അഭിഷേക് (പൂജ്യം),ക്യാപ്റ്റൻ സൂര്യ (എട്ട്),പാണ്ഡ്യ (രണ്ട്); തോൽവിയിൽ കുറ്റം മുഴുവൻ സഞ്ജുവിന്, ഗില്ലിനെ കൊണ്ടുവരണമെന്നും ആവശ്യം

1 month ago 7

ഓൺലൈൻ ഡെസ്ക്

Published: January 29, 2026 02:49 PM IST

1 minute Read

 Sajjad Hussain/AFP
സഞ്ജു സാംസൺ. Photo: Sajjad Hussain/AFP

Follow Us

Facebook

WhatsApp

വിശാഖപട്ടണം∙ ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി20യിലും വലിയ സ്കോർ കണ്ടെത്താൻ സാധിക്കാതെ പോയതോടെ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിനെതിരെ രൂക്ഷവിമർശനം. സഞ്ജു കണ്ണുംപൂട്ടി അടിയുടെ ആളാണെന്നും പരിശീലകൻ ഗൗതം ഗംഭീറുമായുള്ള അടുപ്പത്തിന്റെ ബലത്തിൽ മാത്രമാണു ടീമിൽ തുടരുന്നതെന്നും ഒരു വിഭാഗം ആരാധകർ തുറന്നടിച്ചു. സഞ്ജുവിനു പകരം ശുഭ്മൻ ഗില്ലിനെയോ, യശസ്വി ജയ്സ്വാളിനെയോ കളിപ്പിക്കണമെന്നും ട്വന്റി20 ലോകകപ്പിൽ ഇഷാൻ കിഷനെ പ്രധാന വിക്കറ്റ് കീപ്പറാക്കണമെന്നും ആവശ്യമുയർന്നുകഴിഞ്ഞു.

നാലാം മത്സരത്തിൽ 15 പന്തുകളിൽനിന്ന് 24 റൺസെടുത്തെങ്കിലും മികച്ച തുടക്കം മുതലാക്കാൻ സഞ്ജുവിനു സാധിച്ചിരുന്നില്ല. കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെ പന്തിൽ താരം ബോൾഡാകുകയായിരുന്നു. ഒരു സിക്സും മൂന്നു ഫോറുകളും ബൗണ്ടറി കടത്തിയ സഞ്ജുവിന്റെ പുറത്താകലിൽ പരിശീലകൻ ഗംഭീറും ശ്രേയസ് അയ്യർ ഉൾപ്പടെയുള്ള താരങ്ങളും ഡഗ് ഔട്ടിൽ ഇരുന്നു നിരാശ പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. 23 പന്തിൽ 65 റൺസെടുത്ത ശിവം ദുബെയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഉൾപ്പടെ ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയപ്പോഴും സമൂഹമാധ്യമങ്ങളിൽ സഞ്ജുവിനെ ഉന്നമിട്ടാണ് വിമർശനങ്ങളെന്നതും ശ്രദ്ധേയമാണ്.

അഭിഷേക് ശർമ (പൂജ്യം),  സൂര്യകുമാർ യാദവ് (എട്ട്), ഹാർദിക് പാണ്ഡ്യ (രണ്ട്), ഹർഷിത് റാണ (ഒൻപത്) എന്നീ ബാറ്റർമാരും ബാറ്റിങ് പിച്ചെന്ന വിശേഷണമുള്ള വിശാഖപട്ടണത്ത് നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു. യുവതാരം ഇഷാൻ കിഷന് പരുക്കേറ്റതോടെ താരത്തെ പ്ലേയിങ് ഇലവനിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതോടെ ഇന്ത്യൻ നിരയിൽ ഒരു ബാറ്ററുടെ കുറവു വന്നു. അർഷ്ദീപ് സിങ്ങാണ് ഇഷാന്റെ പകരക്കാരനായി പ്ലേയിങ് ഇലവനിൽ കളിച്ചത്.

മത്സരത്തിൽ ഇന്ത്യ 50 റൺസ് തോൽവി വഴങ്ങിയതോടെയാണു സഞ്ജുവിനെതിരെ വിമർശനം കടുത്തത്. ട്വന്റി20 ലോകകപ്പ് പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചില്ലെങ്കിലും ഇനി ആരെയും കുറ്റം പറയാൻ കഴിയില്ലെന്നും ആരാധകർ പറയുന്നു. ട്വന്റി20 പരമ്പരയിലെ നാലു മത്സരങ്ങളിൽനിന്ന് 40 റൺസ് മാത്രമാണ് സഞ്ജു ഇതുവരെ നേടിയത്. പവർപ്ലേ തീരും മുൻപേ താരം പുറത്തായി മടങ്ങുന്നതാണ് ഇന്ത്യൻ ടീം മാനേജ്മെന്റിനെ കൂടുതൽ സമ്മർദത്തിലാക്കുന്നത്. ട്വന്റി20യിൽ ഒടുവിൽ കളിച്ച 15 മത്സരങ്ങളിൽ ഒരു അർധ സെഞ്ചറി മാത്രമാണ് സഞ്ജു നേടിയത്. 31ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ലോകകപ്പിനു മുൻപുള്ള ഇന്ത്യയുടെ അവസാന ട്വന്റി20 മത്സരം. ജന്മനാടായ തിരുവനന്തപുരത്ത് സഞ്ജു തിളങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

English Summary:

Sanju Samson is facing terrible disapproval aft failing to people large successful the 4th T20 against New Zealand. This disapproval is amplified by fans suggesting alternatives for the T20 World Cup and questioning his spot successful the team.

Read Entire Article