ രണ്ടാം പകുതി

രണ്ടാം പകുതിയിലും സ്കോട്ടിഷ് ഗോൾ കീപ്പർ ആംഗസ് ഗണ്ണിന് പിടിപ്പത് പണിയായിരുന്നു. 50–ാം മിനിറ്റിൽ മൊറോക്കോയുടെ ഗോൾ നീക്കമെത്തി. എൽ ബിലാൽ ഖാന്നൂസിന്റെ പാസിൽ രണ്ടാം ഗോൾ നേടാനുള്ള ഇസ്മായിൽ സയ്ബാരിയുടെ ശ്രമം ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. പിന്നാലെ 52–ാം മിനിറ്റിൽ ബിലാൽ ഖാന്നൂസിന്റെ തകർപ്പൻ ഹെഡറും സ്കോട്ടിഷ് ഗോളി പ്രതിരോധിച്ചു. 58–ാം മിനിറ്റിൽ സ്കോട്‍ലൻഡ് ബോക്സിൽനിന്ന് മൊറോക്കോ താരം ബ്രാഹിം ഡയസിന്റെ ഗോൾ നീക്കം. പക്ഷേ ജാക് ഹെൻറിയുടെ പ്രതിരോധത്തിൽ മൊറോക്കോയ്ക്ക് രണ്ടാം ഗോൾ അകന്നുനിന്നു. സമനില പിടിക്കുക ലക്ഷ്യമിട്ട് 60–ാം മിനിറ്റിൽ വിങ്ങർ ബെൻ ഗാനോൻ ദോകിനെ സ്കോട്‍ലൻഡ് പകരക്കാരനായി ഇറക്കി. പ്രതിരോധ താരം കിയറൻ ടിയർണിയെ പിൻവലിച്ചാണ് മുൻനിര താരത്തെ സ്കോട്ട്ലൻഡ് കളിപ്പിക്കുന്നത്. 

64–ാം മിനിറ്റിൽ സ്കോട്ട്ലൻഡ് താരം റയാൻ ക്രിസ്റ്റിയുടെ ഗോൾ നീക്കം ലക്ഷ്യത്തിലെത്താതെ പോയി. 71–ാം മിനിറ്റിൽ ലിൻഡൻ ഡൈക്സും സ്കോട്‌‍ലന്‍ഡിനായി ഇറങ്ങി. ഒൻപതു രാജ്യാന്തര ഗോൾ നേടിയ താരത്തിനെ കൊണ്ടുവന്ന് സമനില പിടിക്കാനായിരുന്നു അവസാന 30 മിനിറ്റുകളിൽ  സ്കോട്‍ലൻഡ് ശ്രമിച്ചത്. എന്നാല്‍ ഈ നീക്കം പ്രതീക്ഷിച്ച ഗുണം ചെയ്തില്ല. 80–ാം മിനിറ്റിൽ സ്കോട്ട് മക്ടോമിനെയും പിന്നാലെ ലിൻ‍ഡൻ ഡൈക്സും ഗോളുകൾക്കു ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. രണ്ടാം പകുതിയിൽ ആറു മിനിറ്റായിരുന്നു ഇൻജറി ടൈം. അവസാന മിനിറ്റുകളിൽ മൊറോക്കോ താരങ്ങൾ പന്ത് നിയന്ത്രിച്ചു കളിച്ചതോടെ സ്കോട്‍ലൻഡിന്റെ സമനില ഗോളിനായുള്ള പ്രതീക്ഷകളും അവസാനിച്ചു. 

English Summary:

Morocco Clinches First World Cup Win with Historic Fastest Goal Against Scotland

Read Entire Article